Monday, May 3, 2010

പിണറായിയുടെയല്ല ഇത് സിപിഐഎമ്മിന്‍റെ 'വിധി' (05/01/10)

20090212510103011സുബിന്‍


എത് കേസിലായാലും പ്രതിചേര്‍ക്കപ്പെട്ടയാളുടെ ആഗ്രഹത്തിനനുസരിച്ച് കേസിന്‍റെ അന്വേഷണം നടത്താനാവില്ല. കേസ് ലാവലിന്‍ കേസായാലും പ്രതി പിണറായി വിജയനായാലും അത് അങ്ങനെ തന്നെ. ഒരു മിനിമം യുക്തി പോരേ ഇതൊക്കെ മനസിലാക്കാന്‍. ലാവലിന്‍ കേസില്‍ എകെ ആന്‍റണിയെ സാക്ഷിയാക്കണമെന്നും ജി കാര്‍ത്തികേയന്‍റെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കാണിച്ച് പിണറായി വിജയന്‍ ഹരജിഹരജി നല്‍കിയത് നീതിനിഷേധിക്കപ്പെട്ടവയാളുടെ അവസ്ഥയിലാണ്.



എന്നാല്‍ കോടതിക്ക് തോന്നിയത് ഇങ്ങനെ "നീതിനിഷേധം വ്യക്തമായാല്‍ സുപ്രീംകോടതിയിലും ഹൈ കോടതിയിലും നിക്ഷിപ്തമായ അന്വേഷണ മേല്‍നോട്ട അധികാരം വിചാരണക്കോടതിക്കും വിനിയോഗിക്കാനാവും. എന്നാല്‍, നീതി നിഷേധം തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. വിചാരണക്കോടതിയുടെ മേല്‍നോട്ടം അന്വേഷണക്കാര്യത്തില്‍ ആവശ്യമുള്ള കേസാണിതെന്ന് കരുതുന്നില്ല. ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ അന്വേഷണം അന്വേഷണ ഏജന്‍സിയുടെ മാത്രം ചുമതലയാണ്"- ലാവലിന്‍: ആന്റണിയെ സാക്ഷി ആക്കേണ്ട -കോടതി . അല്ലെങ്കിലും ബൂര്‍ഷ്വാ കോടതിയില്‍ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കാനാവൂ.


പൊരുത്തപ്പെടാത്ത പഠനവും തൊഴിലും പൊരുത്തപ്പെടാത്ത ദാമ്പത്യം പോലെയാണ്



സംശയം വേണ്ട, ഈ കോടതിവിധി പിണറായി വിജയനും സിപിഐഎമ്മിനും നാണക്കേട് തന്നെയാണ്.

സാധാരണ യുക്തിക്ക് മനസിലാകാന്‍ ബുദ്ധിമുട്ടുളള എഴുത്ത് കുറച്ചുകാലമായി ദേശാഭിമാനിയുടെ നിലപാട് പേജിന്‍റെ പ്രത്യേകതയാണ്. അത്തരത്തില്‍ വളഞ്ഞ് മൂക്കില്‍ പിടിക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള ഒന്ന് ഇന്നും ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ കോടതി വിധി വന്നതോടെ വ്യക്തമായത് സിബിഐയുടെ പക്ഷപാതമാണത്രേ. കഷ്ടം തോന്നുന്നു, ഇത്തരം കുഴലൂത്തുകള്‍ കാണുമ്പോള്‍. പിണറായിയുടെയല്ല ഇത് സിപിഐഎമ്മുകാരുടെ 'വിധി'.

പിണറായിയെ മോഡലാക്കി ദേശാഭിമാനിയില്‍ മനോരമ വക പരസ്യം (ഡിസംബര്‍ 31) 2009

de2സുബിന്‍

വിഷയം ലാവലിനും പിണറായിയുമായതിനാല്‍ പതിവുപോലെ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വാര്‍ത്തയില്ല. എന്നാല്‍ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പിണറായി വിജയനെ മോഡലാക്കിക്കൊണ്ട് ഒരു പരസ്യമുണ്ട്! അതും മനോരമ വക! അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന് ഏല്‍ക്കേണ്ടി വന്ന പോലീസ് മര്‍ദ്ദനങ്ങളാണ് ഏറ്റവും പുതിയ മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്‍റെ വിഷയം. പിണറായി വിജയന്‍റെ കാല് തല്ലിയൊടിച്ചതാര്? ഇതാണ് തലവാചകം.പോരേ പൂരം, തലയില്‍ മുണ്ടിട്ടാണെങ്കിലും സഖാക്കള്‍ പോലും വരിനിന്ന് ആഴ്ച്ചപതിപ്പ് വാങ്ങുമെന്ന് മനോരമക്കറിയാം.

സിപിഐഎമ്മിന്‍റെ എക്കാലത്തേയും വലിയ നാണക്കേട് കാലത്ത് നേതാവിനെക്കുറിച്ചുളള വീരാഥകള്‍ പാടാന്‍ ഏത് മനോരമ തയ്യാറായാലും കേള്‍ക്കാനിവിടെ ആളുണ്ടാകും. അത് കൃത്യമായി അറിയാവുന്നകുകൊണ്ടാണ് യോജിച്ചസമയത്ത് പിണറായി വിജയനെത്തന്നെ മോഡലാക്കിക്കൊണ്ട് ഇത്തരമൊരു കടുംകൈക്ക് മനോരമ തയ്യാറായത്. ഇതേ പരസ്യം കഴിഞ്ഞദിവസം മലയാള മനോരമ പത്രത്തിലുമുണ്ടായിരുന്നു. ഇന്ന് മറ്റൊരു പത്രത്തിലും മനോരമ പരസ്യം നല്‍കിയിട്ടുമില്ല.

പിണറായിയെ ആയാലും ഉണ്ണിത്താനെ ആയാലും എങ്ങനെയാണ് വില്‍ക്കേണ്ടതെന്ന് അറിയാവുന്നൊരു കച്ചവട മനസുണ്ട് മനോരമക്ക്. ഇഎംഎസ് നമ്പൂതിരിപ്പാട് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഏറ്റവും കൂടുതല്‍ എഴുതിയ പത്രമാണ് മനോരമ. അദ്ദേഹം മരിച്ചപ്പോള്‍ ഇഎംഎസിന്‍റെ വിപുലമായ ഫോട്ടോ പ്രദര്‍ശനം ആദ്യം നടത്തിയത് മലയാള മനോരമയാണ്. ഇക്കാര്യത്തില്‍ വിപ്ലവപത്രം പോലും പുറകിലേ വരൂ. അച്ചായന്‍റെ കച്ചവടബുദ്ധിക്ക് നമോവാകം പറയുകയല്ലാതെ എന്തുചെയ്യാന്‍.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സിബിഐ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരായതും കോടതി പിണറായിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചതുമാണ് പ്രധാനവാര്‍ത്ത.

ആന്ധ്രക്ക് പ്രസവവേദന, തിവാരിക്ക് വീണവായന (ഡിസംബര്‍ 27) 2009

17സുബിന്‍

വിഭജിക്കണമെന്നും അരുതെന്നും പറഞ്ഞ് തെരുവുയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. ചൊവ്വാഴ്ച്ചക്കുളളില്‍ തെലുങ്കാനയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല ബന്ദ് തുടങ്ങുമെന്നാണ് ചന്ദ്രശേഖരറാവുവിന്‍റെ പുതിയ ഭീഷണി. 1973 മുതല്‍ ഉണ്ടെങ്കിലും ഇന്നലെ പെയ്ത തെലുങ്കാനയില്‍ തഴച്ചുവളര്‍ന്നതാണ് ടിആര്‍എസും ചന്ദ്രശേഖരറാവുവും. എന്നാല്‍ ഇവര്‍ ആന്ധ്രയെ കത്തിക്കാനുളള ശേഷി നേടിക്കഴിഞ്ഞു. അതിനിടക്കാണ് ആന്ധ ഗവര്‍ണ്ണറായ നാരായണ്‍ ദത്ത് തിവാരി ലൈംഗികവിവാദത്തില്‍ പെട്ടതും രാജിക്കത്ത് നല്‍കിയതും.

ക്രിസ്മസ് ദിനത്തില്‍ എണ്‍പത്താറ് തികഞ്ഞ എബി വാജ്പേയിയേക്കാള്‍ രണ്ട് മാസം പ്രായക്കൂടുതലുളളയാളാണ് തിവാരി. ഈ തിവാരി ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ മൂന്ന് സ്ത്രീകളുമായി കിടക്ക പങ്കിട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എബിഎന്‍ ആന്ധ്രജ്യോതി എന്ന ചാനലാണ് വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടക്കത്തില്‍ നിരപരാധിയെന്ന് വാദിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം രാജിവെക്കാന്‍ തിവാരി കാട്ടിയ തിടുക്കം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

നാലു തവണ യുപി മുഖ്യമന്ത്രിയുംഉത്തരാഖണ്ഡിന്‍റെ ആദ്യമുഖ്യമന്ത്രിയുമായ തിവാരി കേന്ദ്രത്തിലെ വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധന-വിദേശകാര്യവകുപ്പുകളടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ്. രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നരസിംഹറാവുവിനൊപ്പം പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചയാളായിരുന്നു തിവാരി.

മാധ്യമസദാചാരത്തിനായി നിരന്തരം നിലകൊളളുന്ന ദേശാഭിമാനി മഞ്ഞപ്പത്രമെന്ന് അവര്‍തന്നെ വിശേഷിപ്പിക്കാറുളള ക്രൈമിന്‍റെ ഭാഷയിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. പറയുന്നത് സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ പറയാന്‍ ഈ ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. ദേശാഭിമാനിക്ക് ഇക്കാര്യത്തിലും ഉറപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. "പെകുട്ടികളെ സ്ഥിരമായി രാജ്ഭവനില്‍ പാര്‍പ്പിച്ച തിവാരി അവരുടെ നടുവില്‍ ഇരുന്നാണ് പല ഔദ്യോഗിക കാര്യവും നിര്‍വഹിച്ചിരുന്നതെന്ന് രാധിക പറയുന്നു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ പെകുട്ടികളെ അടച്ചിട്ടശേഷമാണ് തിവാരി താഴെയെത്തി അതിഥികളെ സ്വീകരിക്കുക. സുഹൃത്തുക്കളായ എംപിമാരും കോഗ്രസ് നേതാക്കളും തിവാരിയുടെ ആതിഥേയത്വം സ്വീകരിച്ച് പെകുട്ടികളെ ചൂഷണം ചെയ്യാനായി രാജ്ഭവനില്‍ നിരന്തരം വന്നുപോയിരുന്നു. രാജ്ഭവനെ തിവാരി അക്ഷരാര്‍ഥത്തില്‍ വേശ്യാലയമാക്കി മാറ്റിയെന്ന് രാധിക ആരോപിക്കുന്നു"-ആന്ധ്ര എംപിമാര്‍ വിയര്‍ക്കുന്നു

മധുകോഡയുടെ പിന്‍ഗാമിയായി സോറന്‍

18ജാര്‍ഖണ്ഡില്‍ ഷിബു സോറനെ മുഖ്യമന്ത്രിയായി വാഴിക്കാന്‍ ബിജെപി തയ്യാറായി. അങ്ങനെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 42 എംഎല്‍എമാരുടെ പട്ടികയുമായി രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഗുരുജി ഗവര്‍ണ്ണറെ കണ്ടു. 2500 കോടിയുടെ കോഴപ്പണക്കേസില്‍ അകത്തായ മധുകോഡയുടെ ഭാര്യ ഗീതാ കോഡ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മധുകോഡക്ക് പറ്റിയ പിന്‍ഗാമിയാണ് ഷിബു സോറനെന്ന് പറയാതിരിക്കാനാവില്ല.

ജനാധിപത്യത്തിന്‍റെ ഗതികേട് (ഡിസംബര്‍ 24) 2009

mm8സുബിന്‍

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ ഗുരുജിയെ പിന്തുണക്കുന്ന ആര്‍ക്കും ജാര്‍ഖണ്ഡ് ഭരിക്കാമെന്ന രൂപത്തിലായി. അങ്ങനെ ഗുരുജിയെന്ന ഷിബു സോറന്‍ രാജാവായി. 81 അംഗങ്ങളുളള നിയമസഭയില്‍ 18 സീറ്റ് കിട്ടിയ ഷിബു സോറന്‍റെ ജെഎംഎം ഏറ്റവും വലിയ കക്ഷിയേക്കാള്‍ വലുതായി. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ ദുരവസ്ഥകളിലൊന്ന്. രാഷ്ട്രീയത്തില്‍ അനുകരിക്കാന്‍ പാടില്ലാത്ത നിരവധി മാതൃകകള്‍ സംഭാവനചെയ്തയാളാണ് ഷിബു സോറന്‍. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന് കൊലക്കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ നടപടി നേരിടുന്ന ആദ്യവ്യക്തിയായിരുന്നു അദ്ദേഹം.

സോറന്‍ ശിക്ഷിക്കപ്പെട്ട ശശിനാഥ് ഝാ കൊലകേസ് അതിലും നാറിയകേസാണ്. 1993ല്‍ നരസിംഹറാവു സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ എംപിമാരെ നല്‍കുന്നതിന് ഷിബു സോറനും ജെഎംഎമ്മിനും കോണ്‍ഗ്രസ് കോഴ നല്‍കിയിരുന്നു. ഝാ ഈ കോഴവിവരം അറയുന്നയാളായിരുന്നു. കോഴപ്പണത്തിലെ വിഹിതം ചോദിച്ചതിനാണത്രേ ഝായെ കൊന്നുകളഞ്ഞത്.

