Thursday, April 29, 2010

അക്ഷരാര്‍ത്ഥത്തില്‍ 'കണ്ണീര്‍ തടാകം' (ഒക്ടോബര്‍ ഒന്ന് )2009

ഈ ദുരന്തത്തിനു മുന്നില്‍ വാക്കുകള്‍ നിശബ്ദമാവുന്നു, മരണം വാചാലവും
*****
*****
*****
*****
*****
*****
*****
*****

ഈ ഇറ്റലിക്കാരന്‍ ഇന്ത്യയുടെ മരുമകനോ? (സെപ്തംബര്‍ 30) 2009

ക്വത്‌റോച്ചിയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലെ പണം ബൊഫോഴ്‌സ്‌ കോഴയാണെന്നു സ്ഥിരീകരിക്കാനായില്ലെന്ന്‌ സി ബി ഐ ബ്രിട്ടീഷ്‌ അധികൃതരെ അറിയിച്ചതിനെ തുടന്ന് 2006 ജനവരി ഏഴിനാണ് അയാളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്. ആ നീക്കത്തെ എതിര്‍ത്ത് സുപ്രീംകോടതിയെ സമീപിച്ച അജയ് അഗര്‍വാള്‍ ഒട്ടാവിയോ ക്വത്റോച്ചിയെ രാജ്യത്തിന്‍റെ മരുമകനെന്ന രീതിയിലാണ് യുപിഎ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ആ കുറ്റപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് ബോഫോഴ്സ് കേസിലെ ഒന്ന്- രണ്ട് യുപിഎ സര്‍ക്കാരുടെ നിലപാടുകള്‍. അതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബോഫോഴ്സ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്.

ക്വത്റോച്ചിക്കെതിരായ പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിലുളള ബഞ്ച് മുമ്പാകെ രണ്ടു കാരണങ്ങളാണ് നിരത്തിയത്.

1. ക്വത്ത്‌റോച്ചിയെ ഇന്ത്യയില്‍ എത്തിക്കാന്‍ സി.ബി.ഐ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

2. ബോഫോഴ്‌സ് വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുളള ഒരുകേസും നിലവിലില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.

സര്‍ക്കാരിന്‍റെ വിശദമായ വാദം ഡിസംബര്‍ 11ന് മാത്രമേ പരിഗണിക്കൂ എന്നും യുപിഎയുടെ ഈ രാഷ്‍‍ട്രീയ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനിടയുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സ്വീഡിഷ് കമ്പനിയായ ബോഫോഴ്സില്‍ നിന്ന് 400 പീരങ്കി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1500 കോടിയുടെ കരാര്‍ . ഈ കരാര്‍ ലഭിക്കുന്നതിനായി 64 കോടി കോഴയായി നല്‍കിയെന്നും. ഇതില്‍ 21കോടിയും കരാറിന്‍റെ ദല്ലാളായി പ്രവര്‍ത്തിച്ചിരുന്ന ക്വട്ട്റോച്ചിക്ക് ലഭിച്ചെന്നുമായിരുന്നു കേസ്.(ദേശാഭിമാനി)

  • ഏപ്രില്‍ 16, 1987- കരാര്‍ നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബൊഫോഴ്‌സ്‌ കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ്‌ റേഡിയോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
  • ജനവരി 22, 1990-ബൊഫോഴ്‌സ്‌ കേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തെങ്കിലും ആദ്യ കുറ്റ പത്രം സമര്‍പ്പിക്കുന്നത് 1999 ഒക്ടോബര്‍ 22ന്.
  • ഒട്ടാവിയോ ക്വത്‌റോച്ചി, ബൊഫോഴ്‌സ്‌ കമ്പനി ഏജന്റ്‌ വിന്‍ ഛദ്ദ, ബൊഫോഴ്‌സ്‌ കമ്പനി മേധാവിയായിരുന്ന മാര്‍ട്ടിന്‍ അര്‍ബോ, മുന്‍ പ്രതിരോധ സെക്രട്ടറി എസ്‌.കെ. ഭട്‌നഗര്‍ എന്നിവരായിരുന്നു പ്രതികള്‍. ഒപ്പം ‘വിചാരണ ചെയ്യാന്‍ പറ്റാത്ത പ്രതി‘യായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയും.
  • ക്വത്‌റോച്ചിയുടെ മരവിപ്പിച്ച ബാങ്ക്‌ അക്കൗണ്ടുകളിലെ പണം ബൊഫോഴ്‌സ്‌ കോഴയാണെന്നു സ്ഥിരീകരിക്കാനായില്ലെന്ന്‌ സി.ബി.ഐ. ബ്രിട്ടീഷ്‌ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് 2006 ജനവരി ഏഴിന് ക്വത്‌റോച്ചിയുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്.
  • 2007 ഫിബ്രവരി ആറിന് - ക്വത്‌റോച്ചി അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും അയാളെ ഇന്ത്യയിലെത്തിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല
  • ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിന് മൂന്നാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ 2008 ഏപ്രില്‍ 28ന് പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയില്‍ നിന്ന്(ഇന്‍റര്‍പോളിന്‍റെ റെഡ്കോര്‍ണര്‍ പട്ടിക) ക്വത്റോച്ചിയുടെ പേര് നീക്കം ചെയ്യാന്‍ സിബിഐ ഇന്‍ര്‍പോളിനോട് ആവശ്യപ്പെടുന്നത്.
  • ഇപ്പോഴിതാ രണ്ടാം യുപിഎ സര്‍ക്കാര്‍ ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു.

ഇത്രയേറെ ആനുകൂല്യങ്ങള്‍ ഒരു കുറ്റാരോപിതന് അനുവദിക്കുമ്പോള്‍ അജയ് അഗര്‍വാളിന്‍റേതുപോലെ ഒട്ടോവിയോ ക്വത്റോച്ചി നമ്മുടെ രാജ്യത്തിന്‍റെ മരുമകനാണോ എന്ന സംശയം തോന്നാതിരിക്കുന്നാല്‍ അവിടെയാണ് തെറ്റ്.

കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ ഹൈക്കമാണ്ടര്‍ സോണിയ ഗാന്ധിയുടെ കുടുംബ സുഹൃത്താണെന്നത് ക്വത്റോച്ചിയെ രക്ഷിക്കാന്‍ സഹായിച്ചിരിക്കാം. എന്നാല്‍ അതിനേക്കാളും രാജീവ് ഗാന്ധി പ്രതിയാണ് എന്നതായിരിക്കണം ക്വത്റോച്ചിയെ രക്ഷിച്ചത്.

പോള്‍ ‘വധം’: പ്രതികള്‍ പ്രഭാവര്‍മ്മ, പിഎം മനോജ്, എന്‍ മാധവന്‍കുട്ടി (സെപ്റ്റംബര്‍ 26) 2009

സെപ്തംബര്‍ 24നാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ സെബാസ്റ്റ്യന്‍ പോളിന് ചരമക്കുറിപ്പെഴുതുന്നത്. സെബാസ്റ്റ്യന്‍ പോളിനേയും മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്‍റേയും പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ഇത്തരത്തില്‍ ഒരു ചരമക്കുറിപ്പ് വരുന്നുണ്ട് എന്നതിന്‍റെ സൂചന സെപ്തംബര്‍ 21ന് തന്നെ ശതമന്യു(പിഎം മനോജ്) ഉളളതുപറഞ്ഞാല്‍ എന്ന കോളത്തിലൂടെ നല്‍കിയിരുന്നു.
“ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്യന്‍ പോള്‍, രാംകുമാര്‍, ബാര്‍പീ ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്”വിശുദ്ധ മാധ്യമപശുക്കള്‍
ഇതിനുശേഷം സെപ്തംബര്‍ 24ന് സത്യം അറിയാനുളള സ്വാതന്ത്ര്യം ആര് സംരക്ഷിക്കും എന്ന തലക്കെട്ടില്‍ പ്രഭാവര്‍മ്മയും ഇതോ മാധ്യമധര്‍മ്മം എന്ന തലക്കെട്ടില്‍ പേരില്ലാ ലേഖകനും ദേശാഭിമാനിയില്‍ എഴുതുന്നത്.
ഇതോടെ സെബാസ്റ്റ്യന്‍ പോള്‍ പരസ്യമായി മാധ്യമങ്ങളിലൂടെ സിപിഐഎമ്മിന്‍റെ പലനിലപാടുകളോടുമുളള വിയോജിപ്പ് പരസ്യമാക്കുകയായിരുന്നു.

സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനത്തിലെ വിവാദ പരാമര്‍ശങ്ങള്‍

  • മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു വിരട്ടുകയെങ്കിലും വേണമെന്ന് നാടുവാഴികള്‍ സ്ഥിരമായി പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ആവശ്യമാണോ?
  • പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും പിണറായി വിട്ടുവീഴ്ചയ്ക്കില്ല. സിന്‍ഡിക്കേറ്റ് മുതല്‍ ദിവ്യദൃഷ്ടി വരെ മാധ്യമപദാവലിയിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു.
  • സോവിയറ്റ് വിപ്ലവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്ത്വത്തിന്റെ കേരളത്തിലെ ആവിഷ്‌കാരമാണ് ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും.
  • പത്രത്തെ പത്രം കൊണ്ടും ചാനലിനെ ചാനല്‍ കൊണ്ടും പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എല്ലായ്‌പോഴും കഴിയില്ല.

സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം -> സത്യാന്വേഷണം തുടരട്ടെ - മാതൃഭൂമി

പിണറായിക്ക് വെര്‍ട്ടിഗോ? (സെപ്തംബര്‍ 24) 2009

1958ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ പേരാണ് ‘വെര്‍ട്ടിഗോ’. ഭാര്യയെ അകാരണമായി സംശയിക്കുന്ന ഒരു റിട്ടയേഡ് പോലീസ് ഡിറ്റക്ടീവിന്‍റെ കഥയാണിത്. അകാരണമായ ഭയമാണ് (അക്രോഫോബിയ) ഹിച്കോക്കിന്‍റെ സിനിമയിലെ യഥാര്‍ത്ഥ നായകന്‍.

ഹിച്ച്കോക്കിന്‍റെ സിനിമയുടെ അതേ പേരുളള രോഗമാണ് പിണറായിക്കെന്നാണ് മലയാള മനോരമ സൂചന നല്‍കിയിരിക്കുന്നത്. ഈ രോഗം മൂലമാണത്രേ പിണറായി കോടതിയില്‍ ഹാജരാകാഞ്ഞത്. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്‍റെ ഏറ്റക്കുറച്ചില്‍ മൂലം ശരീരത്തിന്‍റെ സമനില തെറ്റുന്ന രോഗമാണ് വെര്‍ട്ടിഗോ.

ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ താഴേക്ക് വീണു പോകുമോ എന്ന അകാരണമായ ഭയമാണ് വെര്‍ട്ടിഗോയുടെ പ്രധാന ലക്ഷണം. ചുരുക്കത്തില്‍ ശരീരത്തിന്‍റെ തുലനനില തെറ്റിക്കുന്ന രോഗം.

തെറ്റിദ്ധരിക്കരുത്, പിണറായിക്ക് അക്രോഫോബിയയാണെന്നല്ല പറഞ്ഞു വരുന്നത്. പിണറായിയുടെ ഭയത്തിനുപിന്നില്‍ കൃത്യമായ കാരണമുണ്ട്. കോടതിയില്‍ പോയി മാധ്യമപ്രവര്‍ത്തകരെകണ്ട് നിലതെറ്റാന്‍ പിണറായിക്ക് മനസില്ല. അതുതന്നെ കാരണം.

അതേസമയം കോടതി നിര്‍ദ്ദേശിച്ച അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നടത്തുന്നത് അപക്വമാണെന്നാണ് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുളളത്.

വീരനും മാതൃഭൂമിയും യുഡിഎഫില്‍ ഒപ്പിട്ടു (സെപ്തംബര്‍ 23) 2009

രുപത്തേഴു വര്‍ഷം നീണ്ട ഇടതു മുന്നണി ബന്ധം അവസാനിപ്പിച്ച് ജനതാദള്‍ വീരന്‍ പക്ഷം വലതുമുന്നണിയില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. “കെ.എം. മാണിക്കും എം.വി. രാഘവനും അടുത്തുള്ള കസേരയില്‍ അവര്‍ എം.പി. വീരേന്ദ്രകുമാറിനെ ആനയിച്ചിരുത്തി. തുടര്‍ന്ന്‌ യു.ഡി.എഫിന്റെ ഭാഗമാകുന്ന ചരിത്രരേഖയില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒപ്പുവച്ചപ്പോള്‍ ഹാളില്‍ വീണ്ടും കരഘോഷമുയര്‍ന്നു” ഇങ്ങനെയൊക്കെയാണ് മാതൃഭൂമി സംഭവത്തെ വിശദീകരിച്ചിരിക്കുന്നത്.

വീരന്‍പക്ഷം യുഡിഎഫില്‍ ഒപ്പിട്ടു കയറിയതിനുശേഷം ആദ്യ വെടി പൊട്ടിച്ചത്കോണ്‍ഗ്രസ് നേതാവായ കെകെ രാമചന്ദ്രന്‍ മാസ്റ്ററാണ് . വീരേന്ദ്രകുമാര്‍ ജനതാദളിന് ഹോംഗ്രൗണ്ടായ വയനാട്ടില്‍ പോലും 2000 മുതല്‍ 3000 വോട്ടുകള്‍ മാത്രമേ ഉളളൂ എന്നാണ് അദ്ദേഹം ഉന്നയിച്ച ചെറുതല്ലാത്ത ആരോപണം.(2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ് കുമാര്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ 1841വോട്ടുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു എന്നത് വേറെ കാര്യം)

ജനതാദളിന് പഴയ വീര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് അതില്‍തന്നെ കോണ്‍ഗ്രസുകാര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് വല്ലാതെ ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്? പറയാന്‍ 127 വര്‍ഷത്തെ പാരമ്പര്യമുണ്ടെങ്കിലും നാലാള്‍ വായിക്കുന്ന ഒരു പാര്‍ട്ടി പത്രമെന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സ്വപ്നത്തില്‍ പോലുമില്ല.

കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പത്രമായില്ലെങ്കിലും മനോരമയെപ്പോലെ എല്ലാം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രമാക്കി മാതൃഭൂമിയെ മാറ്റാന്‍ കഴിഞ്ഞാല്‍ . ഹൊ ആലോചിക്കുമ്പൊഴേ എല്ലാ കോണ്‍ഗ്രസുകാരനും രോമാഞ്ചം വരേണ്ടതാണ്. ജനതാദളിലെ വീരേന്ദ്രകുമാര്‍ പക്ഷത്തിന്‍റെ വോട്ടു കണ്ടിട്ടല്ല 94,44,000 വായനക്കാരുളള മാതൃഭൂമിയെ കണ്ടിട്ടാണ് കോണ്‍ഗ്രസുകാര്‍ ഇത്ര വെളുക്കെ ചിരിക്കുന്നത്. നാലാള്‍ വായിക്കുന്ന മാതൃഭൂമി തന്നെയാണ് വീരേന്ദ്രകുമാറിന്‍റെ തുറുപ്പുചീട്ടും.

പിന്നെ, പി പി തങ്കച്ചന്‍ പറയുന്നത്ര സുഖകരമൊന്നുമായിരിക്കില്ല ജനതാദളിന്‍റെ യുഡിഎഫിലെ ഭാവി. ഇടതു മുന്നണിയില്‍ 2001വരെ 12 നിയമസഭാ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയാണ് ജനതാദള്‍ യു. ഇപ്പോള്‍ മെലിഞ്ഞെങ്കിലും പത്ത് സീറ്റില്‍ കുറയാതെ ജനതാദളിന് ആവശ്യപ്പെടാം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ വിജയിച്ചത് വടകര, പെരിങ്ങളം, കല്‍പറ്റ, തിരുവല്ല, അങ്കമാലി സീറ്റുകളിലായിരുന്നു. ചിറ്റൂര്‍ ‍, തിരുവല്ല, കോവളം, മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ പരാജയപ്പെട്ടു.ഈ സീറ്റുകള്‍ നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ക്കായി ജനതാദള്‍ വിലപേശുമോ എന്നാണ് യുഡിഎഫിലെ ചെറുകക്ഷികളുടെ ആശങ്ക.

തിരുവല്ല സീറ്റ് യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതാണ്. അങ്കമാലി സീറ്റില്‍ കഴിഞ്ഞതവണ മല്‍സരിച്ചത് കോണ്‍ഗ്രസിന്റെ പി ജെ ജോയിയുമാണ്. മലപ്പുറം ലീഗിന്റെ സീറ്റും. കോവളം കോണ്‍ഗ്രസിന്റേതും.

തെക്കന്‍ മേഖലയില്‍ ജനതാദള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ അത് ദോഷം ചെയ്യുക ജേക്കബ്, പിള്ള, ജെ എസ് എസ്, ആര്‍ എസ് പി പാര്‍ട്ടികളെയാകും. അതുകൊണ്ടുതന്നെ യുഡിഎഫിലെ എല്ലാ ഘടകക്ഷികളും ജനതാദളിന്‍റെ മുന്നണി പ്രവേശത്തില്‍ അത്ര തൃ‍‍പ്‍‍തരല്ല.

രാഹുലിന്‍റെ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മന്ത്രി ബാലന്‍ (സെപ്തംബര്‍ 22‍) 2009



ലകുറി ആവര്‍ത്തിച്ചിട്ടുളള ഒരു വാഗ്ധാനമാണ് ദേശാഭിമാനിയുടെ പ്രധാന വാര്‍ത്ത > ആദിവാസി ഭൂമിവിതരണം നവംബര്‍ ഒന്നുമുതല്‍. അതിലും വലിയസംഭവമാണ് വാര്‍ത്തക്കുളളിലെ ഫോട്ടോ. മന്ത്രി ബാലന്‍ ആദിവാസി കുടിലില്‍ നിന്നും ഭക്ഷണം കഴിക്കുന്നു.

രാഹുല്‍ ഗാന്ധിയും എകെ ബാലനുമെല്ലാം അവരുടെ മനസിന്‍റെ വലിപ്പം കൊണ്ടു മാത്രമാണ് ആദിവാസികളെയും മറ്റ് അവശവിഭാഗങ്ങളെയും സന്ദര്‍ശിക്കുന്നതും, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും, ഒപ്പം ഉറങ്ങുന്നതും. കുപ്പിയിലും അളവിലുമെല്ലാം വ്യത്യസ്ഥതയുണ്ടാകാം, എന്നാലും എകെ ബാലനിലേയും രാഹുല്‍ ഗാന്ധിയിലേയും വീഞ്ഞിന് ഒരേ മണം ഒരേ ഗുണം ഒരേ ലക്ഷ്യം.

രാഹുല്‍ അമേത്തിയില്‍ ഒരു ശിവകുമാരിയുടെ കുടിലിലുറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അവിടേക്ക് മാധ്യമപടയോട്ടമാണ് ഉണ്ടായത്. എന്നാല്‍ ബാലന്‍ കുടിലിലുറങ്ങിയപ്പോള്‍ അതിന്‍റെ വാര്‍ത്താ മൂല്യം മനസിലാക്കാന്‍ ദേശാഭിമാനി ഒഴികെയുളള മലയാള മാധ്യമങ്ങള്‍ക്കായില്ല.

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത് ഒരു പ്രശ്നമല്ല അഞ്ചുലക്ഷത്തില്‍ താഴെ കോപ്പിയും മുപ്പതിനായിരത്തില്‍ താഴെ വായനക്കാരുമുളള ദേശാഭിമാനി ഒന്നാം പേജില്‍ പ്രധാനവാര്‍ത്തയാക്കിയിട്ടുണ്ട്. അതു പോരേ.

രാഹുല്‍ ഗാന്ധി വന്നു പോയതിനെക്കുറിച്ച്അന്ന് ശിവകുമാരി പറഞ്ഞതിങ്ങനെ. “അവര്‍ പെട്ടെന്നാണ് കുടിലിലേക്ക് കയറിവന്നത്. എന്നാ അതിനു മുമ്പ് തന്നെ ട്രസ്റ്റിന്‍റെ(രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്) ആളുകള്‍ വന്ന് കിടക്കയും തലയണയുമെല്ലാം കൊണ്ടുവെച്ചിരുന്നു. അവര്‍ പോയതിനുശേഷം ഒരു വണ്ടി വന്നു. കിടക്കയും തലയണയുമെല്ലാം കൊണ്ടു പോവുകയും ചെയ്തു”.