മുഖ്യമന്ത്രിയായതിനുശേഷം എംഎല്‍എയാവാന്‍ മത്സരിച്ച് തോറ്റും ചരിത്രം രചിച്ചയാളാണ് ഗുരുജി. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷിബു സോറന്‍ മത്സരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായതിനുശേഷം എംഎല്‍എ സ്ഥാനത്തേക്ക് വീണ്ടും അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ട്. കഷ്ടം വെക്കുകയല്ലാതെ എന്തുചെയ്യും.

നമ്മുടെ പത്രങ്ങളെല്ലാം പൊതുവെ മറവിപ്രിയരാണ്. ഗുജറാത്ത് കലാപത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മോഡി മോഡിയോടെ തിരിച്ചു വന്നതിനെക്കുറിച്ച് എഴുതിയവര്‍ ഷിബു സോറനേയും സുഖിപ്പിച്ചു തന്നെ എഴുതിയിരിക്കുന്നു.

മണല്‍വാരി നിധിയുണ്ടാക്കുന്നത് ആരുടെ ക്ഷേമത്തിന്? (ഡിസംബര്‍ 23)

math2സുബിന്‍

ലയാളിയെ കോടികളുടെ കണക്കുപറഞ്ഞ് ‍ഞെട്ടിപ്പിക്കാറുളള ധനമന്ത്രി ഡോ. തോമസ് ഐസക്ക് മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തി. ക്ഷേമപെന്‍ഷനുകള്‍ മണല്‍വാരിക്കൊണ്ട് വര്‍ദ്ധിപ്പിക്കാം. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- "അണക്കെട്ടുകളിലെ മണല്‍ വാരുന്നതിലൂടെ ഇത്തവണ 200 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇത് 600-700 കോടിയാക്കിയാല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കടം വാങ്ങാതെ നടപ്പാക്കാനാവൂ"തോമസ് ഐസക്ക്. അതായത് പരീക്ഷണാടിസ്ഥാനത്തില്‍ അരുവിക്കര ഡാമില്‍ തുടങ്ങിയ മണല്‍വാരല്‍ 32 ഡാമുകളിലേക്ക് വികസിച്ച് 600-700കോടി ലാഭം കിട്ടുമ്പോള്‍ ക്ഷേമപെന്‍ഷനുകളുടെ കാര്യം നമുക്ക് നോക്കാം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
ഒന്നുകില്‍ വാര്‍ത്തയെ മാതൃഭൂമി ബോധപൂര്‍വ്വം ഒന്നാമതാക്കിയതാണ്. അല്ലെങ്കില്‍ വാര്‍ത്തയുടെ വാലും തലയും പ്രാധാന്യവും മനസിലാക്കാനാകാത്തവരാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

വാര്‍ത്തയുടെ ഏറ്റവും അവസാനം കൊടുത്ത ഈ വിവരമാണ് മാതൃഭൂമി വാര്‍ത്തയാക്കേണ്ടിയിരുന്നത്. അല്ലാതെ ഒരുമാസത്തെ വാര്‍ധക്യപെന്‍ഷന്‍ അരിവാങ്ങാന്‍ പോലും തികയില്ലെന്ന വാചകകസര്‍ത്തല്ല. മാത്രമല്ല ധനമന്ത്രി യാതൊരു ഉറപ്പും നല്‍കാഞ്ഞിട്ടും ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മാതൃഭൂമി തലവാചകമാക്കിയിരിക്കുന്നത്.

എംപി വീരേന്ദ്രകുമാര്‍ യുഡിഎഫിലേക്ക് ചേക്കേറിയതിനുശേഷം എല്‍ഡിഎഫ് അനുകൂലം എന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന വാര്‍ത്ത ഏറ്റവും പ്രധാനമാകുന്നത് ആദ്യമാണ്. ദേശാഭിമാനിയില്‍ പോലും കാര്യമായ പ്രാധാന്യം കിട്ടാത്ത ധനകാര്യമന്ത്രിയുടെ പ്രസംഗത്തിന് മാതൃഭൂമിയില്‍ ഒന്നാം സ്ഥാനം ലഭിച്ചു! ഒന്നുകില്‍ വാര്‍ത്തയെ മാതൃഭൂമി ബോധപൂര്‍വ്വം ഒന്നാമതാക്കിയതാണ്. അല്ലെങ്കില്‍ വാര്‍ത്തയുടെ വാലും തലയും പ്രാധാന്യവും മനസിലാക്കാനാകാത്തവരാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതോ മണല്‍വാരലിന് അനുകൂലമായി ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ വേണ്ടികാട്ടുന്ന ബോധപൂര്‍വ്വമായ പൊടിക്കയ്യുകളാണോ ഇതൊക്കെ.

വാര്‍ത്തയെന്ന് നടിക്കുന്ന ചില നിലപാടുകള്‍ (ഡിസംബര്‍ 19) 2009

deshabhimaniസുബിന്‍

ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായുടെ തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മന്ത്രിസഭാ തീരുമാനം മറികടന്ന് മുന്‍മന്ത്രി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദേശാഭിമാനി ഈ വാര്‍ത്തക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെ -ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാവിരുദ്ധം. ആരാണ് അങ്ങനെ പറഞ്ഞത്. ഈ വിഷയത്തില്‍ സുപ്രീംകോടതി യാതൊരു തീരുമാനവുമെടുത്തിട്ടില്ല. പിന്നെന്തിനാണ് ഇത്തരം വിഡ്ഢിത്തരങ്ങള്‍ക്ക് മുതിരുന്നത്. തീര്‍ച്ചയായും സിപിഐഎമ്മിന് വിഷയത്തില്‍ താത്പര്യങ്ങളും നിലപാടും കാണും. അതുപറയാനല്ലേ നിലപാട് പേജ്. നിലപാടുകളെ കുത്തിനിറച്ച് തലക്കെട്ടുപോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കുന്നതിനെ വാര്‍ത്തയെന്ന് വിളിക്കാനാവില്ല.

ഇന്ന് വാര്‍ത്തകളില്‍ തങ്ങളുടെ നിലപാട് കൃത്യമായി പ്രതിഫലിപ്പിച്ചിട്ടുളള മറ്റുരണ്ട് പത്രങ്ങളാണ് മാധ്യമവും ദീപികയും. ഈ പത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വാര്‍ത്തകള്‍ .

ചുമതലാബോധമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വര്‍ഗ്ഗീയച്ചുവയുളള മിന്നലാട്ടങ്ങള്‍ക്കുനേരെ മിണ്ടാതിരിക്കരുത്.

കറക്കിക്കുത്താനറിഞ്ഞാല്‍ ഡോക്ടറും എഞ്ചിനീയറുമാകാം (ഡിസംബര്‍ 8) 2009

karakkiസുബിന്‍

വിവേചനബുദ്ധിയാണ് മാധ്യമപ്രവര്‍ത്തകന്‍റെ പ്രാഥമിക യോഗ്യത. ഈ വിവേചനബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അനീഷ് ജേക്കബ് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഏത് മാധ്യമപ്രവര്‍ത്തകനും ചെയ്യാവുന്ന ശ്രദ്ധേയമായ ഒരു വാര്‍ത്ത. മാതൃഭൂമി ഈ വാര്‍ത്തക്ക് അര്‍ഹിക്കുന്നപ്രാധാന്യം നല്‍കിയിട്ടുണ്ടോ എന്നത് സംശയമാണ്. മാതൃഭൂമി ഒന്നാംപേജില്‍ നില്‍കിയിരിക്കുന്ന പി പി തങ്കച്ചന്‍റെ വാര്‍ത്താസമ്മേളനം വായിക്കുന്നതിനേക്കാളും എളുപ്പത്തില്‍ വായിക്കാവുന്ന വാര്‍ത്തയാണിത്. കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് പകുതിയായി കുറച്ചത് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് വേണ്ടിയാണെന്നതാണ് വാര്‍ത്ത. നെഗറ്റീവ് മാര്‍ക്ക് പകുതിയാക്കിയതോടെ ഒന്നും പഠിക്കാതെ പോയാലും 48 മാര്‍ക്ക് ലഭിക്കും.

അതിന്‍റെ വഴി ഇങ്ങനെ

  • എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു പേപ്പറിന്‌ 120 ചോദ്യമാണുള്ളത്‌. ഓരോ ചോദ്യത്തിനും അഞ്ച് (a.b.c.d.e) ഓപ്ഷനുകളാണ് ഉണ്ടാവുക. ശരിയുത്തരത്തിന് 4 മാര്‍ക്കും തെറ്റിന് നെഗറ്റീവ് അരമാര്‍ക്കുമാണ് നല്‍കുക(നേരത്തെ ഇത് -1 ആയിരുന്നു)

  • ഓരോ ഓപ്ഷനും 24 ശരിയുത്തരം വീതം കണക്കാക്കിയാണ് (24*5=120) ചോദ്യപ്പേപ്പര്‍ തയ്യാറാക്കുക. അതായത് 120 ചോദ്യങ്ങള്‍ക്കും a എന്നെഴുതിയാല്‍ നിങ്ങളുടെ 24 ചോദ്യങ്ങള്‍ ശരിയാവും.

  • 24ഉത്തരങ്ങള്‍ ശരിയായ നിങ്ങള്‍ക്ക് 96 (24*4) മാര്‍ക്ക് ലഭിക്കും. ഇനി തെറ്റുളള 96 (96*-.5=48)ഉത്തരങ്ങളുടെ മാര്‍ക്ക് കുറച്ചാല്‍ 96-48=48 മാര്‍ക്ക് കിട്ടും.


തെറ്റാതെ ഏതെങ്കിലും ഒരു ഓപ്ഷനില്‍ ടിക്കു ചെയ്യാന്‍ കഴിവുളളവരായിരിക്കുമോ നാളത്തെ നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും?

വാര്‍ത്തയിലേക്ക് >>കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

വാര്‍ത്തകളില്‍ ‘ത്രേ’ നിറക്കുന്ന പത്രങ്ങള്‍ (ഡിസംബര്‍ 6) 2009

pathramസുബിന്‍

തീവ്രവാദി വാര്‍ത്തകള്‍ കൊടുമ്പിരികൊണ്ടതിനുശേഷം മലയാള പത്രങ്ങളില്‍ നിറയെ ‘ത്രേ’യാണ്. ഇനി ‘ത്രേ’ ഉപയോഗിച്ചു മടുത്താല്‍ സൂചന, അറിവായത്, അറിയാന്‍ കഴിഞ്ഞത്, കരുതപ്പെടുന്നു, ഒരു ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞത് തുടങ്ങി ഉറപ്പില്ലാത്ത കുറച്ച് വാചകങ്ങളുണ്ടല്ലോ. അതുകൊണ്ട് തൃപ്തിപ്പെടാം. വായനക്കാര്‍ക്ക് അറിയാന്‍ ഏറെ താത്പര്യമുളള വിഷയമാണ് മലയാളിയുടെ തീവ്രവാദിബന്ധം. വാര്‍ത്തകളില്‍ ഈ വിഷയം നിറയുമ്പോള്‍ പരമാവധി വിവരങ്ങള്‍ ചേര്‍ക്കാന്‍ പത്രങ്ങള്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ് ഈ ‘ത്രേ’ യുടെ തളളിക്കയറ്റം. തെറ്റായ വാര്‍ത്തകളില്‍ നിന്നും രക്ഷപ്പെടാനുളള മുന്‍കൂര്‍ ജാമ്യം കൂടിയാണ് ഉറപ്പില്ലാതെ അവസാനിപ്പിക്കുന്ന ഇത്തരം വാചകങ്ങള്‍.
ഇന്നത്തെ പത്രങ്ങളിലെ ഉറപ്പില്ലാത്ത ചില ‘ത്രേ’ പ്രയോഗങ്ങള്‍.

  • നസീര്‍ ഉള്‍പ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങള്‍ക്ക് പാകിസ്താനില്‍ പലപ്പോഴായി പരിശീലനം ലഭിച്ചിരുന്നുവത്രെ.

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലപ്പുറം ചെട്ടിപ്പടി കോയസ്സന്‍കാനകത്ത് അബ്ദുല്‍ റഹീം എന്ന അഫ്താബും കൂട്ടത്തിലുണ്ടായിരുന്നത്രേ.

  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ യുവാക്കളുടെ വന്‍ശൃംഖല രൂപപ്പെടുത്താന്‍ സാധിച്ചെന്നും നസീര്‍ അവകാശപ്പെട്ടത്രേ.

  • ലഷ്കറെ തയിബയിലേക്കു കേരളത്തിനു പുറമേ, ബാംഗൂരില്‍നിന്നും ഹൈദരാബാദില്‍നിന്നും യുവാക്കളെ ചേര്‍ത്തിരുന്നതായി അറസ്റ്റിലായ ലഷ്കര്‍ ദക്ഷിണമേഖലാ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ കര്‍ണാടക പൊലീസിനോടു സമ്മതിച്ചതായി വിവരം.

  • 2008 ഫിബ്രവരിയില്‍ ഹൂബ്ലിയില്‍ പിടിയിലായ 'സിമി' പ്രവര്‍ത്തകന്‍ യഹ്യ കമ്മക്കുട്ടിയുമായും ബഷീറിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.


17 വര്‍ഷം മുമ്പത്തെ വാര്‍ത്ത എങ്ങനെ എക്സ്ക്ലുസീവാകും?

kk11ലിബര്‍ഹാന്‍ കമ്മിഷന്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് 'ക്ലീന്‍ചിറ്റ്' നല്‍കിയത് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) യുടെ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്നു നടിച്ചാണെന്ന് അറിവായെന്നത് എക്സ്ക്ലുസീവ് സീലടിച്ച് കേരളകൗമുദി നല്‍കി. കേരളകൗമുദിക്ക് ഈ വിവരം കിട്ടിയത് 17 വര്‍ഷം മുന്‍പത്തെ കേരളകൗമുദിയില്‍ നിന്നു തന്നെയാണ് എന്നതാണ് കൗതുകകരം.

കൗമുദി വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ "ബാബ്റി മസ്ജിദ് തകര്‍ക്കുമെന്ന് 1992 ഡിസംബര്‍ 1-ന് ഐ.ബി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോളെയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു". ഈ സംഭവം 1992 ഡിസംബര്‍ ഒന്നിന് കേരളകൗമുദി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ നിന്നും യുപിയുടെ അതിര്‍ത്തിയിലെത്താന്‍ റോഡുമാര്‍ഗ്ഗത്തില്‍ മുപ്പതുമിനിറ്റില്‍ താഴെ മാത്രം സമയമേ വേണ്ടൂ. ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും കര്‍സേവകര്‍ അയോധ്യയിലേക്ക് പ്രവഹിച്ചപ്പോഴും രാജ്യം സംഘര്‍ഷത്താല്‍ അസ്വസ്ഥാമായപ്പോഴും നമ്മുടെ പ്രധാനമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ല എന്നത് അപമാനകരംതന്നെയാണ്.

പതിനേഴ് വര്‍ഷം മുമ്പ് മാത്രമല്ല ഇന്നും പ്രാധാന്യമുളള വാര്‍ത്തയാണ് ഇത്. അതുകൊണ്ടുതന്നെ ആ വാര്‍ത്ത പുന:പ്രസിദ്ധീകരിക്കുന്നതും നല്ലകാര്യം തന്നെ. എന്നാല്‍ ഇതെങ്ങനെ കെ എസ് ശരത്‍‍ലാലിന്‍റെ പേരോട് കൂടിയ എക്ലുസീവ് വാര്‍ത്തയാവും ?

കുത്തകകള്‍ക്കുവേണ്ടിയല്ലാതെ പിന്തെന്തിനാണ് ഈ സര്‍ക്കാര്‍വക ഫെസ്റ്റിവല്‍ (ഡിസംബര്‍ 3) 2009

grandkerala-imageസുബിന്‍

ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണോ, അതോ കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ? എന്ന പ്രസക്തമായ ചോദ്യം സിവിക് ചന്ദ്രന്‍ മംഗളത്തില്‍ ചോദിച്ചിരിക്കുന്നു. മലയാളികള്‍ നട്ടുനനച്ച് വളര്‍ത്തിയ വിളകള്‍ക്ക് വിപണിനഷ്ടപ്പെടുമെന്ന പ്രചാരണമാണല്ലോ ആസിയാന്‍ കരാറിനോടുളള എതിര്‍പ്പിന് അടിത്തറ.

ആസിയാന്‍ കരാറിനെതിരെ കാസര്‍ഗോഡു മുതല്‍ രാജ്ഭവന്‍ വരെ ചങ്ങലകോര്‍ത്തവരാണ് ഇപ്പോള്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് കുഴലൂത്തു നടത്തുന്നത്. അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളാണ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളില്‍ എത്രയെണ്ണത്തിന് തൊഴിലാളികളോട് കൂറുണ്ടാകുമെന്ന് ‌കണ്ടറിയേണ്ടതാണ്.

സ്വര്‍ണ്ണം, തുണി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , ഷോപ്പിംഗ് മാളുകളിലെ അടിപൊളി വില്‍പ്പന തുടങ്ങിയവയല്ലാതെ മറ്റൊന്നും ഈ ഫെസ്റ്റിവലിലും ഗ്രാന്‍റാവാന്‍ പോകുന്നില്ല. പണ്ട് ഇടതു യുവജനസംഘടനകള്‍ ഓടി നടന്ന് തല്ലിപ്പൊട്ടിച്ച റിലയന്‍സിന്‍റ സ്വന്തം 'ബിഗ് ബസാറാ'ണ് സര്‍ക്കാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാള്‍ . സിവിക്കിന്‍റെ കോളത്തിലേക്ക്>>

" നമ്മുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക്‌ മുമ്പത്തേക്കാള്‍ വിപണി കണ്ടെത്താന്‍ കഴിയും. ഗ്രാമീണ പരിസ്‌ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്ന്‌ ലോകമെങ്ങും പ്രിയമുണ്ട്‌. നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ക്ക്‌, മൂല്യ വര്‍ധനയിലൂടെ വിപണി കീഴടക്കാന്‍ കഴിയും."

"ലോക വാണിജ്യ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താനുള്ള ഈ സര്‍ക്കാര്‍ വ്യാമോഹത്തിന്റെ ഫലമായി പത്ത്‌ നാടന്‍ ചന്തകളെങ്കിലും പുനരുദ്ധീകരിക്കപ്പെടുമോ? കേരളത്തിലെ കൊല്ലന്മാര്‍ അവരുടെ സ്വന്തം ആലകളില്‍ ഉണ്ടാക്കുന്ന ആയിരം കത്തികളെങ്കിലും വിറ്റു പോകുമോ? ഓണച്ചന്തയിലെന്നപോലെ അച്ചാര്‍ ‍, കൊണ്ടാട്ടം, അച്ചപ്പം, ചൂല്‌, കയില്‌, കൊട്ട, കലം, തഴപ്പായ തുടങ്ങി നാട്ടുകാരുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു പോകാനുള്ള സാധ്യതകള്‍ ഈ മാമാങ്കത്തിനിടയിലുണ്ടോ?"-ഒന്നരമാസം അടിച്ചു പൊളിക്കാം

shopping


പിതൃശൂന്യ പ്രാദേശികവാര്‍ത്തകള്‍ (നവംബര്‍ 28) 2009

mm3സുബിന്‍

ന്ധ്യംകരണ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച 23 സ്ത്രീകളെ ശസ്ത്രക്രിയാ ഉപകരണമില്ലെന്ന കാരണത്താല്‍ ആറുമണിക്കൂര്‍ മയക്കിക്കിടത്തിയതാണ് മലയാള മനോരമയിലെ പ്രധാനവാര്‍ത്ത. വാര്‍ത്തയുടെ മൂല്യമറിഞ്ഞ് നല്‍കാനുളള മനോരമയുടെ മിടുക്ക് അഭിനന്ദിക്കേണ്ടതാണ്. അതേ സമയം എത്രവലിയ വാര്‍ത്തയായാലും നല്‍കിയത് പ്രാദേശിക ലേഖകനാണെങ്കില്‍ ഒരു കാരണവശാലും പേര് നല്‍കില്ലെന്ന മോശം നിലപാടിന്‍റെ ഉദാഹരണം കൂടിയാണ് ഈ വാര്‍ത്ത. 'സ്വന്തം ലേഖകന്‍' എന്ന സ്ഥിരം പേരാണ് മനോരമ ഈ പ്രാദേശിക ലേഖകനും ചാര്‍ത്തി നല്‍കിയിരിക്കുന്നത്.

മെട്രോ മനോരമയില്‍ സിറ്റിസന്‍ ജേര്‍ണലിസ്റ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ വാര്‍ത്താരൂപത്തിലാക്കി അവരുടെ അഡ്രസും വേണ്ടിവന്നാല്‍(നാലുകോപ്പി കൂടുതല്‍ ചിലവാകുമെങ്കില്‍) ഫോട്ടോയും നല്‍കാന്‍ മടിക്കാത്ത പത്രമാണ് മനോരമ. പ്രാദേശിക ലേഖകരുടെ പ്രാധാന്യമുളള വാര്‍ത്തകള്‍ക്കെങ്കിലും ലേഖകന്‍റെ പേര് നല്‍കി അവരെ അവഗണിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.

ശസ്ത്രക്രിയക്കുവേണ്ടി മയക്കിക്കിടത്തിയതിനുശേഷമാണ് ശസ്ത്രക്രിയക്കുളള ഉപകരണങ്ങളില്ലെന്ന് കണ്ടെത്തിയത് എന്നത് തികഞ്ഞ അനാസ്ഥയുടെ ഉദാഹരണമാണ്. അധികൃതര്‍ തമ്മിലുളള ആശയവിനിമയത്തിലെ തകരാറാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് ഡിഎംഒയുടെ വിശദീകരണം.

മാതൃഭൂമിയില്‍ 'തര്‍ക്കമന്ദിരം' വീണ്ടും ബാബറി മസ്ജിദായി (നവംബര്‍ 27) 2009

untitled-41സുബിന്‍

ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നെഴുതിയത് മാതൃഭൂമി ഇന്ന് വീണ്ടും തിരുത്തി. ഡി ശ്രീജിത്തിന്‍റെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുളള ലേഖനത്തില്‍ ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരം എന്നാണ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് അത് വീണ്ടും ബാബറി മസ്ജിദ് എന്നാക്കിമാറ്റി. അതേസമയം കഴിഞ്ഞ ദിവസം തര്‍ക്കമന്ദിരമെന്ന് എഴുതിയത് എന്തെങ്കിലും തരത്തിലുളള പിഴവുകള്‍ മൂലമാണോ എന്നതിനെക്കുറിച്ച് ഒരുതരത്തിലുളള വിശദീകരണവും പത്രം നല്‍കിയിട്ടില്ല. ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്ന് വിശേഷിപ്പിക്കുന്നത് തങ്ങളുടെ പണി കൂടുതല്‍ എളുപ്പമാക്കുമെന്ന സംഘ്പരിവാര്‍ അജണ്ടയെക്കുറിച്ച് ധാരണയില്ലാത്തവരാകില്ല മാതൃഭൂമിയുടെ എഡിറ്റ്പേജ് നോക്കുന്നവര്‍ എന്നുതന്നെ കരുതുന്നു‍.
ആര്‍.എസ്.എസ്. അതിന്റെ രൂപവത്കരണകാലം മുതല്‍ ഹിന്ദുരാഷ്ട്രമെന്ന ആശയമുയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ വിഭാഗമായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നത് -ലിബര്‍ഹാന്‍

ഒറ്റനോട്ടത്തില്‍‌ ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നാമെങ്കിലും, വിഷയം മതവര്‍ഗ്ഗീയതയായതിനാല്‍ ഇതിലും ചെറിയ കാര്യങ്ങളിലും നമ്മള്‍ നിത്യ ജാഗ്രത്താവണം.സ്കൂളിലേക്ക് നടന്നുപോകുന്ന ഹിന്ദു പെണ്‍ക്കുട്ടിക്കില്ലാത്ത സ്കോളര്‍ഷിപ്പ് കാറില്‍ വരുന്ന മുസ്ലീം പെണ്‍കുട്ടിക്കുണ്ടെന്ന് പറഞ്ഞാണ് നമ്മുടെ നാട്ടിലും ഇത്തരക്കാര്‍ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകുന്നത്. ഒറ്റനോട്ടത്തില്‍ നിര്‍ദ്ദോഷമെന്ന് തോന്നുന്ന ഇത്തരം പ്രയോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മതാടിസ്ഥാനത്തിലുളള വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ്.
തര്‍ക്കമന്ദിരമെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മലയാള പത്രങ്ങളില്‍ വന്നതിലേക്കുവെച്ച് ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടാണ് ഡി ശ്രീജിത്തിന്‍റേത്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും രാഷ്ട്രീയവും റിപ്പോര്‍ട്ടിന്‍റെ ചില ഭാഗങ്ങളിലേക്ക് >>

"അയോധ്യാപ്രക്ഷോഭത്തെക്കുറിച്ചുള്ള അതിശയോക്തികലര്‍ന്ന പ്രചാരണം മാറ്റിനിര്‍ത്തിയാല്‍ സാധാരണജനങ്ങളുടെ -ഇടത്തരം ഹിന്ദുക്കളില്‍ നിന്നുപോലും- പിന്തുണയോ പൂര്‍ണമനസ്സോടെയുള്ള സഹകരണമോ ഇതിനു ലഭിച്ചിരുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍"

പുറത്തുനിന്ന് അയോധ്യയിലെത്തിയ കാര്‍സേവകര്‍ക്കും അവരുടെ നേതാക്കള്‍ക്കും താമസവും മറ്റു സൗകര്യങ്ങളും ഇവര്‍ മുന്‍കൂട്ടി ഒരുക്കിയിരുന്നു. ടെന്റുകളില്‍ താമസിപ്പിച്ചതും ഭക്ഷണം വിതരണം ചെയ്തതും അങ്ങനെയായിരുന്നു. 1992 ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ ഈ സൗകര്യങ്ങള്‍ നല്കുകയും ദിവസവുമുള്ള പൊതുയോഗങ്ങള്‍ വഴി കാര്‍സേവകരുടെ ആവേശം കെടാതെ സൂക്ഷിക്കുകയും ചെയ്തു.