അങ്ങനെയാണ് ശിവകുമാരി വീണ്ടും ശിവകുമാരിയായത്. ശിവകുമാരിയെക്കുറിച്ചുളള പഴയ വാര്‍ത്ത ഇവിടെ നിന്നും വായിക്കാം>> നമ്മുടെ മന്ത്രിക്ക് ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അത്ര ടാലന്‍റായിട്ടില്ല.

യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17) 2009

പെട്ടെന്നൊരു ദിവസം ഖദര്‍ ഷര്‍ട്ടിട്ട് ചാക്കു നൂലു കെട്ടിമുറുക്കിയ മുണ്ടും ചുറ്റി രാഷ്‍ട്രീയക്കാരനായതിന്‍റെ എല്ലാ പോരായ്മകളും ശശി തരൂരിനുണ്ട്. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ ‘കന്നുകാലിക്ലാസ്’ പ്രയോഗം.

”ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ” എന്ന് ഒരാള്‍ ട്വിറ്ററിലൂടെ ചോദിച്ചതിന് ശശി തരൂര്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ”തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍” എന്നായിരുന്നു ട്വിറ്ററിലൂടെ തരൂരിന്‍റെ മറുപടി. പിന്നീട് അത് വിവാദമായപ്പോള്‍ ട്വിറ്ററില്‍ നിന്നേ നീക്കം ചെയ്തു.

മൂന്നു മാസത്തോളം നീണ്ട ശശിതരൂരിന്‍റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം ധനമന്ത്രി പ്രണബ്മുഖര്‍ജി നാണംകെട്ട് വാര്‍ത്താ സമ്മേളനം വിളിച്ചാണ് അവസാനിപ്പിച്ചത്. കേരളഹൗസില്‍ ജിം ഇല്ല, സ്വകാര്യത ഇല്ല എന്നെല്ലാമായിരുന്നു പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുന്നതിനായി തരൂര്‍ പറഞ്ഞിരുന്ന ഒഴികഴിവുകള്‍. ഒപ്പം നികുതിദായകന്‍റെ ചിലവിലല്ല ബില്ല് കൊടുക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ആ ശശിതരൂര്‍ എത്രകാലം നക്ഷത്രഹോട്ടലിനെ വിട്ട് ന്ത്യന്‍ നാവിക സേനയുടെ ഗസ്റ്റ്ഹൗസിലെ മെത്തയില്‍ കെടക്കുമെന്ന് കണ്ടറിയണം. സംഭവം മനോരമ മാത്രം പറ്റെ തമാശയാക്കികളഞ്ഞു. രാഷ്‍‍ട്രീയവുമായി പുലബന്ധമില്ലാത്ത തരൂരുകാരനെ പിടിച്ച് വിദേശകാര്യ സഹമന്ത്രിയാക്കി പ്രതിഷ്ഠിച്ച കോണ്‍ഗ്രസാണിപ്പൊള്‍ ശശിയായത്.

എന്‍റെ പിഴയെന്ന് പ്രതികള്‍ ,ആ സീഡിയേ പിഴയെന്ന് ദീപിക (സെപ്തംബര്‍ 15) - 2009

ണ്ടു വൈദികര്‍ പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്‍റില്‍ ചെന്നു. അവര്‍ക്ക് അകത്തു കടക്കാന്‍ പിന്‍വാതില്‍ ഒരു സിസ്റ്റര്‍ തുറന്നു കൊടുത്തു. ഇവരെ അരുതാത്ത രീതിയില്‍ കണ്ട മറ്റൊരു സിസ്റ്ററായ അഭയയെ തലക്കടിച്ച് കിണറ്റിലിട്ടു എന്നൊക്കെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതും പ്രതികളുടെ വെളിപ്പെടുത്തലുകളില്‍ നിന്നും ഉദ്ധരിച്ച്. ഇത്തരം ചില സന്ദിഗ്ധഘട്ടങ്ങളിലാണ് ദീപിക നസ്രാണി ദീപികയാവുക. വെളിപ്പെടുത്തലുകളടങ്ങിയ നാര്‍ക്കോ സിഡി കൂടി പുറത്തായതോടെ ദീപികക്ക് പതിവുപോലെ നസ്രാണിയാവാതെ നിവൃത്തിയില്ലാതായി.

അങ്ങനെ നാര്‍ക്കോ സിഡിയില്‍ നടത്തിയ എഡിറ്റിംഗിന് പുതിയ പേരിട്ടു അടിമുടി കൃത്രിമം. അതിനെക്കുറിച്ചായി ദീപിക വാര്‍ത്ത. എന്നാല്‍ നാര്‍ക്കോ സിഡിക്കകത്തെ വിവരങ്ങള്‍ പൂതൃക്കയിലിനേയും കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയാണെന്ന രീതിയിലാണ് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്(മാതൃഭൂമി, മലയാള മനോരമ, മാധ്യമം, മംഗളം, കേരളകൗമുദി). നാര്‍ക്കോ പരിശോധനക്കിടെ പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍.

ഫാ. ജോസ് പൂതൃക്കയില്‍ -

  • സിസ്റ്റര്‍ സെഫിയുമായി ആത്മബന്ധമാണുണ്ടായിരുന്നത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ച സമയത്താണ് കോണ്‍വെന്റില്‍ എത്തിയത്. കോണ്‍വെന്റിന്റെ പിന്‍വാതിലിലൂടെയാണ് എത്തിയത്
  • അഭയ തലയ്ക്ക് അടിയേറ്റാണ് വീണത്.
  • സി. അഭയയെ കൊലപ്പെടുത്തിയത് എങ്ങനെ? ആക്സ്”എന്ന് ഇംഗ്ലീഷിലും കോടാലി, കൂടം, ചുറ്റിക എന്നിങ്ങനെ മലയാളത്തിലുമായിരുന്നു പ്രതികരണം.
  • സംഭവത്തിന് ശേഷം മതില്‍ ചാടി കടന്നാണ് പുറത്തേക്ക് പോയത്

സിസ്റ്റര്‍ സെഫി-

  • ഫാ. കോട്ടൂരിനും ഫാ. പൂതൃക്കയിലിനും കോണ്‍വെന്റില്‍ വരാന്‍ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകൊടുത്തത് ഞാനാന്ന്.
  • തലയ്ക്ക് പിന്നിലാണ് അഭയയ്ക്ക് അടിയേറ്റത്.
  • രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ്‌ അഭയയെ കിണറ്റിലേക്കു തള്ളിയിട്ടത്.

പത്രങ്ങള്‍ പൊതുവെ ഇത്രയും വിവരങ്ങളാണ് നല്‍കിയിരിക്കുന്നത് എന്നാല്‍ കേരളകൗമുദി കുറച്ചു കൂടി പച്ചയായി മൊഴികളെ രേഖപ്പെടുത്തിയിരിക്കുന്നു. വാര്‍ത്തക്കൊപ്പം ചാനലുകള്‍ പുതിയതായി കൊണ്ടുവന്നതെന്നവകാശപ്പെടുന്ന വാര്‍ത്ത മാസങ്ങള്‍ക്കു മുമ്പേ കേരളകൗമുദി ചെയ്തതാണെന്ന അവകാശവാദവുമുണ്ട്.

നാര്‍കോ സിഡിയില്‍ സെഫി പറഞ്ഞത്… (കേരളകൗമുദി)

തോമസ് കോട്ടൂരും പൂതൃക്കയിലും പറഞ്ഞത് (കേരളകൗമുദി)

ഗൊ. ഗോ.. സെല്‍ഫ് ഗോള്‍ , അല്ല ഗോള്‍ (ആഗസ്ത് 29) 2009

പോള്‍ എം ജോര്‍ജ്ജിന്‍റെ കൊലപാതത്തെ തുടര്‍ന്നുളള വാര്‍ത്തകളില്‍ ഒളിഞ്ഞും തെളിഞ്ഞും വന്ന പദമാണ് മന്ത്രിപുത്രന്‍. ഗള്‍ഫിലുണ്ടായിരുന്നു, രാഷ്‍‍ട്രീയത്തിലുണ്ടായിരുന്നു, സിനിമയിലുണ്ടായിരുന്നു ഇങ്ങനെ നിരവധി ക്ലൂ ഉപയോഗിച്ചാണ് പത്രക്കാര്‍ മന്ത്രിപുത്രനെ വിശേഷിപ്പിച്ചിരുന്നത്. പിണറായി വിജയന്‍റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തോടെ ഈ പരിപാടി അവസാനിച്ചു. മാധ്യമങ്ങള്‍ മന്ത്രിപുത്രനാരെന്ന് വ്യക്തമാക്കണമെന്ന പിണറായിയുടെ ആവശ്യം പരിഗണിച്ച് അത് ബിനീഷ് കോടിയേരിയാണേ... എന്ന് പല പത്രങ്ങളും വെണ്ടക്കയായി നിരത്തി.

കോടിയേരിക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല പണ്ട്(എന്നാല്‍ അത്രയൊന്നും പണ്ടല്ല) സിബിഐ ലാവലിന്‍ കേസില്‍ ഒരു മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും പത്രങ്ങളില്‍ വന്ന കാലം. അന്നും മാധ്യമങ്ങള്‍ക്ക് ക്ലൂവായിരുന്നു ശരണം. പിണറായിയുടേതിന് സമാനമായ ഒരു നിര്‍ദ്ദോഷ പ്രയോഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തി.

പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് പറയാന്‍ വേണ്ടി മാത്രമായി ഒരു വാര്‍ത്താ സമ്മേളനം. ഇതു കഴിഞ്ഞതോടെ 'ക്ലൂ'സ് ഒഴിവാക്കി മാധ്യമങ്ങള്‍ ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കി.