ഇതിനെല്ലാമുള്ള പണം വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുടെയും പേരില്‍ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്നുകൊണ്ടിരുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്രോതസ്സുകളില്‍നിന്നു മാത്രമല്ല, കൃത്യമായ ബാങ്ക് അക്കൗണ്ടുകളിലൂടെയും വന്‍തുകകളുടെ വിനിമയം നടന്നു"

"ഒരുചെറിയ വിഭാഗം കാര്‍സേവകരാണ് തകര്‍ക്കല്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ അകത്തേക്കു കയറിയാല്‍ പ്രശ്‌നമാകും എന്നിരിക്കെ, കുറച്ചു പേര്‍ അകത്ത് കയറിയതും മകുടത്തിനു താഴെനിന്ന പണപ്പെട്ടിയും മറ്റിടങ്ങളിലെ പ്രതിമകളും മാറ്റിയതും അതിവേഗത്തില്‍ താത്കാലിക ക്ഷേത്രം അവിടെ പണിതതും അതികൃത്യമായ മുന്‍കൂര്‍ പദ്ധതിയുടെ പരിണാമമാണ് അവിടെ കണ്ടത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു"

ലിബര്‍ഹാനെ വെറുതേവിടൂ, തെറ്റുകാരെ ക്രൂശിക്കൂ (നവംബര്‍ 24) 2009

ie-24സുബിന്‍

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെകുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസിലെ മനീഷ് ചിമ്പര്‍ കഴിഞ്ഞ ദിവസമാണ് ചോര്‍ത്തി എക്സ്ക്ലുസീവാക്കിയത്. മലയാള പത്രങ്ങള്‍ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തെ എറ്റവും പ്രാധാന്യത്തില്‍ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ലിബര്‍ഹാന്‍റേയോ പി ചിദംബരത്തിന്‍റേയോ കയ്യില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചോര്‍ത്തിയത് ഞമ്മളല്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. അതേസമയം ബിജെപി ലിബര്‍ഹാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് അഭിപ്രായം പറഞ്ഞത്. കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യം ബിജെപിക്ക് ഉണ്ടാവാന്‍ സാധ്യതയില്ല.

സ്വാഭാവികമായും മുസ്ലിം സംഘടനകളെ അനുകൂലിച്ചും ആര്‍എസ്എസിനേയും പരിവാരങ്ങളേയും ആക്രമിച്ചുമാണ് മാധ്യമം മുഖപ്രസംഗം എഴുതിയിരിക്കുന്നത് ലിബര്‍ഹാന്‍ കണ്ടെത്തിയത് പണ്ടേ അറിഞ്ഞ സത്യം .


1992 ഡിസംബര്‍ ആറിനുശേഷം നടന്ന കലാപങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങളും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളുമാണ് ഇരകളായത് (ന്യൂനപക്ഷങ്ങള്‍ ). ഇന്ത്യയില്‍ ആര്‍എസ്എസിനും പരിവാരങ്ങള്‍ക്കുമായിരുന്നു കൂട്ടക്കൊലയുടെ ചുമതലയെങ്കില്‍ ബംഗ്ലാദേശില്‍ അത് ജമാഅത്തുകളാണ് ഏറ്റെടുത്തത്.

വാജ്പേയിയുടെ നേര്‍മുഖം തുറന്നുകാണിക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ നല്ലവശമെന്നും കോണ്‍ഗ്രസിനെ കുറ്റവിമുക്തമാക്കുന്നതാണ് ചീത്തവശമെന്നും കാണിച്ച് എംസിഎ നാസര്‍ എഡിറ്റ് പേജില്‍ എഴുതിയിരിക്കുന്നു.


കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് എംസിഎ നാസര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങള്‍ ഇവയാണ്-"1949ല്‍ പള്ളിയില്‍ വിഗ്രഹം ഒളിച്ചു പ്രതിഷ്ഠിച്ച കാലത്ത് നെഹ്റുവാണ് കേന്ദ്രത്തില്‍ പ്രധാനമന്ത്രി. 1986ല്‍ പള്ളി പൂജ നടത്താന്‍ തുറന്നുകൊടുത്തപ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ശിലാന്യാസം നടത്താന്‍ അനുമതി കൊടുത്തതും അദ്ദേഹം. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുമ്പോള്‍ നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയാണ് കേന്ദ്രത്തില്‍. സംസ്ഥാന ഗവര്‍ണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തിക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാറിന് അധികാരമുള്ളൂ എന്നു പറഞ്ഞ് കുറ്റമുക്തി നല്‍കാനാണ് ലിബര്‍ഹാന്‍ ശ്രമിക്കുന്നത്" അയോധ്യാ രാഷ്ട്രീയവും ലിബര്‍ഹാന്‍ കമീഷനും


ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യം




മാധ്യമം ബോധപൂര്‍വ്വം മറക്കുന്ന ചില വസ്തുതളുണ്ട്. അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദിന്‍റെ താഴികക്കുടങ്ങള്‍ തകര്‍ത്തപ്പോള്‍ അതുയര്‍ത്തിയ വര്‍ഗ്ഗീയ വിഷത്തിന്‍റെ അസ്വസ്ഥത ഇന്ത്യയുടെ നാലതിരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1992 ഡിസംബര്‍ ആറിനുശേഷം നടന്ന കലാപങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങളാണ് ഇരകളായതെങ്കില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഈ ഗതി ഹിന്ദുക്കള്‍ക്കായിരുന്നു. ന്യൂനപക്ഷങ്ങള്‍‍ക്കായിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ സത്യം. ഇന്ത്യയില്‍ ആര്‍എസ്എസിനും പരിവാരങ്ങള്‍ക്കുമായിരുന്നു കൂട്ടക്കൊലയുടെ ചുമതലയെങ്കില്‍ ബംഗ്ലാദേശില്‍ അത് ജമാഅത്തുകളാണ് ഏറ്റെടുത്തത്.


450വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന ബാബറി പളളി തകര്‍ക്കുന്നതിനെ ശുദ്ധീകരിക്കല്‍ (കര്‍സേവ) എന്ന പേരിട്ടുവിളിക്കുന്നതും നിങ്ങള്‍ പളളി തകര്‍ത്തെങ്കില്‍ ഞങ്ങള്‍ അമ്പലം തകര്‍ക്കുമെന്നു പറയുന്നതും ഒരുപോലെ എതിര്‍ക്കപ്പെടണം. മനുഷ്യത്ത്വം നശിച്ച ഇത്തരം ഹൃദയങ്ങളെയാണ് വിലക്കേണ്ടത്.


ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ദിവസത്തെ എക്സ്പ്രസ്


ie-x


ചോര്‍ന്ന വിവരങ്ങള്‍ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍തന്നെ അത് ഞെട്ടിപ്പിക്കുന്നതല്ല എന്നാണ് ദേശാഭിമാനിയും മാധ്യമവും വാര്‍ത്തകളില്‍ സൂചിപ്പിച്ചിരിക്കുന്നത് . കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ചോരാനുളള സാധ്യതകളെ ഇങ്ങനെ നിരത്തുന്നു.


"പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ ഇരുസഭയും പ്രക്ഷുബ്ധമാണ്. കരിമ്പുവില നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പേരില്‍ ആദ്യ രണ്ടു ദിവസം സഭ സ്തംഭിച്ചു. ആദ്യ ദിവസംതന്നെ ഉത്തരേന്ത്യയിലെ കരിമ്പുകര്‍ഷകര്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞിരുന്നു. പ്രതിരോധത്തിലായ സര്‍ക്കാരിന് ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പുനല്‍കേണ്ടിവന്നു. രാജ്യമെങ്ങും കുതിച്ചുകയറുന്ന വിലക്കയറ്റമാണ് കേന്ദ്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിഷയം. ഇക്കാര്യത്തിലും പ്രതിപക്ഷം കൂട്ടായി ആക്രമിക്കുമെന്ന് സര്‍ക്കാരിന് തീര്‍ച്ചയായിരുന്നു.


ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഓഹരിവില്‍പ്പന, സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള ബില്ലുകള്‍, മന്ത്രി എ രാജയുടെ സ്പെക്ട്രം അഴിമതി, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി അമേരിക്കയിലെത്തി ഒപ്പിടാന്‍പോകുന്ന ഭീകരത തടയാനുള്ള കരാറിലെയും ആണവ സഹകരണ കരാറിലെയും ദുരൂഹത, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോടികള്‍ വെട്ടിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളുമായ മധുകോഡയ്ക്ക് കോഗ്രസ് നേതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയരുമെന്ന് വന്നതോടെയാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോഗ്രസ് തീരുമാനിച്ചത്"-ജനവിരുദ്ധത മറയ്ക്കാന്‍ രാഷ്ട്രീയനാടകം-ദേശാഭിമാനി

ബാല്‍ താക്കറെ എന്ന 'ആട്' കടുവയായ കഥ(നവംബര്‍ 17) 2009

16സുബിന്‍

മറാത്തി പോലെ ഇംഗ്ലീഷ് വഴങ്ങാത്തതുകൊണ്ടാണ് ബാല്‍താക്കറെ മറാത്തി ഭാഷയില്‍ 'മാര്‍മിക്' എന്ന കാര്‍ട്ടൂണ്‍ മാസിക തുടങ്ങുന്നത്. ആദ്യലക്കങ്ങളില്‍ നിര്‍ദ്ദോഷകരമായ ലേഖനങ്ങളും വരകളും കൊണ്ടാണ് മാര്‍മിക് നിറഞ്ഞിരുന്നത്. യാദൃശ്ചികമായി ആരോ അയച്ച ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതോടെ പോട്ടിത്തെറികള്‍ തുടങ്ങി.

ബൊംബെയിലെ മുന്തിയ വ്യവസായസ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നത് തെക്കേ ഇന്ത്യയില്‍ നിന്നു കുടിയേറിയവരാണെന്നായിരുന്നു ലേഖനത്തിന്‍റെ സാരം. തുടര്‍ ലക്കങ്ങളില്‍ വന്ന പരമ്പര പ്രകമ്പനം കൊളളിക്കുന്നതായിരുന്നു. ലാര്‍സണ്‍ ട്രൂബോ, റിച്ചാര്‍ഡ്സണ്‍ ക്രൂഡാസ്, ഗ്ലാക്സോ, ഫൈസര്‍ എന്നിങ്ങനെയുളള വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായ തെക്കേഇന്ത്യക്കാരുടെ പേരുവിവരങ്ങളും ശമ്പളസ്കെയിലുകളും കുടുംബവിവരങ്ങളും എല്ലാം രേഖപ്പെടുത്തിക്കൊണ്ടുളള ലിസ്റ്റുകള്‍ 'മാര്‍മിക്കി'ല്‍ പ്രത്യക്ഷപ്പെട്ടു. സ്ഥലവാസികള്‍ക്ക് ലഭിക്കേണ്ട ജോലികളാണ് അന്യസംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നതെന്നു പറയാനും മാര്‍മിക്ക് മടിച്ചില്ല.
‘മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്കും കശ്മീര്‍ കശ്മീരുകാര്‍ക്കുമെങ്കില്‍ ഇന്ത്യക്കാരന്റെ ഇന്ത്യയെവിടെ?

'മാര്‍മിക്ക്' അഴിച്ചുവിട്ട സേനാനികള്‍ ട്രേഡ് യൂണിയന്‍ ശല്യക്കാരെ അടിച്ചമര്‍ത്താന്‍ പറ്റിയ ആയുധമാണെന്നു മനസിലാക്കിയ വ്യവസായികള്‍ താക്കറെക്ക് പിന്തുണ നല്‍കി. അങ്ങനെ അങ്ങനെ ബാല്‍താക്കറെ എന്ന ആട് കടുവയായി മാറി. ശിവസേനക്ക് സ്വന്തമായി സാമ്ന എന്ന മുഖപത്രമുണ്ടായി. അതിലൂടെ കടുവ ഇടക്കിടക്ക് പ്രാദേശികഗര്‍ജ്ജനം നടത്തി. തിരഞ്ഞെടുപ്പുകളായിരുന്നു ഗര്‍ജ്ജനങ്ങള്‍ക്കു പിന്നിലെ പ്രധാന ചോദന.

കാലം മാറി, ഇപ്പോള്‍ കടുവ ആടിലേക്ക് തിരിച്ചുളള പ്രയാണത്തിലാണെന്ന് ധരിച്ചിരിക്കുമ്പോഴാണ് ഒരു മുരള്‍ച്ച വരുന്നത്. അതിങ്ങനെ, ''സച്ചിന്‍ ക്രിക്കറ്റ് പിച്ചില്‍ ശ്രദ്ധവെച്ചാല്‍ മതി. രാഷ്ട്രീയം കളിക്കേണ്ട. വര്‍ഷങ്ങളെടുത്ത് ക്രിക്കറ്റില്‍ നിന്ന് നേടിയ ആദരവ് രാഷ്ട്രീയ പിച്ചില്‍ കളയരുത്. 105 മറാത്തികള്‍ ജീവന്‍ ബലിനല്‍കി മുംബൈയെ മഹാരാഷ്ട്രയോട് ചേര്‍ക്കുമ്പോള്‍ സച്ചിന്‍ ജനിച്ചിട്ടില്ല.