അതിനുശേഷം പിന്നെ പിണറായി പത്രക്കാര്‍ക്കു മുമ്പില്‍ വാ തുറന്നിട്ടില്ല. പിന്നീടിപ്പൊഴാണ് ഒരു വാര്‍ത്താ സമ്മേളനം പോലും വിളിക്കുന്നത്. അന്നത്തെ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന് അതേ നാണയത്തിലുളള മറുപടി കൊളളാം. ഒറ്റ നോട്ടത്തില്‍ സെല്‍ഫാണെന്ന് തോന്നുമെങ്കിലും കണ്ടറിഞ്ഞ് ഉന്നം പിടിച്ചുളള അടി.

എന്നാല്‍ ഇതുകൊണ്ടൊന്നും തന്‍റെ മിണ്ടാട്ടം മുട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. എന്‍റെ മോന് ഈ കേസുമായി ബന്ധമില്ലെന്ന് അദ്ദേഹം പത്രക്കാര്‍ക്കുമുമ്പാകെ അറിയിച്ചു കഴിഞ്ഞു.

കുത്തിയത് 's' മോഡല്‍ കത്തികൊണ്ടാണെങ്കില്‍ ... (ആഗസ്ത് 28) 2009



ത് കത്തിയുടെ ആകൃതി നോക്കി കുത്തിയത് ഏതു രാഷ്ട്രീയകക്ഷിക്കാരനാണെന്ന് പറയും കാലം. പറയുന്നത് കൊണ്ടും കൊടുത്തും വളര്‍ന്ന് പ്രസ്ഥാനമായ പിണറായി വിജയന്‍ തന്നെയാകുമ്പോള്‍ അവിശ്വാസത്തിന് തരമില്ല. ഏത് പോലീസുകാരന്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് പിണറായി സെക്കണ്ടുവെച്ച് വാര്‍ത്താസമ്മേളനം വിളിച്ച് പത്രക്കാരോട് പറഞ്ഞത്. പോളിനെ കുത്തിയവന്‍ ആര്‍എസ്എസുകാരന്‍.

വ്യവസായിയായിരുന്ന പോള്‍ എം ജോര്‍ജ്ജിന്‍റെ കൊലപാതകം പോലും പാര്‍ട്ടിക്കെതിരെ പ്രയോഗിക്കുന്നതില്‍ സഹിക്കെട്ട് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നു. പിണറായി സ്വന്തം മടിയിലിരുത്തി പേരിട്ടതാണെങ്കിലും പതിവുപോലെ ഈ വാര്‍ത്താസമ്മേളനത്തിലും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്നത് മാധ്യമ സിന്‍ഡിക്കേറ്റിനായിരുന്നു.

മുത്തൂറ്റ് പോള്‍ വധക്കേസിന്റെ മറവില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തിരക്കഥ രചിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് എന്ത് കഥകളും മെനയാമെന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലെന്നുമുളള പിണറായിയുടെ വാക്കുകളില്‍ നിന്നാണ് ദേശാഭിമാനി വാര്‍ത്ത തുടങ്ങിയിരിക്കുന്നത്. ഒരുവ്യവസായിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിക്കുന്നത് കേരളത്തിനത്ര പരിചയമുളള കാര്യമല്ല.

******

എന്തൊക്കെയാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.

  • ഓംപ്രകാശുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. ഇയാള്‍ ഗുണ്ടാ ലിസ്റ്റിലുളളയാളാണ്.
  • പോളിനെ കൊലചെയ്യാന്‍ ഉപയോഗിച്ച ‘എസ്’ ആകൃതിയിലുള്ള കത്തി ആര്‍.എസ്.എസുകാര്‍ സാധാരണ ഉപയോഗിക്കുന്ന കത്തിയാണ്.
  • ‘മന്ത്രിപുത്രനെതിരെ ആരോപണമുന്നയിക്കുമ്പോള്‍ ഏതു മന്ത്രിയുടെ പുത്രനാണെന്നു വ്യക്തമാക്കണം. എന്നാലേ മന്ത്രിമാര്‍ക്കു മറുപടി പറയാന്‍ പറ്റൂ( അല്ലാതെ തലയില്‍ മറ്റേതുണ്ടെന്ന മട്ടില്‍ എല്ലാ മന്ത്രിമാര്‍ക്കും മറുപടി പറയാനാവില്ല- മനോരമയില്‍ മാത്രമുളള വാചകം)
  • എന്തുകൊണ്ട് പോളിന്റെ ഭൂതകാലം ചികയാനോ ഇദ്ദേഹത്തിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചോ മാധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല?
പിണറായി വിജയന്‍റെ ഈ തിരക്കിട്ട വാര്‍ത്താസമ്മേളനത്തിനു കാരണം കോടിയേരി ബാലകൃഷ്ണനെ തന്‍റെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തുക എന്ന കൃത്യമായ രാഷ്‍‍ട്രീയ ലക്ഷ്യമുണ്ടെന്ന് മാതൃഭൂമി പ്രത്യേകം വാര്‍ത്ത നല്‍കി.

ജിന്ന കേറിയെന്ന പേരില്‍ ജസ്വന്തിനെ പുറത്താക്കി (ആഗസ്ത് 20) 2009

സ്വന്ത് സിംഗിനെ ബിജെപി പുറത്താക്കി. അദ്ദേഹത്തിന്‍റെ ആഗസ്ത് 17ന് പുറത്തിറക്കിയ ‘ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തില്‍ ജിന്നയെ പ്രകീര്‍ത്തിച്ചും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇകഴ്ത്തിയുമുളള പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതാണ് പെട്ടെന്നുളള പുറത്താക്കലിന്‍റെ കാരണമായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടിയത്.

സിംലയില്‍ നടക്കുന്ന ബിജെപി ചിന്തന്‍ ബൈഠകിന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു തീരുമാനം. ബിജെപിക്ക് തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി വിശകലനം ചെയ്യുന്നതിനാണ് ചിന്തന്‍ ബൈഠക് വിളിച്ചിരിക്കുന്നത്.

ബിജെപി 1980ല്‍ പിറന്നതു മുതല്‍ ബിജെപിയുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ജസ്വന്ത്. എന്നാല്‍ അടല്‍ ബിഹാരി വാജ്പേയിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധമാണ് പാര്‍ട്ടിയിലുണ്ടായ വളര്‍ച്ചക്കു പിന്നിലെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എബി വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം.

*****

‘ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തിലെ വിവാദപരമായ പരാമര്‍ശങ്ങള്‍

“ജിന്ന നേടിയെടുത്തതല്ല, പാകിസ്‌താന്‍. അദ്ദേഹം മഹാനായ ഇന്ത്യക്കാരനായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭായി പട്ടേലും ബ്രിട്ടീഷ്‌ സഹായത്തോടെ പാകിസ്‌താനെ ജിന്നയുടെ കൈകളിലെത്തിക്കുകയായിരുന്നു…

ജിന്നയുടെ രാഷ്‌ട്രീയതത്വം പാകിസ്‌താനെ മുസ്ലിം രാഷ്‌ട്രമാക്കുക എന്നതായിരുന്നില്ല. മറിച്ച്‌, ജനാധിപത്യ മതേതര രാഷ്‌ട്രമെന്നതായിരുന്നു. ജിന്നയുടെ കാലശേഷം പാകിസ്‌താന്‍ അതില്‍നിന്നു വ്യതിചലിച്ചു. മുസ്ലിം രാഷ്‌ട്രമെന്നു പാകിസ്‌താനെ വിളിക്കുന്നത്‌ അസംബന്ധമാണ്”

തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ബിജെപിയില്‍ കര്‍ശന അച്ചടക്കം ഉറപ്പു വരുത്തണമെന്ന് ആര്‍ എസ് എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അച്ചടക്കം ഉറപ്പു വരുത്തുന്നതിനാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് വസുന്ധര രാജ സിന്ധ്യയെയാണ്. കാരണം ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് രാജസ്ഥാനിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതിനെ എതിര്‍ക്കുകയും തന്നോടൊപ്പമുളള 54 എംഎല്‍എമാരെ ഈ തീരുമാനത്തിനെതിരായി അണിനിരത്തുകയുമാണ് സിന്ധ്യ ചെയ്തത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 79 എംഎല്‍എമാരാണുള്ളത്.

ജസ്വന്ത് സിംഗിനെ പുറത്താക്കിയ അതേ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡാണ് വസുന്ധരക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വന്‍ പിന്തുണയുളള വസുന്ധരക്കെതിരെ തത്ക്കാലം നടപടി വേണ്ടെന്നാണ് പൊതുവികാരം. ബിജെപിയുടെ നേതൃനിരയില്‍ നിന്നും വാജ്പേയി പിന്മാറിയതോടെ ദുര്‍ബലനാണ് ജസ്വന്ത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെയുളള നടപടി താരതമ്യേന എളുപ്പമാണ്. അച്ചടക്കത്തിന്‍റെ പേരില്‍ പറയാനൊരു കടുത്ത നടപടിയുമായി.

*****

വിവാദങ്ങള്‍ക്ക് പുതിയ ആളല്ല ജസ്വന്ത് സിംഗ്

  • 1999 കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജസ്വന്ത് സിങ് തടവിലായിരുന്ന മൂന്നു ജെയ്ഷെ ഭീകരരുമായി പോയി. മുബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ മുഖ്യ പ്രതിയെന്ന് ആരോപിക്കുന്ന മൗലാനാ മഹ്സൂദ് അസര്‍ , അഹമ്മദ് ഒമര്‍ സെയ്ദ്, മുഷ്താഖ് സര്‍ദ്ദാര്‍ എന്നിവരായിരുന്നു അന്ന് മോചിപ്പിക്കപ്പെട്ട ഭീകരര്‍ . അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍കെ അദ്വാനി തന്‍റെ അറിവോടെയല്ല ജസ്വന്ത് സിംഗ് കാണ്ഡഹാറിലേക്ക് പോയതെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
  • 2006 ജൂലൈയില്‍ പുറത്തിറങ്ങിയ ജസ്വന്തിന്റെ ‘എ കാള്‍ ടു ഓണര്‍ ഇന്‍ സര്‍വീസ് ഓഫ് എമര്‍ജന്‍സി ഇന്ത്യ’ എന്ന പുസ്തകവും വിവാദമായി. പി വി നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ഒരു അമേരിക്കന്‍ ചാരന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നതായി പുസ്തകത്തില്‍ പറഞ്ഞു. ഏറെ കോളിളക്കമുണ്ടാക്കിയെങ്കിലും ആരാണ് രഹസ്യം ചോര്‍ത്തിയ ഉദ്യോഗസ്ഥനെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
  • കഴിഞ്ഞ വര്‍ഷം ജസ്വന്ത് സിംഗിന്‍റെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥികള്‍ക്ക് ലഹരി(കറുപ്പ്) വിളമ്പിയെന്ന ആരോപണമുയര്‍ന്നു. എന്നാല്‍ ‍, അദ്ദേഹം ആരോപണം നിഷേധിക്കുകയായിരുന്നു.
  • 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി ഡാവാ ഷെര്‍പ്പായെ മറികടന്നാണ് ജസ്വന്ത് ഡാര്‍ജിലിങ്ങില്‍ നിന്ന് മത്സരിച്ചതെന്ന് ആരോപണമുയര്‍ന്നു. ബി ജെ പി പോഷക സംഘടനയായ ഗോര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതാവായിരുന്നു ഷെര്‍പ്പാ. അവസാനം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.
  • കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ജസ്വന്ത് സിംഗ് കത്തെഴുതി. തിരഞ്ഞെടുപ്പിന്‍റെ ചുക്കാന്‍ പിടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജെയ്റ്റ്ലിയെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാക്കിയതായിരുന്നു ജസ്വന്ത് സിംഗിനെ ചൊടിപ്പിച്ചത്.

Monday, April 19, 2010

100 മീറ്റര്‍ 9.58 സെക്കന്‍റില്‍ , ബോള്‍ട്ടിന്‍റെയോരോ കുട്ടിക്കളികള്‍ (ആഗസ്ത് 18) - 2009



രിക്കും തോന്നിപ്പോകുന്നു, ഇതെല്ലാം ഉസൈന്‍ ബോള്‍ട്ട് എന്ന മനുഷ്യന്‍റെ കുട്ടിക്കളികളാണോ? ലോകത്തിലെ ഏറ്റവും വേഗതയുളള താരമാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു അത്‍‍ലറ്റിന്‍റേയും സ്വപ്നമാണ് ഒളിംപിക്സിലെ 100 മീറ്റര്‍ ഫൈനല്‍ . കഴിഞ്ഞ ബെയ്ജിംഗ് ഒളിംപിക്സിലെ 100 മീറ്റര്‍ മത്സരത്തില്‍ അവസാന 20 മീറ്ററില്‍ വേഗതകുറച്ച് ആഹ്ളാദ പ്രകടനം നടത്തിയ ബോള്‍ട്ടിനെ ആരും മറന്നുകാണില്ല.

അന്ന് മര്യാദക്ക് ഓടിയിരുന്നെങ്കില്‍ 9.52 സെക്കണ്ടിലെങ്കിലും ഫിനിഷ് ചെയ്യാമായിരുന്നെന്ന് ബോള്‍ട്ടിന്‍റെ കോച്ച് ഗ്ലൈന്‍ മില്‍സ് തന്നെയാണ് പറഞ്ഞത്. എന്നിട്ടും അന്ന് 21 വയസുകാരനായിരുന്ന ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.69 എന്ന ലോകറെക്കോഡ് സമയത്തില്‍ ‍. സെക്കണ്ടിന്‍റെ നൂറിലൊരംശത്തില്‍ ലോകറെക്കോഡ് നേരത്തെ അഞ്ച് തവണ മാറിയിരുന്നെന്ന് അറിയുമ്പോഴാണ് ബോള്‍ട്ടിന്‍റെ കുട്ടിക്കളിയുടെ ആഴമറിയുക.

ബോള്‍ട്ട് ഓട്ടം തുടങ്ങിയതിനുശേഷമാണ് ഇത്തരത്തില്‍ ശരീരഘടനയുളള ഒരാള്‍ക്ക് നൂറുമീറ്ററില്‍ വിജയിക്കാനാകുമെന്ന് ലോകത്തിനറിയുന്നതു തന്നെ. കുറിയ മനുഷ്യര്‍ കാലുകളെ ചക്രങ്ങളാക്കി പരമാവധി വേഗത്തില്‍ ചലിപ്പിച്ച് മരണപ്പാച്ചില്‍ പായുന്ന പരിപാടിയായിരുന്നു അതിനുമുമ്പ് നൂറ് മീറ്റര്‍ മത്സരം.

ബോള്‍ട്ട് ഓട്ടം മതിയാക്കി കളിയും കോപ്രായങ്ങളും ഡാന്‍സുമെല്ലാം തുടങ്ങുമ്പോഴും പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ സഹഓട്ടക്കാരന്മാര്‍ മരിച്ചോടുകയായിരുന്നു. ആ കുട്ടിക്കളി പ്രകടനത്തിന്‍റെ കൃത്യം ഒന്നാം വാര്‍ഷികത്തില്‍ ബോള്‍ട്ട് വീണ്ടും മിന്നലായിരിക്കുന്നു. പുതിയ ലോകറെക്കോഡ് സമയം 9.58സെക്കന്‍റ്. പഴയതില്‍ നിന്നും 0.11 സെക്കണ്ടാണ് ഒറ്റയടിക്ക് ബോള്‍ട്ട് ചെത്തിക്കളഞ്ഞത്.

നൂറ് മീറ്ററില്‍ ലോകറെക്കോഡ് കുറിച്ചു വെച്ചു തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രയേറെ വ്യത്യാസത്തില്‍ പുതിയ റെക്കോഡ് പിറക്കുന്നത്. നൂറ് മീറ്റര്‍ ഓട്ടമത്സരത്തിന്‍റെ എല്ലാ സാമ്പ്രദായികരീതികളേയും പൊളിച്ചടുക്കിയവനെന്ന് ബോള്‍ട്ടിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

ബോള്‍ട്ട് ഓട്ടം തുടങ്ങിയതിനുശേഷമാണ് ഇത്തരത്തില്‍ ശരീരഘടനയുളള ഒരാള്‍ക്ക് നൂറുമീറ്ററില്‍ വിജയിക്കാനാകുമെന്ന് ലോകത്തിനറിയുന്നതു തന്നെ. കുറിയ മനുഷ്യര്‍ കാലുകളെ ചക്രങ്ങളാക്കി പരമാവധി വേഗത്തില്‍ ചലിപ്പിച്ച് മരണപ്പാച്ചില്‍ പായുന്ന പരിപാടിയായിരുന്നു അതിനുമുമ്പ് നൂറ് മീറ്റര്‍ മത്സരം. ആറടി അഞ്ചിഞ്ചു കാരനായ ബോള്‍ട്ട് വെറും 41 കാല്‍വെപ്പുകളിലാണ് 100 മീറ്റര്‍ കടക്കുന്നത്. ഒരു കാല്‍വെപ്പില്‍ പിന്നിടുന്നത് 2.439മീറ്റര്‍ . ഇതുവരെ നൂറുമീറ്ററില്‍ പങ്കെടുത്തു മത്സരിച്ചിരുന്ന ഒരു അത്‍‍ലറ്റിനും കഴിയാത്ത ദൂരം.

അതുകൊണ്ടുതന്നെ 1986 ആഗസ്ത് 21ന് ജനിച്ച ഉസൈന്‍ ബോള്‍ട്ട് (22വയസ്) 9.40 സെക്കന്‍റില്‍ താഴെയോടുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ അതിനെ വീമ്പായി കാണാനാകില്ല. കാരണം ബോള്‍ട്ടിനുമുന്നില്‍ കുട്ടിക്കളിമാറ്റി കാര്യമായി ഓടാന്‍ ഇനിയും ധാരാളം കാലമുണ്ട്.

ഇനിയൊരു രഹസ്യം പറയാം. ഈ വെസ്റ്റ് ഇന്‍ഡീസ് രാജ്യങ്ങളിലൊന്നായ ജമൈക്കയില്‍ ജനിച്ച ബോള്‍ട്ടിന്‍റെ ആരാധനാ പുരുഷന്‍ ആരാണെന്നോ? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ . ബോള്‍ട്ടിന്‍റെ ഓരോ കുട്ടിക്കളികളേ.

കൂടുതല്‍ വായിക്കാന്‍ >>

പന്നിപനി ; ചെറുപ്പക്കാര്‍ കൂടുതല്‍ ജാഗ്രതൈ (ആഗസ്ത് 10)-2009

നുഷ്യന് വെല്ലുവിളിയായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മുപ്പതിലേറെ പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വൈറസുകളെല്ലാം താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ പ്രായമായവരേയോ കുഞ്ഞുങ്ങളേയോ ആണ് ബാധിച്ചിരുന്നത്. അതുപോലെത്തന്നെയാണ് പന്നിപ്പനിയെന്നു കരുതാന്‍ വരട്ടെ. മെക്‌സിക്കോയില്‍ എന്‍1എച്ച്1 പനിമൂര്‍ച്ഛിച്ച് മാരക ന്യുമോണിയ ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്.

മനുഷ്യ ചരിത്രത്തിലെ തന്നെ മഹാമാരിയായിട്ടാണ് 1918-19 കാലത്ത് പ്രത്യക്ഷപ്പെട്ട സ്പാനിഷ് ഫ്ലൂ അറിയപ്പെടുന്നത്. അന്ന് ’സ്​പാനിഷ് ഫ്ലൂ’ വന്ന് മരിച്ച 500 ലക്ഷത്തിലധികം പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു. ഈ വൈറസിന് പന്നിപ്പനിവൈറസുമായി സാമ്യമുണ്ടെന്നാണ് ശാസ്ത്രലോകം സമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ ജാഗ്രതൈ !

പന്നിപ്പനി?