'താങ്കള്‍ രാജാവിനെ പോലെ കളിക്കുകയും ധനികനായി തീരുകയും ചെയ്തു. അതിലാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, ഒരു വാര്‍ത്താസമ്മേളനത്തില്‍ താങ്കള്‍ പറഞ്ഞത് മറാത്തി എന്നതിനെക്കാള്‍ ഇന്ത്യക്കാരന്‍ എന്നതിലാണ് അഭിമാനിക്കുന്നതെന്നാണ്. ഇത് മറാത്തികളെ വേദനിപ്പിച്ചു. എന്തായിരുന്നു ഇതിന്റെ ആവശ്യം. താങ്കള്‍ മറാത്തികളുടെ മനസ്സില്‍ നിന്ന് റണ്ണൗട്ടായിരിക്കുന്നു''-സാമ്നയുടെ മുഖപ്രസംഗത്തിലായിരുന്നു ബാല്‍ താക്കറെയുടെ ഈ എഴുത്ത്.

സച്ചിന്‍ അഭിമുഖത്തില്‍ പറഞ്ഞത് ''ഞാന്‍ ഇന്ത്യക്കാരനാണ്. മുംബൈ ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ട് മുംബൈ ഓരോ ഇന്ത്യക്കാരന്‍റേതാണ്. ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു " ഇതാണത്രേ ബാല്‍ താക്കറെയെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് സാമ്നയുടെ ഒന്നാം പേജില്‍ താക്കറെ പേരുവെച്ച് എഴുതിയത്.

രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും ഈ പ്രാദേശികതാ വാദത്തിനെതിരെ പ്രതികരണങ്ങളുണ്ടായെങ്കിലും ശശി തരൂരിന്‍റെ ട്വീറ്റ് മികച്ചു നില്‍ക്കുന്നു. 'മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്കും കശ്മീര്‍ കശ്മീരുകാര്‍ക്കുമെങ്കില്‍ ഇന്ത്യക്കാരന്റെ ഇന്ത്യയെവിടെ? പ്രാദേശിക വിഭാഗീയതകള്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനു ഭീഷണിയാണ്' നല്ലൊരു ട്വീറ്റ് വന്നപ്പോള്‍ ആര്‍ക്കും വേണ്ട. അപ്പോഴും തരൂര്‍ ആരായി?

* വിവരങ്ങള്‍ക്കും തലക്കെട്ടിനും ടിജെഎസ് ജോര്‍ജ്ജിന്‍റെ 'ഘോഷയാത്ര' എന്ന പുസ്തകത്തോട് കടപ്പാട്

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് 'ദൈവം' (നവംബര്‍ 14) 2009

sachin1സുബിന്‍

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് 'ദൈവം' 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെ ഗ്യാലറിയില്‍ ഏതോ സച്ചിന്‍ ആരാധകന്‍ ഉയര്‍ത്തിയ ബാനറിലായിരുന്നത്രേ ഈ വാചകങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ കളിയെഴുത്തുകാരില്‍ പ്രധാനിയായ കെ വിശ്വനാഥാണ് സമാനമായ വാക്കുകള്‍ ഉപയോഗിച്ച് സച്ചിനെക്കുറിച്ച് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്‍‍ട്രതലത്തില്‍ കളിതുടങ്ങിയിട്ട് നവംബര്‍ 15ന് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന അവസരമാണ് അദ്ദേഹത്തെ ഒരിക്കല്‍ കൂടി ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. സച്ചിന്‍ സമാനതകളില്ലാത്ത പ്രതിഭാസമാണെന്നതില്‍ കാര്യമായ തര്‍ക്കങ്ങളുണ്ടാവില്ല.

ടെസ്റ്റിലും ഏകദിനത്തിലുമായി അടിച്ചുകൂട്ടിയത് മുപ്പതിനായിരത്തോളം റണ്‍സ്. ഇതില്‍ 87 സെഞ്ച്വറികളും 144 അര്‍ദ്ധസെഞ്ച്വറികളും. ഫസ്റ്റ്ക്ലാസ് കളികൂടി കണക്കിലെടുത്താല്‍ റണ്‍സ് അമ്പതിനായിരം കടക്കും. മാതൃഭൂമിയും മലയാള മനോരമയും പ്രത്യേകം പേജുകള്‍ തന്നെ ക്രിക്കറ്റിലെ ദൈവത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.

തികഞ്ഞ ആരാധനയോടെയാണ് കെ വിശ്വനാഥ് മാതൃഭൂമിയില്‍ സച്ചിനെക്കുറിച്ചെഴുതിയിരിക്കുന്നത്. അത്യുന്നതങ്ങളില്‍ സച്ചിന് സ്തുതി. അടിയുറച്ച സച്ചിന്‍ വിശ്വാസിയായ വിശ്വനാഥ് സച്ചിനെ നിര്‍വ്വചിക്കുന്നതിങ്ങനെ "ഗവാസ്ക്കറുടെ അടിയുറച്ച പ്രതിരോധ തന്ത്രങ്ങള്‍ അതേപടി സച്ചിനിലുണ്ട്. ഈ പ്രതിരോധ തന്ത്രങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് തീര്‍ത്തും അക്രമോത്സുകമായ ഷോട്ടുകള്‍ കളിക്കുന്നു എന്നതാണ് സച്ചിന്‍റെ പ്രസക്തി"

സച്ചിന്‍റെ പഴയ ഫോട്ടോകള്‍ അദ്ദേഹത്തിനു തന്നെ കാണിച്ചു കൊടുത്താല്‍ എന്തായിരിക്കും പറയുക! സച്ചിന്‍ പറയാന്‍ സാധ്യതയുളള വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മലയാള മനോരമ ആല്‍ബം തയ്യാറാക്കിയിരിക്കുന്നു. വ്യത്യസ്ഥവും ലളിതവുമായിട്ടുണ്ട് സച്ചിന്‍ ആല്‍ബം . ക്രിക്കറ്റിനെയും സച്ചിനേയും വായിക്കാന്‍ താത്പര്യമുളളവര്‍ക്ക് വേണ്ടതെല്ലാം മനോരമയും മാതൃഭൂമിയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. മറ്റ് പത്രങ്ങള്‍ ഇവയുടെ ഏഴയലത്തുപോലും എത്തിയിട്ടില്ല. ആ ക്ഷീണം നാളെ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

mathrubhumi-14-1..................................................................................................................................


manorama-1

പിണറായിയുടെ കണക്കിലെ കളി (നവംബര്‍ 12) 2009

pinarayi-editedസുബിന്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടിനെക്കുറിച്ച് പിണറായിവിജയന്‍ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ നിരത്തിയിരിക്കുന്ന കണക്കിങ്ങനെ "കണ്ണൂരില്‍ 2006ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41,132 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അത് 41,944 ആയി വര്‍ധിച്ചു. എറണാകുളത്ത് 2006ല്‍ ലഭിച്ച വോട്ട് 37,348 ആയിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 37,499 വോട്ടു ലഭിച്ചു. ആലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 32,788 വോട്ടായിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 38,029 ആയി വര്‍ധിക്കുകയാണ് ചെയ്തത്" ഈ കണക്കിലൊരിടത്തും യുഡിഎഫിന് ഈ മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടിനെക്കുറിച്ച് പറയുന്നില്ല.

അത് പറഞ്ഞാല്‍ പൂച്ച് പുറത്താകുമെന്നതുതന്നെ കാരണം. ആലപ്പുഴയിലൊഴികെ രണ്ടുമണ്ഡലങ്ങളിലും യുഡിഎഫിന് കൂടിയ വോട്ടിന്‍റെ ഏഴയലത്തൊന്നുമില്ല ഇടതുമുന്നണിക്ക് കൂടിയ വോട്ട്. ആലപ്പുഴയില്‍ ഇടതുമുന്നണിക്ക് 5241 വോട്ടുകള്‍ കൂടുകയും വലതുമുന്നണിക്ക് 6947 വോട്ടുകള്‍ കുറയുകയുമാണ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തിന് കാര്യമായ ഊന്നല്‍ നല്‍കുന്നില്ല. കാരണം മാതൃഭൂമിയിലുണ്ട്.

മുന്നണികള്‍ക്ക് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ട്

table3



"സി.പി.എം. സ്ഥാനാര്‍ഥികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ എല്‍.ഡി.എഫിന്‌ വോട്ട്‌ ഇടിയുകയും സി.പി.ഐ. മത്സരിച്ച സ്ഥലത്ത്‌ വോട്ട്‌ ഉയരുകയും ചെയ്‌തത്‌ വിശദീകരിക്കാന്‍കൂടി സി.പി.എം. നേതൃത്വം വിഷമിക്കേണ്ടിവരും. സി.പി.എമ്മിനോടുള്ള എതിര്‍പ്പ്‌ സി.പി.ഐ.യോട്‌ ഇല്ലായിരുന്നുവെന്ന വാദങ്ങള്‍ക്ക്‌ ഇത്‌ ഇടയാക്കുകയും ചെയ്യും" വോട്ട്‌ വര്‍ധന: സി.പി.എം. അവകാശവാദം പൊള്ളയെന്ന്‌ കണക്കുകള്‍

പിണറായി വിജയന്‍റെ ഇതേ ലേഖനത്തിന്‍റെ മറ്റൊരു ഭാഗം"കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 23,207 ആയിരുന്നു. അത് 12,043 ആയി കുറഞ്ഞു. എറണാകുളത്ത് 14,547 വോട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ ലഭിച്ചത്. അത് 8,630 ആയി കുറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലാവട്ടെ 19,451 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതലായി നേടിയെങ്കില്‍ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 4745 ആയി കുറഞ്ഞു"

ഇവിടെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത് ലോകസഭാ തിര‍ഞ്ഞെടുപ്പാണ്. നിയമസഭ തിരഞ്ഞെടുപ്പും ലോകസഭ തിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമെല്ലാം വോട്ടര്‍മാര്‍ വ്യത്യസ്ഥമായാണ് കാണുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വലിയ തോല്‍വിയെ അടിസ്ഥാനമാക്കി ചെറിയ തോല്‍വിക്ക് ന്യായീകരണം കണ്ട് അപഹാസ്യരാവുന്നു. പിണറായി വിജയന്‍റെ ലേഖനം മുഴുവന്‍വായിക്കാന്‍>> നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്

അപമാനം, ഈ മഹാ നശീകരണ സേന (നവംബര്‍ 10) 2009

azmiസുബിന്‍

ബോംബെയില്‍ അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമായി ദക്ഷിണേന്ത്യക്കാരെ തിരഞ്ഞു പിടിച്ച് തല്ലിയാണ് ശിവസേന പിറന്നുവീഴുന്നത്. മഹാരാഷ്‍‍ട്രക്കാര്‍ക്ക് അവകാശപ്പെട്ട സംസ്ഥാനത്തെ വെളളക്കോളര്‍ ജോലികള്‍ കൊണ്ടുപോകുന്നു എന്ന കാരണം പറഞ്ഞായിരുന്നു അന്നത്തെ തല്ല്. അന്നത്തെ ശിവസേനയുടെ തോന്നിവാസത്തിന്‍റെ എസന്‍സാണ് മഹാരാഷ്‍‍ട്ര നവനിര്‍മ്മാണ്‍ സേന.

എസന്‍സിന്‍റെ മേന്മ എംഎന്‍എസ് വീണ്ടും തെളിയിച്ചു. മഹാരാഷ്‍‍ട്ര നിയമസഭയില്‍ സമാജ്‍വാദി പാര്‍ട്ടിയുടെ എംഎല്‍എയായ അബു അസ്മി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ശ്രമിച്ചു. എംഎല്‍എമാര്‍ മറാത്തിയില്‍ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് രാജ്താക്കറെയുടെ സുഗ്രീവാജ്ഞയുണ്ടായിരുന്നു. അബു അസ്മി ഇത് ലംഘിക്കാന്‍ ശ്രമിച്ചത് നശീകരണ സേനയുടെ വാനരന്‍മാര്‍ക്ക് സഹിച്ചില്ല. അവര്‍ അസ്മിയെ വളഞ്ഞിട്ട് തല്ലി.

നമ്മുടെ രാജ്യം പിന്തുടരുന്നത് രാജ് താക്കറെയുടെ ഭരണഘടനയല്ല. ഒരു സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഏത് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യണം എന്നത് നിശ്ചയിക്കാന്‍ രാജ്താക്കറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. എല്ലാവര്‍ക്കും അപമാനമാണ് ഈ മഹാനശീകരണ സേന.

ആശിക്കണ്ട, വത്തിക്കാനില്‍ മാര്‍ക്സില്ല(നവംബര്‍ 3) 2009

deepika1സുബിന്‍

ഭ മാര്‍ക്സിനെ വാഴ്ത്തുന്നു എന്ന തെറ്റിദ്ധാരണ ഇനി വേണ്ട. 'നസ്രാണി' ദീപികയുടെ എഡിറ്റ് പേജില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. സഭക്ക് യോജിച്ചുപോകാവുന്ന ഒരു സിദ്ധാന്തവും നിലവിലില്ലെന്നും അതുകൊണ്ടുതന്നെ ഒരു സിദ്ധാന്തത്തോടും സഭ താദാത്മ്യപ്പെടുന്നില്ലെന്നും ലേഖനത്തില്‍ അസന്ധിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

മാര്‍ക്സിസ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു എന്ന് പറഞ്ഞ് ദേശാഭിമാനി ഒക്ടോബര്‍ 28ന് എഴുതിയിരുന്നു(വത്തിക്കാനിലെ മാര്‍ക്സ്). 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം പുന:പ്രസിദ്ധീകരിക്കുകയാണ് ദേശാഭിമാനി ചെയ്തത്. ഏഴാം നാളില്‍ ദീപിക തിരിച്ചടിച്ചു.

ലേഖനത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍

"ഒക്ടോബര്‍ 21ന് ഒസര്‍വത്തോരെ റൊമാനോയില്‍ വന്ന ഫാ. ജോര്‍ജ് സാന്‍സിന്‍റെ (അദ്ദേഹം ജര്‍മ്മന്‍കാരനാണ്) ഒരു ലേഖനം. ഈ ലേഖനം കേരളത്തില്‍ ആരും ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അതിന്‍റെ മൂലരൂപം Civilta Catholica എന്ന മാസികയില്‍ വന്ന ഒരു ലേഖനമാണ്. അത് ഇറ്റാലിയന്‍ ഭാഷയില്‍ തന്നെയാണ്. ഇവിടെ ചില പത്രങ്ങള്‍ ആധാരമാക്കുന്നത് 'ഇക്കണോമിക്സ് ടൈംസ് ' എന്ന ഇംഗ്ലീഷ് പത്രത്തില്‍ (മുതലാളി പത്രമാണെന്നതു വിടാം) എന്ന റിപ്പോര്‍ട്ടാണ്.

'ഒസര്‍വത്തോരെ റൊമാനോ'യില്‍ തങ്ങള്‍ക്കാവശ്യമുളളതു വായിച്ച് തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കി സഭയെ വികൃതമായി ചിത്രീകരിക്കുന്ന സ്വഭാവം പല യൂറോപ്യന്‍ മാധ്യമങ്ങള്‍ക്കുമുണ്ട് എന്ന് നമുക്കറിയാം. ഏതായാലും യഥാര്‍ത്ഥ ലേഖനത്തെ ആധാരമാക്കിയല്ല ഇവിടത്തെ ആഹ്ലാദപ്രകടനം. ടൈംസ് ലേഖകന്‍റെ ഭാവനക്കനുസരിച്ച് ചമച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്"

ദേശാഭിമാനിയില്‍ ഒക്ടോബര്‍ 28ന് വന്ന ലേഖനം

deshabhimaniനിരോധിത മേഖലയിലേക്കുളള ദേശാഭിമാനിയുടെ ഈ കടന്നുകയറ്റത്തിന് മറുപടി മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ലേഖനത്തിലിങ്ങനെ>>

"ഒസര്‍വത്തോരെ റൊമാനോയില്‍ ലേഖകന്‍ മാര്‍ക്സിസത്തെ മുഴുവന്‍ അഗീകരിക്കയല്ല ചെയ്യുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മാര്‍ക്സിന്‍റെ ആദ്യകൃതികളില്‍ മൂലധനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. പിന്നീട് അദ്ദേഹം അത് സമൂഹത്തിന്‍റെ രൂപീകരണത്തിനുളള ഒരുപാധിയും രാഷ്‍‍ട്രീയസിദ്ധാന്തവുമാക്കി മാറ്റിയപ്പോള്‍ പിശകുപറ്റി.

പിന്നെ അദ്ദേഹത്തിന്‍റെ അനുയായികള്‍ കൂടുതല്‍ തെറ്റായ നിഗമനങ്ങളെടുത്തു ചെയ്ത കുറ്റകൃത്യങ്ങള്‍ക്കെല്ലാം മാര്‍ക്സ് ഉത്തരവാദിയല്ലെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതു ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒരു വിഷയമാണ്. ഇത് ഫാ. ജോര്‍ജ്ജിന്‍റെ വ്യക്തിപരമായ അഭിപ്രായവുമാണ്"

"വൈരുദ്ധ്യാത്മക ഭൗതികവാദം നന്നായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന് ഈയിടെ ഒരു സമുന്നത നേതാവു പറഞ്ഞല്ലോ. ഇങ്ങനെയൊരു തത്വശാസ്ത്രത്തെ സഭയ്ക്ക് എങ്ങനെ അംഗീകരിക്കാനാവും? ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്!!!"

ദേശാഭിമാനി ഇനിയും ആശിക്കണ്ട, വത്തിക്കാനില്‍ മാര്‍ക്സ് പോയിട്ട് മാര്‍ക്സിന്‍റെ പൊടിപോലുമില്ല.

ഇന്ദിരയെ പൂജിച്ച് പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന മനോരമ (ഒക്ടോബര്‍ 31) 2009

41സുബിന്‍

മാധ്യമസ്വാതന്ത്ര്യത്തിനു നേരെ കേരളത്തില്‍ എന്തോ വലിയ കടന്നുകയറ്റമുണ്ടായതായി മലയാള മനോരമക്കും സുജിത് നായര്‍ക്കും വെളിപാടുണ്ടായിരിക്കുന്നു. ഈ വെളിപാടിന്‍റെ തൊട്ടപ്പുറത്ത് മലയാള മനോരമ ആഘോഷിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ബലിദാനത്തിന്‍റെ കാല്‍ നൂറ്റാണ്ട്. പണ്ട് ഇതേ ഇന്ദിര പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാധ്യമങ്ങളോട് കുനിയാന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞതിന്‍റെ തഴമ്പ് തപ്പിനോക്കിയാല്‍ ഇപ്പോഴും കാണും മനോരമക്ക്.

സര്‍ക്കാരിന്‍റെ കീഴിലുളള വകുപ്പുകള്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനെ കാണിച്ചു മാത്രമേ ഔദ്യോഗിക വിവരങ്ങള്‍ നല്‍കാവൂ എന്നതാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന വിവരം. അതിനെ വാര്‍ത്തകള്‍ക്ക് സര്‍ക്കാര്‍ വിലങ്ങിട്ടെന്ന രൂപത്തില്‍ വെണ്ടക്കയാക്കിയിരിക്കുന്നു. "റെയ്ഡുകളില്‍ മാധ്യമപ്രവര്‍ത്തകരെ ഒപ്പം കൊണ്ടുപോകുന്നതും സര്‍ക്കാര്‍ വിലക്കി" ഇതാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന മാധ്യമങ്ങള്‍ക്കുനേരെ നടത്തിയ മറ്റൊരു അവകാശധ്വംസനം.

മറ്റൊരുകാര്യം അടിയന്തരാവസ്ഥയെ നട്ടെല്ലു നിവര്‍ത്തി എതിര്‍ത്തിരുന്ന മാതൃഭൂമിയാണ് ഇന്ന് ഇന്ദിരക്കു വേണ്ടി ഏറ്റവും ഉച്ചത്തില്‍ 'കീജയ്' വിളിച്ചിരിക്കുന്നതെന്നാണ്. അതില്‍ അത്ഭുതപ്പെടാനുമില്ല, വീരനും മാതൃഭൂമിയും കഴിഞ്ഞ സെപ്തംബര്‍ 22 മുതല്‍ യുഡിഎഫില്‍ ഒപ്പിട്ടതാണല്ലോ

mathrubhumi1ഇന്ദിരയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കേരളത്തിലെ 'യുവതുര്‍ക്കി'കളില്‍ പ്രധാനിയായിരുന്ന എകെ ആന്‍റണിയുടെ അഭിമുഖമാണ് പ്രധാനഇനം. ഈ വേര്‍പിരിയലിന് "രാഷ്‍‍ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ടെന്നാണ്" എകെ ആന്‍റണി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഏറ്റവും അസഹനീയമായിരിക്കുന്നത് ഇതിന് മാതൃഭൂമി നല്‍കിയ തലക്കെട്ടാണ് "അതുല്യ, അനുപമ". ഇതേ അഭിമുഖം ലേഖനരൂപത്തില്‍ നല്‍കിയ മനോരമക്കോ(ചങ്കുറപ്പുളള നേതാവ്) അഭിമുഖരൂപത്തില്‍ തന്നെ നല്‍കിയ ദീപികക്കോ (ജനഹൃദയങ്ങളിലെ ഇന്ദിരാജി) തലക്കെട്ടില്‍ മാതൃഭൂമിയോളം ഇന്ദിരാഭക്തി ചേര്‍ക്കാനായില്ല.

പോള്‍വധം വീണ്ടും

പോള്‍ വധക്കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍ നിന്ന് എടുത്തു മാറ്റി സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന് കാണിച്ച് കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജ്ജിന്‍റെ പിതാവ് ജോര്‍ജ് മുത്തൂറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതി കാരി സതീശിന്റെ അമ്മ വിലാസിനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത് ഓര്‍മ്മിപ്പിച്ചാണ് ദേശാഭിമാനിയും മാതൃഭൂമിയും വാര്‍ത്തയെ നല്‍കിയിരിക്കുന്നത്.

"ഹര്‍ജിയില്‍ പറയുന്ന ചില സംശയങ്ങള്‍
* ചവറയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഫോര്‍ഡ് എന്‍ഡെവര്‍ കാറിനകത്തും പുറത്തും രക്തക്കറ ഉണ്ടായിരുന്നു. കാറിനകത്തു വച്ച് പോളിനെ കുത്തിയതാകാം. രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല.
* മനുവിന്റെ മുറിവ് സ്വയമേല്പിച്ചതാണെന്ന് സംശയമുണ്ട്. പോളിന്റെ മൃതദേഹം കാണാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ മനുവിനെ കണ്ടിരുന്നു. പരിക്ക് ചെറുതായിരുന്നെങ്കിലും മനു ബോധരഹിതനായി അഭിനയിച്ചു.

* ദൃക്സാക്ഷികളായ ഡ്രൈവര്‍ ഷിബുവിന്റെയും മനുവിന്റെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പോള്‍ സഞ്ചരിച്ച കാറിലും ഷിബു ഓടിച്ച കാറിലുമുണ്ടായിരുന്നവരുടെ എണ്ണത്തെക്കുറിച്ചുള്ള പൊരുത്തക്കേട് ഇതില്‍ പ്രധാനമാണ്.
* ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തുന്നു. തൊട്ടടുത്ത ദിവസം കേട്ടുകേള്‍വിയില്ലാത്ത വിധം ഐ.ജി. വിന്‍സന്‍ എം. പോള്‍ കഥ വിവരിച്ചു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഐ.ജിക്ക് ഉത്തരം മുട്ടി. പ്രതികള്‍ അറസ്റ്റിലാവുന്നതിനും കത്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയുന്നതിനും മുമ്പായിരുന്നു ഈ വിശദീകരണങ്ങള്‍ "-പോള്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവിന്റെ ഹര്‍ജി

പോള്‍ വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ , നക്സല്‍വേട്ടക്ക് കേന്ദ്രം ഒരുങ്ങുന്നു, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം തികഞ്ഞു തുടങ്ങിയവയാണ് പ്രധാനവാര്‍ത്തകള്‍

പ്രണയത്തെ മതവുമായി കൂട്ടിക്കുഴക്കരുത് (ഒക്ടോബര്‍ 27) 2009

main2സുബിന്‍

ലൗജിഹാദിനെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട വാര്‍ത്ത വന്നത് സെപ്തംബര്‍ 30നാണ്. ഒക്ടോബര്‍ അഞ്ചിന് "സംസ്ഥാനത്ത് ഇതുവരെ 500 ഓളം പെണ്‍കുട്ടികള്‍ ഈ ചതിക്കെണിയില്‍ വീണുകഴിഞ്ഞെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അഞ്ച് കേസുകള്‍ മാത്രമാണ്" എന്നാണ് റിപ്പോര്‍ട്ടു കേരളകൗമുദി ചെയ്തത് -പെണ്‍കുട്ടികളുടെ കൊലയ്ക്കു പിന്നിലും 'ലൌ ജിഹാദ്'? .

ഒക്ടോബര്‍ പത്തിന് ഇതേ പത്രത്തില്‍ വടയാര്‍ സുനിലിന്‍റെ ഒരു കഥവാര്‍ത്ത വരുന്നു. ലൗജിഹാദിന്‍റെ keralakaumudhiചതിക്കുഴിയില്‍ വീണ 2866 പെണ്‍കുട്ടികളെക്കുറിച്ചായിരുന്നു വാര്‍ത്ത. കെ.സി.ബി.സിയുടെ കമ്മിഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് സംസ്ഥാനത്തെ എല്ലാ പാരിഷുകളുടെയും സഹായത്തോടെ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നതെന്നാണ് അവകാശപ്പെടുന്നത്>>ലൌ ജിഹാദിന്റെ ചതിക്കുഴിയില്‍ വീണത് 2866 പെണ്‍കുട്ടികള്‍ . വാര്‍ത്തയില്‍ ഒരിടത്തുപോലും ഏത് കാലയളവില്‍ ശേഖരിച്ചതാണ് വിവരങ്ങള്‍ എന്ന് പറയുന്നില്ല. കഥയുടെ ശക്തികുറയുമെന്ന തോന്നലാണോ കാരണം?

ഇതേ കണക്കുകള്‍ കാണിച്ച് ദീപിക ഒക്ടോബര്‍ 24, 25 തീയതികളില്‍ പരമ്പര ലേഖനമെഴുതി"പ്രണയം ചൂണ്ടക്കൊളുത്താവുമ്പോള്‍". ഇതില്‍ ചില മതസംഘടനകള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ 2006-09 കാലത്തെ വിവരങ്ങളാണ് ശേഖരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.