പന്നികളില്‍ കാണപ്പെടുന്ന ഒരു സാധാരണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് N1H1. ആദ്യപന്നിപ്പനി റിപ്പോര്‍ട്ടു ചെയ്ത ഏപ്രില്‍ പകുതിക്ക് മാസങ്ങള്‍ക്കുമുമ്പുതന്നെ അത് മനുഷ്യനിലേക്കു പടര്‍ന്നിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്‍‍ട്രസംഘമാണ് ഈ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ സംക്രമിക്കാനുള്ള കഴിവാണ് ഈ വൈറസിനെ അപകടകാരിയാക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ജൂലൈ 30 വരെ 1,77,699 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിട്ടുണ്ട്. ഇതില്‍ 1126പേരാണ് മരിച്ചത്. പന്നിപ്പനി വൈറസിന്‍റെ വ്യാപനം കുറഞ്ഞതിനാല്‍ ആഗസ്ത് ആറിനുശേഷം ലോകാരോഗ്യ സംഘടന ആഗസ്ത് ആറിനുശേഷം ലോകവ്യാപകമായ കണക്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടുതല്‍ അറിയാന്‍>>

പന്നിപനി ലക്ഷണങ്ങള്‍
സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണുക. ശക്തമായ പനി, ചുമ, കഫക്കെട്ട്, തൊണ്ടവീക്കം, ശരീരവേദന, തലവേദന, കുളിര്, ക്ഷീണം എന്നിവയൊക്കെ ഉണ്ടാകാം. ചില രോഗികളില്‍ ശര്‍ദിയും വയറിളക്കവും പ്രത്യക്ഷപ്പെടാം. രോഗം മൂര്‍ച്ഛിക്കുന്നതോടെ ശ്വാസതടസ്സമുണ്ടാവുകയും അത് ന്യുമോണിയയായി മാറി ചിലപ്പോള്‍ രോഗി മരിച്ചേക്കാം.

ചികിത്സ
മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകര്‍ച്ചവ്യാധിയെന്ന നിലയില്‍ അധികമാര്‍ക്കും പന്നിപ്പനിക്കെതിരെ പ്രതിരോധശേഷിയില്ല എന്നതാണ് വാസ്തവം. രോഗം ഭേദമാക്കാന്‍ കഴിയുന്ന മരുന്നും ലഭ്യമല്ല. എന്നാല്‍ ‍, വൈറസുകള്‍ക്കെതിരെ പ്രയോഗിക്കുന്ന ചില മരുന്നുകള്‍ ( ടാമിഫ്ലു, റെലെന്‍സ എന്നിവ) പന്നിപ്പനിയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും രോഗം മാരകമാകാതെ നോക്കാനും സഹായിക്കുമെന്ന്, യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി ഡി സി) ശുപാര്‍ശ ചെയ്യുന്നു.

മുന്‍കരുതലുകള്‍
രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്. വായുവിലൂടെ പകരുന്ന വൈറസായതിനാല്‍ ‍, സര്‍ജിക്കല്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ‍, ഏഴ് ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം.

നാടിനെ നയിക്കേണ്ടവര്‍ നാടിനൊപ്പം നടുവിലോടുന്നു (ആഗസ്ത് 9)-2009



ര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഈയിടെ 6200ല്‍ നിന്ന് 25000ആക്കി വര്‍ദ്ധിപ്പിച്ചിരുന്നു ഈ ഫീസ് കുറയ്ക്കാന്‍ യോഗം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി(ദേശാഭിമാനി). സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് കുറയ്ക്കുന്നതിനെക്കുറിച്ചുളള ഇടതുമുന്നണിയോഗത്തിലെ തീരുമാനത്തെക്കുറിച്ച് ഇത്രമാത്രമാണ് ദേശാഭിമാനിയില്‍ വന്നിരിക്കുന്നത്. ജോസഫിന്‍റെ മന്ത്രിസഭാ പുന:പ്രവേശത്തെക്കുറിച്ചാണ് ദേശാഭിമാനി വാതോരാതെ പറഞ്ഞിരിക്കുന്നത് >> പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ 17ന്

എന്താണ് എംഎ ബേബി ചെയ്തത്? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനീയറിങ്‌ കോളേജുകളിലെ ഫീസ്‌ 6200-ല്‍ നിന്ന്‌ നാലിരട്ടി വര്‍ധിപ്പിച്ച്‌ 25,000 രൂപയാക്കി. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ്‌. ഫീസ്‌ 45,000-ല്‍ നിന്ന്‌ 90,000 രൂപയുമാക്കി.
സര്‍ക്കാര്‍ സീറ്റുകളില്‍ തന്നെ ഫീസ് ഭീമമായി വര്‍ധിപ്പിച്ചത് ഇടതുമുന്നണിയിലെ ഘടകക്ഷികളില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പുണ്ടാക്കിയ വിഷയമായിരുന്നു. ആ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ചൂടാറ്റല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇടതുമുന്നണിയിലെ എതിര്‍പ്പിന്‍റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല –> കീഴടങ്ങല്‍ ഇച്ഛാശക്തി ഇല്ലാത്തതിനാല്‍ -എ.ഐ.വൈ.എഫ്‌. എന്നാല്‍ ഫീസുകുറക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനം ജീവന്‍ വെക്കാന്‍ കുറച്ച് പണിയുണ്ടെന്ന് മാതൃഭൂമിയും മനോരമയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇതിലും കൂടുതലായി നാട്ടിന്‍പുറത്തുകാര്‍ സിപിഐഎമ്മുകാരെ ബഹുമാനിച്ചിരുന്ന കാലത്ത് നാട്ടിലെ ഒരു പാര്‍ട്ടി നേതാവ് പറ‍ഞ്ഞു. നാടോടുമ്പോള്‍ നടുവേ ഓടേണ്ടവനല്ല കമ്മ്യൂണിസ്റ്റുകാരന്‍. മറിച്ച് നാടിനെ ഓടിക്കേണ്ടവനാണ്


“മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള രണ്ട് അലോട്മെന്റ് കഴിഞ്ഞശേഷം ഫീസ് കുറയ്ക്കുന്നതു നിയമപ്രശ്നം സൃഷ്ടിച്ചേക്കും. വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷന്‍ നല്‍കാന്‍ വീണ്ടും അവസരം കൊടുത്തില്ലെങ്കില്‍ ആരെങ്കിലും കോടതിയെ സമീപിക്കാം. ഇതിനോടകം പ്രവേശനം ലഭിച്ചവര്‍ക്കു മാത്രം ഫീസ് ഇളവു നല്‍കുന്നത് അനീതിയാണെന്നായിരിക്കും അവസരം നഷ്ടപ്പെട്ടവരുടെ വാദം” (മനോരമ)

ഇതേ വാദം കുറച്ചു കൂടി വ്യക്തമായി മാതൃഭൂമിയില്‍ വായിക്കാം.

“രാഷ്ട്രീയ മുഖം രക്ഷിക്കാന്‍ ഫീസ്‌ കുറയ്‌ക്കണമെന്ന എല്‍.ഡി.എഫ്‌. പ്രഖ്യാപനം ഉതകുമെങ്കിലും പ്രായോഗികമായി നടപ്പാക്കുക സങ്കീര്‍ണമാണ്‌. സ്വകാര്യ സ്വാശ്രയ കോളേജുകളിലേയും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെയും പ്രവേശനത്തിന്‌ വിദ്യാര്‍ഥികള്‍ ഓപ്‌ഷന്‍ നല്‍കുന്നത്‌ ഫീസിനെ അടിസ്ഥാനമാക്കിയാണ്‌.
ഓപ്‌ഷന്‍ സ്വീകരിച്ച്‌ അലോട്ട്‌മെന്റ്‌ നടത്തിയശേഷം ഏതെങ്കിലും വിഭാഗത്തിന്റെ ഫീസ്‌ കുറയ്‌ക്കുന്നത്‌ ചിലരുടെയെങ്കിലും അവസരം നഷ്‌ടപ്പെടുത്തിയെന്ന പരാതിക്ക്‌ ഇടയാക്കും. കുറഞ്ഞ ഫീസായിരുന്നുവെങ്കില്‍ തങ്ങള്‍ ഓപ്‌ഷന്‍ നല്‍കുമായിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി അവസരം നഷ്‌ടമായ കുട്ടികള്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്‌. അങ്ങനെ വന്നാല്‍ ഓപ്‌ഷന്‍ സ്വീകരിക്കല്‍ ആദ്യം മുതല്‍ വീണ്ടും നടത്തേണ്ട സ്ഥിതിയാണ്‌ ഉണ്ടാവുക”

എന്നാല്‍ മംഗളം കേരളകൗമുദി പത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങളിലെ ഫീസ് കുറക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ല. മാധ്യമം സര്‍ക്കാരിനെ താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ന്യായീകരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

“സര്‍ക്കാര്‍ നിയന്ത്രിത കോളജുകളില്‍ നിലവില്‍ പ്രവേശനം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അതിന് തടസ്സം വരാതെ പ്രായോഗികമായും നിയമപരമായും ഫീസില്‍ കുറവ് വരുത്താനാണ് തീരുമാനം. ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനം ലഭിക്കത്തക്കതരത്തില്‍ അടുത്ത വര്‍ഷത്തെ ഫീസില്‍ കുറവ് വരുത്തുന്നതടക്കമുള്ളത് പരിഗണനയിലുണ്ടെന്നാണ് സൂചന”

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിലും കൂടുതലായി നാട്ടിന്‍പുറത്തുകാര്‍ സിപിഐഎമ്മുകാരെ ബഹുമാനിച്ചിരുന്ന കാലത്ത് നാട്ടിലെ ഒരു പാര്‍ട്ടി നേതാവ് പറ‍ഞ്ഞു. “നാടോടുമ്പോള്‍ നടുവേ ഓടേണ്ടവനല്ല കമ്മ്യൂണിസ്റ്റുകാരന്‍. മറിച്ച് നാടിനെ ഓടിക്കേണ്ടവനാണ്” ആ വാക്കുകളെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ തോന്നുന്നതിതാണ്. നാടിനെ മുന്നില്‍ നിന്നു നയിക്കേണ്ടവര്‍ നാടിനൊപ്പം നടുവിലോടുന്നു.

പ്രധാനമായി എല്‍ഡിഎഫ് യോഗം ചര്‍ച്ചക്കെടുത്ത മൂന്നുവിഷയങ്ങള്‍ ഇവയാണ്

1. പിജെ ജോസഫിന്‍റെ മന്ത്രിസഭാ പുന:പ്രവേശം? ആഗസ്ത് 17ന് ചുമതലയേറ്റോളാന്‍ ഉത്തരവായി
2. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സീറ്റുകളിലെ ഫീസ് ? കുറക്കുമെന്ന് പുറത്തു പറയുക. എന്നാല്‍ എത്ര കുറക്കണമെന്നതടക്കമുളള കാര്യങ്ങള്‍ ബന്ധപ്പെട്ട നിയമസഭാ ഉപസമിതിയും ബുധനാഴ്ച്ചത്തെ മന്ത്രിസഭാ യോഗവും (ആഗസ്ത് 12) തീരുമാനിക്കട്ടെ. പ്രശ്നത്തിന്‍റെ ചൂടാറ്റിയല്ലോ, ഇനി ആഗസ്ത് 14ന് ചേരുന്ന മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യാം.
3. ജനദാദളിന്‍റേയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടേയും മന്ത്രിപ്പണി? അടുത്ത യോഗത്തില്‍ തീരുമാനമാകും
കൂടുതല്‍ വായിക്കാന്‍ >>

തല്ലിക്കോ, ഇനീം തല്ലിക്കോ… എങ്ങനെങ്കിലും (ആഗസ്ത് 1 -2009)



രുമാതിരി ‘കെ മുരളീധരനെപ്പോലെ പെരുമാറരുത്’ എന്ന് മലയാളി പറഞ്ഞു തുടങ്ങിയാല്‍ കുറ്റം പറയാനാവില്ല. ആ രീതിയിലാണ് കരുണാകര പുത്രന്‍റെ വേലത്തരങ്ങള്‍ . അല്ലെങ്കിലും ലൂബ്രിക്കന്‍റ് ഓയില്‍ ഏജന്‍സിയുടെ കച്ചവടത്തിനായി കോഴിക്കോടെത്തിയ ഒരു ഗള്‍ഫ് റിട്ടേണ്‍ഡ് പ്രവാസിയായ മുരളീധരനില്‍ നിന്നും ഇതിലപ്പുറം നമ്മള്‍ പ്രതീക്ഷിക്കുന്നതേ പാപമാണ്.

പുതിയ ചില മുരളീധരമൊഴികള്‍ നോക്കാം- “ആര്‍ക്കും മറുപടി പറയാന്‍ താനില്ല, പ്രകോപിപ്പിക്കാമെന്നും കരുതേണ്ട. ഒരു പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയില്‍ ചിലതൊക്കെ പറയേണ്ടി വരും. അതൊക്കെ രാഷ്‍‍ട്രീയത്തില്‍ പതിവുള്ള കാര്യമാണ്. പലരും തന്നെ ബന്ധപ്പെട്ടു കോണ്‍ഗ്രസിലേക്കു മടങ്ങണമെന്നു പറഞ്ഞിട്ടുണ്ട്. തനിക്കു സ്ഥാനമാനങ്ങളൊന്നും വേണ്ട. പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണു പോരാടിയിട്ടുള്ളത്”

രാജനെന്ന പേരേ കേട്ടിട്ടില്ലെന്ന് ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനില്‍ തുളുമ്പിയ അതേ നിഷ്കളങ്കത

കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തുമെന്ന് അലറിവിളിച്ച് നടന്ന ‘സിംഗ’മായിരുന്നു കുറേക്കാലം മുരളീധരന്‍. കുളിപ്പിച്ചു കിടത്താമെന്ന വെല്ലുവിളി പാലിക്കാനുളള അവസാനവട്ട ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ട്. അതുകൊണ്ടാകാം ഒരൊറ്റ പ്രമുഖ കോണ്‍ഗ്രസ് നേതാവുപോലും(കരുണാകരനൊഴികെ) മുരളീധരനുവേണ്ടി പരസ്യമായിതുവരെ മൊഴിയാത്തത്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കെ മുരളീധരനെ മാത്രം ഉദ്ദേശിച്ച് തോണ്ടിയെറിഞ്ഞതിനെ വലിച്ചുകയറ്റരുത്‌ എന്ന് മുഖപ്രസംഗമെഴുതിയത്. വീക്ഷണത്തിന്‍റെ എഡിറ്റോറിയല്‍ അവസാനിക്കുന്നത് ഇങ്ങനെ “സുഗന്ധവാഹിയായ കാറ്റിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ എന്നും തുറന്നിടാം. ദുര്‍ഗന്ധം വഹിക്കുന്ന കാറ്റ്‌ വീശുമ്പോള്‍ വാതിലുകള്‍ മാത്രമല്ല; ജനവാതിലുകളും കൊട്ടിയടച്ചേ മതിയാവൂ.”

എന്നിട്ടും മുരളി പറയുന്നു, പലരും തന്നെ ബന്ധപ്പെട്ടു കോണ്‍ഗ്രസിലേക്കു മടങ്ങണമെന്നു പറഞ്ഞിട്ടുണ്ടെന്ന്. ഒരു തരം പിതൃസഹജമായ നിഷ്കളങ്കത. കേരള പോലീസ് ഉരുട്ടിക്കൊന്ന മകനെ തിരഞ്ഞ് ഒരുപാട് കാലം കോടതികയറിയിറങ്ങിയ ഒരു ഈച്ചരവാര്യരുണ്ടായിരുന്നു. രാജനെന്ന പേരേ കേട്ടിട്ടില്ലെന്ന് ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനില്‍ തുളുമ്പിയ അതേ നിഷ്കളങ്കത.

കേരളത്തില്‍ സേവാദളിനെ 1988 കാലങ്ങളില്‍ പുനര്‍ജനിപ്പിച്ചതും സംസ്ഥാന ചെയര്‍മാന്‍ സ്ഥാനമുണ്ടാക്കി അതില്‍ ഗള്‍ഫ് റിട്ടേണ്‍ഡ് മുരളിയെ പിടിച്ചിരുത്തിയതും കരുണാകരനാണ്. തുടര്‍ന്ന് കാലാകാലങ്ങളില്‍ എംപി, കെപിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ കസേരകള്‍ക്കു പുറമേ വല്ലാണ്ട് വാശിപിടിച്ചപ്പോള്‍ ഡിഐസി എന്ന സ്വന്തം പാര്‍ട്ടിവരെ മോന് ഉണ്ടാക്കിക്കൊടുത്തയാളാണ് കരുണാകരന്‍. അപ്പോഴൊന്നും മോന്‍ ഇത്ര വളരുമെന്ന് കരുണാകരന്‍ പോലും പ്രതീക്ഷിച്ചു കാണില്ല.

കൂടുതല്‍ വായിക്കാന്‍ >>

അമേരിക്കക്കാരനെക്കൊണ്ട് പത്തു മിനിറ്റില്‍ 68 പട്ടിയെ തീറ്റിച്ച ദേശാഭിമാനി (ജൂലൈ എട്ട് 2009)


മേരിക്കക്കാരനെക്കൊണ്ട് പത്തുമിനിറ്റില്‍ 68 പട്ടിയെ തീറ്റിക്കാന്‍ ആര്‍ക്കാണ് കഴിയുക. ഒസാമ ബിന്‍ ലാദനു പോലും കഴിയാത്ത കാര്യം നിസാരമായി നമ്മുടെ ദേശാഭിമാനി സാധിച്ചെടുത്തു. വായിക്കുക ജൂലൈ 6ന് നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.

“10 മിനിറ്റില്‍ 68 പട്ടിയെ തിന്ന് ലോകറെക്കോഡ്

ന്യൂയോര്‍ക്ക്: പത്തു മിനിറ്റിനുളളില്‍ 68 നായകളെ തിന്ന് അമേരിക്കക്കാരന്‍ ലോകറെക്കോഡ് സ്ഥാപിച്ചു. അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ഷിക മത്സരത്തിലാണ് ജോയ് ചെസ്റ്റ്നട്ട് എന്ന 25കാരന്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്.
ഇരുപതിനായിരം ഡോളര്‍ സമ്മാനത്തുകയുളള പട്ടി തീറ്റ മത്സരം ന്യൂയോര്‍ക്കിലെ കോണി ദ്വീപിലാണ് നടന്നത്. ചെസ്റ്റ്നട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇത്. കഴിഞ്ഞ വര്‍ഷം 66 പട്ടികളെ അകത്താക്കിയാണ് കിരീടം ചൂടിയത്. അറുപത്തിനാലരപ്പട്ടികളുടെ മാംസം ഭക്ഷിച്ച് ജപ്പാന്‍കാരന്‍ ടകേരു രണ്ടാം സ്ഥാനത്ത് എത്തി…”

ദേശാഭിമാനിയില്‍ ജൂലൈ 6ന് വന്ന വാര്‍ത്തയാണിത്. സ്വന്തം രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി 68 പട്ടികളെ 10 മിനിറ്റുകൊണ്ട് തിന്ന ഭീകരനാരാ? ഒരു അമേരിക്കക്കാരന്‍. സഖാവു പത്രക്കാരന്‍റെ ചോര തിളച്ചതും വാര്‍ത്ത ഒന്നാം പേജില്‍ വിത്ത് ഫോട്ടോ പ്രത്യക്ഷപ്പെട്ടതും സ്വാഭാവികം മാത്രം.

എന്നാ അമേരിക്കക്കാരന്‍ -പട്ടി-തീറ്റ തുടങ്ങിയ വാക്കുകള്‍ അടുത്തടുത്തു കണ്ടപ്പോള്‍ കാട്ടിയ ആവേശം കുറച്ചു കൂടിപ്പോയി. ഹോട്ട്‍‍ഡോഗ്സ് എന്നതിനര്‍ത്ഥം ചൂടുളളപട്ടിയെന്നല്ല ഭക്ഷണപദാര്‍ത്ഥത്തിന്‍റെ പേരാണ് എന്ന നേര് കുറച്ചു വൈകിയാണ് ദേശാഭിമാനി അറിഞ്ഞത്. അപ്പോഴേക്കും അച്ചടിച്ച പത്രം എത്തേണ്ടിടത്തെല്ലാം എത്തി.

കുറച്ചു നേരംവൈകിയാണെങ്കിലും നേര് അറിയിക്കാമെന്നു കരുതിയതു തന്നെ ദേശാഭിമാനിയാതുകൊണ്ടാണ്‍. ഒന്നാം പേജില്‍ വരുത്തിയ തെറ്റിനെ പിറ്റേന്ന് (ജൂലൈ 7ന്) ഏഴാം പേജില്‍ തിരുത്തി. എങ്ങനെയാണ് ഹോട്ട് ഡോഗ്സ് പാകം ചെയ്യുക. എവിടെയൊക്കെയാണ് ഇതിന് ജനപ്രീതിയുളളത്. എന്താണ് ഇതിന് പട്ടിയുമായുളള ബന്ധം എന്നതുവരെ ദേശാഭിമാനി നിര്‍വ്യാജം ഖേദിച്ചു കൊണ്ട് വിശദീകരിക്കുന്നു.