ഒരു പ്രത്യേക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേക്കാവുന്ന ആരോപണം എഡിറ്റ് പേജില്‍ deepika2എഴുതിയയാളുടെ(പ്രത്യേക ലേഖകന്‍ ) പേരുപോലും നല്‍കാതെയാണ് ദീപിക നല്‍കിയത്. സഭയുമായി ഇത്രയേറെ അടുത്തുനില്‍ക്കുന്ന ദീപിക എന്തുകൊണ്ടാണ് കെ.സി.ബി.സിയുടെ കമ്മിഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് സംസ്ഥാനത്തെ എല്ലാ പാരിഷുകളുടെയും സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് പറയാതിരുന്നത്?

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ ലൗജിഹാദെന്നു സംശയിക്കാവുന്ന തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഡിജിപി ഹൈക്കോടതിയില്‍ ഒക്ടോബര്‍ 23ന് ബോധിപ്പിച്ചത്. അന്യമതക്കാരായ യുവതികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ ഒരുവിഭാഗം മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേസ് ഡയറിയില്‍ പറഞ്ഞ ഡിജിപി ഇത്തരത്തില്‍ ഒരു സംഘടന 321പ്രവര്‍ത്തിക്കുന്നതായി പ്രത്യക്ഷത്തില്‍ തെളിവുകളില്ലെന്ന് പിന്നീട് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

അതിനെക്കുറിച്ച് ഒക്ടോബര്‍ 23 വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ തലക്കെട്ട് നോക്കുക.

  • സ്‌നേഹം നടിച്ചു മതംമാറ്റാന്‍ ശ്രമമുണ്ടെന്ന്‌ ഹൈക്കോടതിക്കു ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ -മംഗളം

  • പ്രണയത്തിന്റെ പേരില്‍ മതംമാറ്റം: സംഘടിതശ്രമമെന്ന് ഡിജിപി -മാതൃഭൂമി

  • ലവ് ജിഹാദ്: തെളിവില്ലെന്നു ഡിജിപി -മലയാള മനോരമ

  • പ്രണയം നടിച്ച് മതം മാറ്റാന്‍ ആസൂത്രിതശ്രമം -കേരളകൗമുദി

  • ലൗജിഹാദ് ആസൂത്രിത നീക്കമുണ്ടെന്നു ഡിജിപി -ദീപിക


മതപരിവര്‍ത്തനത്തിനായുളള ഉപാധിയായി പ്രണയത്തെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശക്തമായി എതിര്‍ക്കേണ്ടതു തന്നെയാണ്. സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം വാര്‍ത്തകള്‍ കുറച്ചുകൂടി സൂഷ്മതയോടെ വേണം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍. പ്രണയത്തെ മതവുമായി കൂട്ടിക്കുഴക്കാന്‍ നോക്കുന്ന അസംബന്ധവാദികള്‍ നിരാശരാകേണ്ടിവരും.

ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടതാണ് അവസാനമായി പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. "ലവ്‌ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രസ്ഥാനമൊന്നും കേരളത്തിലില്ല എന്നാണ്‌ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത്‌ പറയുന്നത്‌. എന്നാല്‍ മുസ്‌ലീം യുവാക്കളുമായി പ്രേമത്തിലാവുന്ന യുവതികളെ മതംമാറ്റാന്‍ സംഘടിത ശ്രമം നടക്കുന്നതായി സംശയിക്കാന്‍ കാരണമുണ്ട്‌ എന്ന്‌ നാലാം ഖണ്ഡികയില്‍ പറയുന്നു. ഈ വൈരുദ്ധ്യമാണ്‌ കോടതിയുടെ അതൃപ്‌തിക്ക്‌ കാരണം‌"- മാതൃഭൂമി

കേരളകൗമുദിയില്‍ വന്ന വെളളാപ്പളളി നടേശന്‍റെ അഭിമുഖം നോക്കുക>>'ലൌ കെണി ആര്‍ക്കും ഗുണം ചെയ്യില്ല' ഇത് വെളളാപ്പളളിയുമായി കേരളകൗമുദിയുടെ ഏതെങ്കിലും പ്രതിനിധി നടത്തിയ അഭിമുഖമല്ല. എസിവിയുടെ 'ഉളളുതുറന്ന്' എന്ന പരിപാടിയില്‍ വെളളാപ്പളി പറ‍ഞ്ഞതാണ് അച്ചടിച്ചുവന്നിരിക്കുന്നത്. തീര്‍ച്ചയായും പുന:പ്രസിദ്ധീകരിക്കല്‍ പാപമല്ല. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ലൗകെണി ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് തലക്കെട്ടു നല്‍കി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്.

1256583268vellaലൗജിഹാദിനെക്കുറിച്ച് നടേശന്‍ പറയുന്നതിങ്ങനെ "നല്ല വീട്ടിലെ പെണ്‍കുട്ടികളാണ് ലൌ ജിഹാദിന്റെ കെണിയില്‍പ്പെടുന്നത്. നന്നായി പെരുമാറുന്ന നിഷ്കളങ്കരായ സുന്ദരികളെയാണ് വലയില്‍ വീഴ്ത്തുന്നത്. വികാരമിളക്കിവിട്ട് മുതലെടുപ്പു നടത്തുന്നു. ഈഴവ സമുദായത്തില്‍നിന്നും നായര്‍ സമുദായത്തില്‍നിന്നുമെല്ലാം പെണ്‍കുട്ടികള്‍ ഇതില്‍പെട്ടുപോകുന്നു.

ആത്മീയമായി ചിന്തിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയണം. ആത്മീയതയുടെ അടിത്തറയില്‍നിന്നേ ഭൌതികമായി വളരാനാവൂ. ലൌ ജിഹാദ് - ഈ പ്രവണത നല്ലതല്ല. ചെയ്യുന്നവര്‍ക്ക് നല്ലതല്ല. ചെയ്യിക്കുന്നവര്‍ക്ക് നല്ലതല്ല. അനുഭവിക്കുന്നവര്‍ക്കും നല്ലതല്ല"

ഇത്തരത്തില്‍ ഒരഭിപ്രായപ്രകടനം നടത്തുന്നതും നല്ലതല്ല. വെളളാപ്പളളി അഭിമുഖത്തിനിടെ പറഞ്ഞതാണ് ഇന്നത്തെ വാചകം"എന്നെ എതിര്‍ക്കുന്ന ആരായാലും അവര്‍ക്കുളള ശിക്ഷ ഗുരുദേവന്‍ നല്‍കുമെന്ന വിശ്വാസമുണ്ട്" വിഗ്രഹാരാധനയെ എതിര്‍ത്ത നാരായണഗുരുവിന്‍റെ പ്രതിമയാണല്ലോ കേരളത്തില്‍ ഏറ്റവും കൂടുതലായി സ്ഥാപിക്കപ്പെട്ടിട്ടുളളത്. ശിക്ഷ ഗുരുദേവന്‍ നല്‍കുമായിരിക്കും.

"വെളളാപ്പളളിയുടെ വിശ്വാസം അദ്ദേഹത്തെയെങ്കിലും രക്ഷിക്കട്ടെ"

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കു മനസില്ല (ഒക്ടോബര്‍ 23)

newsanalysis23സുബിന്‍

കോണ്‍ഗ്രസിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മറ്റുളള പാര്‍ട്ടികള്‍. ഈയൊരു ലക്ഷ്യത്തിനായി പോരാടുമ്പോള്‍ ഇടതു വലതു മുന്നണി വ്യത്യാസങ്ങളില്ല. മഹാരാഷ്‍‍ട്രയിലും അരുണാചല്‍ പ്രദേശിലും തിളക്കത്തിലും ഹരിയാണയില്‍ അത്ര തിളക്കമില്ലാതെയും കോണ്‍ഗ്രസ് ജയിച്ചതല്ലെന്നും മറ്റു പാര്‍ട്ടികള്‍ ഒറ്റക്കും കൂട്ടായും അവരെ ബലമായി വിജയിപ്പിച്ചതാണെന്നുമാണ് കേള്‍വി. കോണ്‍ഗ്രസിനെ ജയിപ്പിക്കാനുളള മറ്റു പാര്‍ട്ടികളുടെ കഴിവിനെ പത്രങ്ങള്‍ വാര്‍ത്തയിലോ ലേഖനത്തിലോ നല്‍കിയിട്ടുമുണ്ട്.

ഈ പോക്കുപോയാല്‍ കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ എതിരാളികള്‍ അവരെ ജയിപ്പിക്കാതെ വിടുമെന്നു തോന്നുന്നില്ല. അതിനുളള പണിയില്‍ ദേശാഭിമാനി ഇന്നും ഒരു കുറവും വരുത്തിയിട്ടില്ല. 'അരിയെത്ര? പയറഞ്ഞാഴി' എന്ന മട്ടിലുളള ദേശാഭിമാനിയുടെ മുഖംപ്രസംഗത്തിന്‍റെ തലക്കെട്ടുതന്നെ ഇങ്ങനെ 'ബിജെപിക്ക് തിരിച്ചടി കോണ്‍ഗ്രസിനും'. ഈ തിരഞ്ഞെടുപ്പ് തോല്‍വിയോടെ ദേശാഭിമാനിക്ക് വ്യക്തമായ മൂന്നുകാര്യങ്ങള്‍ മുഖപ്രസംഗത്തിലെഴുതിയിട്ടുണ്ട്

ഒന്ന്: ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി തുടര്‍ന്നും ലഭിച്ചിരിക്കുന്നു.

രണ്ട്: കോഗ്രസിന് ഒട്ടും മുന്നേറാനായിട്ടില്ലെന്നു മാത്രമല്ല, അതിന്റെ ജനപിന്തുണ ഇടിഞ്ഞിരിക്കയുമാണ്.

മൂന്ന്: കോഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയശക്തിയുടെ ഐക്യപ്പെടല്‍ അനിവാര്യമായിരിക്കുന്നു.

ഒരു സന്ദേശം നല്‍കിയാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം അവസാനിക്കുന്നത്. "ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികളുടെ ഏകോപനവും വര്‍ഗീയവിപത്തും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ജനവിരുദ്ധമുഖവും തുറന്നുകാട്ടിയുള്ള ജനമുന്നേറ്റവുമാണ് രാജ്യത്തെ രക്ഷിക്കാനുള്ള വഴി എന്നത് വീണ്ടും വീണ്ടും സ്പഷ്ടമാവുകയാണ്. അത്തരമൊരു മുന്നേറ്റത്തിന് നായകത്വം വഹിക്കാനാകുന്നത് ഇടതുപക്ഷത്തിനാണ്. ഈ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റേത്"

എന്തും എത്രയും എങ്ങനെയും എഴുതുന്ന കലാരൂപത്തിന്‍റെ പേരാണ് മുഖപ്രസംഗം. ഒരാഴ്ച്ചയോ മാസമോ വര്‍ഷമോ കഴിഞ്ഞാലും ചീഞ്ഞുപോവില്ല. ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പത്തോ നൂറോ കൊല്ലങ്ങള്‍ക്കു ശേഷവും ഇതേ മുഖപ്രസംഗം ദേശാഭിമാനിയില്‍ തന്നെ പ്രസിദ്ധീകരിക്കാം.

കേരളകൗമുദി ഒഴികെയുളള പത്രങ്ങളെല്ലാം ഇതേ വിഷയത്തിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നതും. കോണ്‍ഗ്രസിനോട് ഏറ്റവും വിനീതവിധേയരായി എഴുതിയിരിക്കുന്നത് മാതൃഭൂമിയും മലയാള മനോരമയുമാണ്. മാധ്യമമാകട്ടെ കോണ്‍ഗ്രസിന്‍റെ വിജയത്തെ തീവ്രഹിന്ദുത്വത്തിനേറ്റ തിരിച്ചടിയായാണ് വ്യാഖാനിച്ചിരിക്കുന്നത്.

മുഖപ്രസംഗങ്ങള്‍

വാര്‍ത്തയിലെ മികച്ച തലക്കെട്ട്- 'മൂന്നിടവും മൂവര്‍ണം' മാധ്യമം

ജയത്തിലും തോല്‍വി കണ്ടെത്തിയ തലക്കെട്ട്- 'ഹരിയാനയില്‍ തിരിച്ചടി മഹാരാഷ്‍‍ട്ര, അരുണാചല്‍ വീണ്ടും കോണ്‍ഗ്രസിന്'- ദേശാഭിമാനി

വീക്ഷണമാണോ എന്ന് ധരിച്ചുപോയാല്‍ കുറ്റം പറയാനാവാത്ത വിധത്തിലാണ് മാതൃഭൂമി തലക്കെട്ടില്‍ നിറങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. പുത്തനച്ചി പുരപ്പുറം തൂത്തില്ലെങ്കിലേ അത്ഭുതമുളളൂ.

_8

വോട്ടര്‍പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളെക്കുറിച്ച് ദേശാഭിമാനിയും മലയാള മനോരമയും പ്രത്യേക വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ദേശാഭിമാനി എറണാകുളത്തും മലയാള മനോരമ കണ്ണൂരുമാണ് ക്രമക്കേട് ആരോപിച്ചിരിക്കുന്നത്.