തിരുത്ത് പിറ്റേന്നത്തെ പത്രത്തില്‍ മാത്രമല്ല ഇ-പേപ്പറിലും വരുത്തിയിട്ടുണ്ട്. വളരെ നല്ലത്. ഇ-പേപ്പറില്‍ തിരുത്ത് വരുത്തിയതുകൊണ്ട് പേപ്പറിലെ തെറ്റ് മായില്ലല്ലോ? അറിയാതെ ആശങ്കപ്പെട്ടു പോകുന്നു ദേശാഭിമാനി ഒരറ്റത്തു നിന്ന് തെറ്റു തിരുത്തി തുടങ്ങിയോ?

കൂടുതല്‍ വായിക്കാന്‍ >>

ഇനി നമുക്ക് ലോഹിയെ വാഴ്ത്താം (ജൂണ്‍ 29)

ജൂണ്‍ 28ന് രാവിലെ പതിനൊന്നോടെ ലോഹിതദാസ് അന്തരിച്ചു. ഇനി ആ പ്രതിഭയെ നമ്മള്‍ മലയാളികള്‍ക്ക് അംഗീകരിക്കാം, വിലയിരുത്താം, ബഹുമാനിക്കാം. നേരത്തെ മാതൃഭൂമിക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രതിഭകളെ മരണശേഷം വിലയിരുത്തുന്നവനാണ് മലയാളിയെന്ന് ലോഹിതദാസ് നിരീക്ഷിച്ചിരുന്നു. മലയാളിയുടെ തനിമയറിഞ്ഞ ലോഹിയുടെ നിരീക്ഷണം തെറ്റിയില്ല,
  • മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ സുപ്രധാനമായ തനിയാവര്‍ത്തനം
  • മോഹന്‍ലാല്‍ ജീവിച്ചഭിനയിച്ച കിരീടം
  • ജയറാമിന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളെ കൂടി അറിഞ്ഞുളള തൂവല്‍കൊട്ടാരത്തിലെ ചെണ്ടക്കാരന്‍ വക്കീല്‍
  • മഞ്ജു വാര്യര്‍ക്കൊപ്പം ദിലീപിനെയും കുടുംബസദസുകള്‍ക്ക് പ്രിയപ്പെട്ടതാക്കിയ സല്ലാപം
  • മീരാജാസ്മിനെ സിനിമയിലേക്കെത്തിച്ച സൂത്രധാരന്‍
  • ഭരതന്‍റെ അമരം, വെങ്കലം
  • സിബിമലയില്‍ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുളള, ഭരതം
  • സത്യന്‍ അന്തിക്കാടിന്‍റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍
  • ലാല്‍ എന്ന സംവിധായകന്‍ നടന്‍ കൂടിയാണെന്നു നന്നായി തെളിയിച്ച ഓര്‍മ്മച്ചെപ്പ്
  • ലക്ഷ്മി ഗോപാലസ്വാമി എന്ന നര്‍ത്തകിയെ നടിയാക്കി മലയാളത്തിലെത്തിച്ച അരയന്നങ്ങളുടെ വീട്
  • ഭാമ, വിനു മോഹന്‍ എന്നിവര്‍ അഭിനയം തുടങ്ങിയ നിവേദ്യം
ഇതെല്ലാമാണ് ലോഹിതദാസ് സൃഷ്‍ടിച്ചെടുത്ത കഥാപാത്രങ്ങളുടെയും കൈവച്ച സിനിമകളുടേയും ചുരുക്കപ്പട്ടിക. ഒരുകാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ ഒരുപാട് ചിത്രങ്ങള്‍ക്കു പിന്നില്‍ ഒറ്റനോട്ടത്തില്‍ അന്തര്‍മുഖനായ ഈ മനുഷ്യനുണ്ടായിരുന്നു എന്നത് ഇനിയും ആഘോഷിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 22 വര്‍ഷക്കാലം മലയാള സിനിമക്ക് എന്തായിരുന്നു ലോഹി എന്ന് നമ്മള്‍ ഇനിയും തിരിച്ചറിയാനിരിക്കുന്നതേ ഉളളൂ.
പേരും പ്രശസ്തിയും കൂടുമ്പോഴും നാട്ടിന്‍പുറമാണ് തന്‍റെ തട്ടകമെന്ന തിരിച്ചറിവില്‍ ഗ്രാമത്തിലേക്ക് കുടിയേറിയയാളാണ് ലോഹി. ഷൊര്‍ണൂരിനടുത്തുളള ലക്കിടിയിലെ അകലൂരില്‍ 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം വല്ലില്ലം എന്ന വീടുവാങ്ങി. ഈ വീട്ടില്‍ നിന്നും ചായക്കടയിലേക്കുളള പുലര്‍കാല നടത്തത്തിലാണ് അദ്ദേഹത്തിന് പല കഥാപാത്രങ്ങളേയും ഇടവഴികളില്‍ നിന്നും കളഞ്ഞു കിട്ടിയിരുന്നത്. ആ നടത്തം നിലക്കുമ്പോള്‍ നമുക്ക് നഷ്‍‍ടമാവുന്നത് നാട്ടുമണമുളള കഥകളും കഥാപാത്രങ്ങളുമാണ്. അതിന്‍റെ ആഴവും പരപ്പും കൃത്യമായി അറിവുളളതുകൊണ്ടായിരിക്കണം ലോഹിതദാസിന്‍റെ മരണവിവരമറിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് വാവിട്ടു കരഞ്ഞത്.
കൂടുതല്‍ വായിക്കാന്‍ >>

ദേശാഭിമാനി ആരുടെ തലയാണ് പരിശോധിക്കുന്നത്? (ജൂണ്‍ 20- 2009)


മുന്‍ ധനകാര്യ വകുപ്പ് സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കളളമാണെന്ന് തെളിഞ്ഞു എന്നതാണ് ഇന്നത്തെ ദേശാഭിമാനിയുടെ പ്രധാനവാര്‍ത്ത. ലാവലിന്‍ വിഷയത്തിലല്ല മറിച്ച് സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തലപരിശോധിക്കണമെന്ന പരാമര്‍ശമുണ്ടായതെന്നാണ് ദേശാഭിമാനി സ്ഥാപിക്കുന്നത്. ഇതോടെ ഇതോടെ സിബിഐ കെട്ടിച്ചമച്ച ലാവലിന്‍കേസ് മുഴുവനായി തകര്‍ന്നു തരിപ്പണമായെന്ന് അവകാശപ്പെടാന്‍ ദേശാഭിമാനിയുടെ തലസ്ഥാന ലേഖകന്‍ കെഎം മോഹന്‍ദാസ് ധൈര്യം കാണിച്ചിരിക്കുന്നു.

1997 സെപ്‍തംബര്‍ 11, 12, 13 തീയതികളില്‍ കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി പത്രങ്ങളില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പണം ട്രഷറികളില്‍ നിക്ഷേപിക്കുന്നതിനു പകരം അതാതു പഞ്ചായത്തുകളിലെ സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറിയായിരുന്ന വരദാചാരി എതിര്‍ത്തു. തുടര്‍ന്ന് സെക്രട്ടറിയെ നിലക്കു നിര്‍ത്തണമെന്നും മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്നുമാണ് പത്രങ്ങളില്‍ വന്ന വാര്‍ത്ത.
ലാവലിന്‍ വിഷയത്തില്‍ വരദാചാരിയുടെ തലപരിശോധിക്കണമെന്ന് പിണറായി പറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ ദേശാഭിമാനിക്കു കഴിഞ്ഞിട്ടില്ല. അതേസമയം സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറഞ്ഞിട്ടിട്ടുണ്ടെന്ന് ചെയ്തു
ഇത്രയൊക്കെ പറഞ്ഞ് ദേശാഭിമാനി തെളിയിക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയന്‍ വരദാചാരിയുടെ തലപരിശോധിക്കണമെന്ന് പറഞ്ഞത് ലാവലിനുമായി ബന്ധപ്പെട്ടല്ല മറിച്ച് സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്നാണ്. ലാവലിനുമായി ബന്ധപ്പെട്ട വരദാചാരിയുടെ പ്രതികരണം അടങ്ങിയ ഫയല്‍ കാണാതായെന്നും ദേശാഭിമാനി വാര്‍ത്തയില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. ലാവലിന്‍ വിഷയത്തില്‍ വരദാചാരിയുടെ തലപരിശോധിക്കണമെന്ന് പിണറായി പറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ ദേശാഭിമാനിക്കു കഴിഞ്ഞിട്ടില്ല. അതേസമയം സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറഞ്ഞിട്ടിട്ടുണ്ടെന്ന് ചെയ്തു.

മംഗളം മാത്രമാണ് ഇതേ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ലാവലിനുമായി നേരിട്ടു കരാറിലേര്‍പ്പെടുന്നതിനെ എതിര്‍ത്ത തന്‍റെ മസ്തിഷ്കം പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതിയിരുന്നതായി വരദാചാരി സിബിഐക്ക് മൊഴി നല്‍കിയെന്ന് ഈ വാര്‍ത്ത പറയുന്നു. വരദാചാരിയുടെ വിയോജനക്കുറിപ്പടങ്ങിയ ഫയല്‍ നഷ്ടമായെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, വരദാചാരിയടക്കം അക്കാലത്തെ ഉന്നത ഉദ്യോഗസ്‌ഥര്‍ നല്‍കിയ മൊഴികളില്‍നിന്നും വസ്‌തുതകള്‍ വ്യക്‌തമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനെ ചോദ്യംചെയ്‌തപ്പോള്‍ ലാവലിന്‍ ഫയലിലല്ല, മറിച്ച്‌ സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ്‌ തല പരിശോധിക്കണമെന്ന കുറിപ്പെഴുതിയതെന്നുമാണ്‌ പറഞ്ഞതെന്ന കാര്യവും സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ടെന്നും മംഗളം പറയുന്നു.

മംഗളം വാര്‍ത്ത



കുടുതല്‍ വായിക്കാന്‍ >>