മാധ്യമവിചാരം മാധ്യമത്തില്‍ പുനരവതരിച്ചു (ഒക്ടോബര്‍ 16)

sebastyan-pole-mസുബിന്‍

സെബാസ്റ്റ്യന്‍പോളിന്‍റെ മാധ്യമവിചാരണ മാധ്യമം പത്രത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നപേരില്‍ ‍പുനരവതരിച്ചു. എഴുത്തുകാരന്‍ സെബാസ്റ്റ്യന്‍പോളും വിഷയം മാധ്യമങ്ങളുമായതിനാല്‍ ഇന്നുമുതല്‍ തുടങ്ങുന്ന പ്രതിവാരകോളത്തിന്‍റെ പരസ്യത്തില്‍ 'മാധ്യമവിചാരം' എന്ന വാക്ക് ചേര്‍ത്തിട്ടുണ്ട്. ഒമ്പതുവര്‍ഷത്തോളം അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ കൈരളിയില്‍ അവതരിപ്പിച്ചിരുന്ന പരിപാടിയായ മാധ്യമവിചാരത്തെക്കുറിച്ച് വായനക്കാരന് വിചാരം വരുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന ബോധപൂര്‍വ്വമായ കൂട്ടിച്ചേര്‍ക്കല്‍.

ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന കോളത്തിന്‍റെ പരസ്യവാചകം ഇതാണ്." വാര്‍ത്താമാധ്യമങ്ങള്‍ . കണ്ണും കാതും കൂര്‍പ്പിച്ച് സമൂഹത്തിനുനേരെ പിടിച്ച കണ്ണാടികള്‍ . അവ തിരിച്ചു പിടിച്ചാല്‍ ... നിശിതമായൊരു മാധ്യമവിചാരം " മാധ്യമങ്ങള്‍ക്ക് ഒരു സദാചാരസംഹിത വേണോ എന്നതാണ് ശൂരതയോടെ ആരംഭിച്ചിരിക്കുന്ന കോളത്തിലെ ആദ്യ ലക്കത്തെ വിഷയം.

മാന്യമല്ലാത്തതോ സത്യമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകളുടെ പേരില്‍ പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥ ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന പോള്‍ ഒരു സദാചാരസംഹിത മാധ്യമങ്ങള്‍ക്ക് വേണമെന്നുതന്നെയാണ് കോളത്തില്‍ പറയുന്നത്. മലയാളത്തിലെഴുതുന്ന പത്രക്കാര്‍ക്ക് കാര്യമായി പരിചയമില്ലാത്ത ബിസിനസ് ജേര്‍ണലിസത്തിന്‍റെ ജീര്‍ണതകളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

ഒരു വാചകം ഫോര്‍ത്ത് എസ്റ്റേറ്റിലെ ആദ്യ ലക്കത്തില്‍ ആകര്‍ഷണീയമായി തോന്നി. "പോരായ്മകള്‍ വെളിപ്പെടുത്തുന്നവര്‍ സ്വന്തം പോരായ്മകള്‍ പരസ്യമാക്കാറില്ല". സ്വന്തം പോരായ്മകളെക്കുറിച്ച് ഉരിയാടാതെ മറ്റുളളവരുടെ പോരായമകളെക്കുറിച്ച് വര്‍ണ്ണിക്കുന്നതിന്‍റെ ഒരു സുഖം മാധ്യമപ്രവര്‍ത്തകര്‍ എല്ലാക്കാലത്തും അനുഭവിച്ചുപോന്നിട്ടുണ്ട്.

ഏതഹിംസയെക്കുറിച്ചാണു സര്‍ നിങ്ങള്‍ സംസാരിക്കുന്നത്?

irome1സുബിന്‍

"മണിപ്പൂരിലെ പട്ടാളനിയമം പിന്‍വലിക്കപ്പെടാതെ ഞാന്‍ എന്റെ മുടി കെട്ടില്ല, എണ്ണതേക്കില്ല, മുടീ ചീകില്ല, കണ്ണാടിനോക്കില്ല, ചെരിപ്പിടില്ല, ഒരിറ്റു ജലപാനമില്ല ഈ ഒമ്പത്‌ വര്‍ഷവുമവള്‍ സ്വന്തം പല്ല് തേച്ച്‌ കുലുക്കുഴിഞ്ഞിട്ടില്ല. ഒരിറ്റു വെള്ളമെങ്ങാനും ഇറങ്ങിപ്പോയാലോ? പഞ്ഞികൊണ്ടു പല്ലും മോണയും തുടയ്‌ക്കുകമാത്രം" ഇത് മണിപ്പൂരുകാരിയായ ഇറോം ചാനു ശര്‍മിളയുടെ പോരാട്ടജീവിതം. 2000 നവംബര്‍ അഞ്ചു മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുകയാണ് ശര്‍മിള.

കഴിഞ്ഞ ഒമ്പതുവര്‍ഷത്തിലേറെയായി നിരാഹാരസമരം വിജയകരമായി നടത്തുന്ന ശര്‍മ്മിളയെ മണിപ്പൂരിലെ ഭരണകൂടം എതിര്‍ക്കുന്ന രീതിയാണ് രസകരം. "ആത്മഹത്യാശ്രമം" എന്ന കുറ്റം ചുമത്തിയാണ് ശര്‍മ്മിളയെ അവര്‍ ജയിലിലടക്കുന്നത്. ഈ കുറ്റത്തിന് പരമാവധി ശിക്ഷ ഒരു വര്‍ഷമാണ്. അതുകൊണ്ട് ഓരോ വര്‍ഷം കഴിയുമ്പോഴും ശര്‍മ്മിള ജയില്‍മോചിതയാവും.

അടുത്ത ദിവസംതന്നെ ആത്മഹത്യക്ക് ശ്രമിച്ചു എന്ന കുറ്റത്തിന് വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടക്കും. ഇതിനിടക്ക് ഒരിക്കല്‍ പോലും അവര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. മൂക്കിലൂടെ നല്‍കുന്ന ആഹാരരൂപങ്ങളിലൂടെയാണ് ശര്‍മിളയുടെ ജീവന്‍ നിലനില്‍ക്കുന്നത്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയതെന്ന് വിശ്വസിക്കുന്ന നമ്മുടെ മാതൃരാജ്യത്ത് നടക്കുന്നതാണിത്.



സിവിക് ചന്ദ്രന്‍റെ മംഗളത്തിലെ കോളത്തിലാണ് ഇറോം ചാനു ശര്‍മ്മിള വിഷയമായിരിക്കുന്നത് > കോളത്തിലേക്ക്

"ഇന്ത്യയിലെ 20 സംസ്‌ഥാനങ്ങളിലെ 223 ജില്ലകള്‍ 'നക്‌സല്‍ബാധിത' പ്രദേശങ്ങളാണ്‌. സായുധ പരിശീലനം നേടിയ ഇരുപതിനായിരത്തോളം ഒളിപ്പോരാളികളാണ്‌ ഈ പ്രസ്‌ഥാനത്തിനുള്ളത്‌- ഭരണകൂടം സമ്മതിക്കുന്നു. സായുധ ഗറില്ലാ വിപ്ലവത്തിന്റെ ചോരയിറ്റുവീഴുന്ന മാവോയിസ്‌റ്റ് പാതകള്‍ മാത്രമല്ല ഇന്ത്യയിലുള്ളത്‌.

ഭരണകൂടത്തിന്റെ എത്ര പ്രകോപനങ്ങളുണ്ടായാലും ആയുധമെടുക്കുകയില്ല എന്നു ശഠിക്കുന്ന, ഹിംസ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ത്തന്നെ അത്‌ അപരനെതിരായിരിക്കില്ല, തങ്ങള്‍ക്കുതന്നെ എതിരായിരിക്കുമെന്നു ശഠിക്കുന്ന നൂറു കണക്കിനു ജനകീയ പ്രക്ഷോഭങ്ങളുണ്ട് നമ്മുടെ നാട്ടില്‍ ‌"

"എ.കെ. ആന്റണിയോ, ഒരു സ്‌ത്രീ ആയിട്ടും സോണിയാഗാന്ധിയോ ഇതുവരെ ഇറോം ശര്‍മിളയ്‌ക്കൊന്നു ഫോണ്‍ ചെയ്‌തു സംസാരിക്കുക എങ്കിലും ചെയ്‌തിട്ടില്ല. എന്ത്‌ അഹിംസയെ, ഏതഹിംസയെക്കുറിച്ചാണു സര്‍, നിങ്ങള്‍ സംസാരിക്കുന്നത്‌? രണ്ടു വര്‍ഷമായി ഒക്‌ടോബര്‍ രണ്ട്‌ ഗാന്ധിജിയുടെ ജന്മദിനം ഐക്യരാഷ്‌ട്രസംഘടനയുടെ നേതൃത്വത്തില്‍ ലോക അഹിംസാ ദിനമായാചരിച്ചു വരുന്നു.

irome2നമുക്കിടയിലെ ഒരു പെണ്‍കുട്ടി ഇതാ ഒമ്പതു വര്‍ഷമായി... തീവ്രവാദത്തെ, നക്‌സലിസത്തെ, അതിന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന നിലയില്‍ നേരിടണമെങ്കില്‍ എന്തുകൊണ്ടു തീവ്രവാദം എന്ന ചോദ്യം രാഷ്‌ട്രീയമായി അഭിമുഖീകരിക്കണം"

"എഴുപതുകളിലെ ബംഗാളില്‍, 'നക്‌സല്‍ബാരി'യുടെ ദിവസങ്ങളില്‍ കൊല്‍ക്കത്തയിലെ എല്ലാ വീടുകള്‍ക്കും പതിനാറിനും ഇരുപത്തഞ്ചിനുമിടയില്‍ പ്രായമുള്ള ഓരോരുത്തരെയെങ്കിലും നഷ്‌ടപ്പെട്ടു. മഹാശ്വേതാദേവി ചോദിക്കുന്നു: എന്തേ നമ്മുടെ മക്കള്‍? എന്താണു നമുക്കവരെ മനസിലാക്കാന്‍ കഴിയാതെ പോകുന്നത്‌? എന്തൊരു തരം അച്‌ഛനമ്മമാരാണ്‌ നമ്മള്‍?"

സിവിക് ചന്ദ്രന്‍റെ കോളത്തില്‍ (നാനാര്‍ത്ഥങ്ങള്‍ -ഇറോം ശര്‍മിളയെ എ.കെ. ആന്റണിക്കറിയില്ല അതിനാല്‍... ) വായിച്ചതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായത്.

ബര്‍ദന് കത്തെഴുതിയ ബിനോയ് വിശദീകരിക്കണം

വന്‍കിടവ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടു സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദനു കത്തെഴുതിയ വനംമന്ത്രി ബിനോയ് വിശ്വത്തോടു വെളിയം ഭാര്‍ഗവന്‍ വിശദീകരണം തേടി. തീര്‍ച്ചയായും വെളിയത്തിന് അതിനുളള അര്‍ഹതയുണ്ട്.

ഒരുവര്‍ഷം മുമ്പ് എഐടിയുസി സമ്മേളനത്തില്‍ സെസിനെതിരെ ആഞ്ഞടിച്ച അതേ വെളിയം തന്നെയാണ് പിറ്റേന്ന് വെളിവു നഷ്ടപ്പെട്ടവനെപ്പോലെ എന്തെതിര്‍പ്പ് ഏതെതിര്‍പ്പ് എന്ന് പുലമ്പിയത്. ബിനോയ് വിശ്വത്തിന്‍റെ കത്തിലെഴുതിയിരിക്കുന്നതിനെ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത് ഇപ്രകാരമാണ്.

"ബര്‍ദന്‍ തന്നെ നടത്തിയ സി. അച്യുതമേനോന്‍ സ്മാരക പ്രഭാഷണത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചാണു ബിനോയിയുടെ കത്ത്. കൃഷിഭൂമി ഒരു കാരണവശാലും വ്യവസായങ്ങള്‍ക്കും മറ്റു വികസന പദ്ധതികള്‍ക്കും വേണ്ടി വിനിയോഗിക്കരുതെന്നു ബര്‍ദന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കര്‍ഷകരുടെ താല്‍പര്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പദ്ധതികള്‍ക്ക് അതിവേഗ അനുമതി സംവിധാനം നടപ്പാക്കുന്ന കാര്യം സിപിഐയിലും ഇടതു മുന്നണിയിലും ചര്‍ച്ച ചെയ്യുന്ന ഈ സമയത്തു സ്വന്തം സഖാക്കള്‍ക്കു പോലും തന്റെ അഭിപ്രായത്തോടു യോജിപ്പുണ്ടാവണമെന്നില്ലെന്നും ബിനോയ് കത്തില്‍ പറയുന്നു"-മനോരമ

"വന്‍കിട സ്വകാര്യ സംരംഭങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ഉന്നതതലങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് അനുഭവപ്പെടുന്നത്. സ്ഥലദൗര്‍ലഭ്യം ഏറെയുളള കേരളത്തില്‍ പാടശേഖരങ്ങളിലും പരിസ്ഥിതി പ്രാധാന്യമുളള സ്ഥലങ്ങളിലുമാണ് സ്വകാര്യ സംരംഭകര്‍ നോട്ടമിട്ടിട്ടുളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

കൊച്ചി വളന്തക്കാട് ദ്വീപില്‍ 5000 കോടി മുതല്‍മുടക്കില്‍ നിലവില്‍ വരുന്ന ശോഭ ഹൈടെക്ക് സിറ്റിയെ കുറിച്ച് കത്തില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. കൊച്ചിയുടെ ശ്വാസകോശമായ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചാല്‍ അത് പാരിസ്ഥിതിക ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്നും വേണ്ട ഉപദേശം തരണമെന്നും ബര്‍ദാനോട് വനം മന്ത്രി അദ്യര്‍ത്ഥിക്കുന്നു. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനും മറ്റു മന്ത്രിമാര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്"-മാധ്യമം