Monday, May 3, 2010

പിണറായിയുടെയല്ല ഇത് സിപിഐഎമ്മിന്‍റെ 'വിധി' (05/01/10)

20090212510103011സുബിന്‍


എത് കേസിലായാലും പ്രതിചേര്‍ക്കപ്പെട്ടയാളുടെ ആഗ്രഹത്തിനനുസരിച്ച് കേസിന്‍റെ അന്വേഷണം നടത്താനാവില്ല. കേസ് ലാവലിന്‍ കേസായാലും പ്രതി പിണറായി വിജയനായാലും അത് അങ്ങനെ തന്നെ. ഒരു മിനിമം യുക്തി പോരേ ഇതൊക്കെ മനസിലാക്കാന്‍. ലാവലിന്‍ കേസില്‍ എകെ ആന്‍റണിയെ സാക്ഷിയാക്കണമെന്നും ജി കാര്‍ത്തികേയന്‍റെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കാണിച്ച് പിണറായി വിജയന്‍ ഹരജിഹരജി നല്‍കിയത് നീതിനിഷേധിക്കപ്പെട്ടവയാളുടെ അവസ്ഥയിലാണ്.



എന്നാല്‍ കോടതിക്ക് തോന്നിയത് ഇങ്ങനെ "നീതിനിഷേധം വ്യക്തമായാല്‍ സുപ്രീംകോടതിയിലും ഹൈ കോടതിയിലും നിക്ഷിപ്തമായ അന്വേഷണ മേല്‍നോട്ട അധികാരം വിചാരണക്കോടതിക്കും വിനിയോഗിക്കാനാവും. എന്നാല്‍, നീതി നിഷേധം തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. വിചാരണക്കോടതിയുടെ മേല്‍നോട്ടം അന്വേഷണക്കാര്യത്തില്‍ ആവശ്യമുള്ള കേസാണിതെന്ന് കരുതുന്നില്ല. ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ അന്വേഷണം അന്വേഷണ ഏജന്‍സിയുടെ മാത്രം ചുമതലയാണ്"- ലാവലിന്‍: ആന്റണിയെ സാക്ഷി ആക്കേണ്ട -കോടതി . അല്ലെങ്കിലും ബൂര്‍ഷ്വാ കോടതിയില്‍ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കാനാവൂ.


പൊരുത്തപ്പെടാത്ത പഠനവും തൊഴിലും പൊരുത്തപ്പെടാത്ത ദാമ്പത്യം പോലെയാണ്



സംശയം വേണ്ട, ഈ കോടതിവിധി പിണറായി വിജയനും സിപിഐഎമ്മിനും നാണക്കേട് തന്നെയാണ്.

സാധാരണ യുക്തിക്ക് മനസിലാകാന്‍ ബുദ്ധിമുട്ടുളള എഴുത്ത് കുറച്ചുകാലമായി ദേശാഭിമാനിയുടെ നിലപാട് പേജിന്‍റെ പ്രത്യേകതയാണ്. അത്തരത്തില്‍ വളഞ്ഞ് മൂക്കില്‍ പിടിക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള ഒന്ന് ഇന്നും ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ കോടതി വിധി വന്നതോടെ വ്യക്തമായത് സിബിഐയുടെ പക്ഷപാതമാണത്രേ. കഷ്ടം തോന്നുന്നു, ഇത്തരം കുഴലൂത്തുകള്‍ കാണുമ്പോള്‍. പിണറായിയുടെയല്ല ഇത് സിപിഐഎമ്മുകാരുടെ 'വിധി'.

പിണറായിയെ മോഡലാക്കി ദേശാഭിമാനിയില്‍ മനോരമ വക പരസ്യം (ഡിസംബര്‍ 31) 2009

de2സുബിന്‍

വിഷയം ലാവലിനും പിണറായിയുമായതിനാല്‍ പതിവുപോലെ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വാര്‍ത്തയില്ല. എന്നാല്‍ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പിണറായി വിജയനെ മോഡലാക്കിക്കൊണ്ട് ഒരു പരസ്യമുണ്ട്! അതും മനോരമ വക! അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന് ഏല്‍ക്കേണ്ടി വന്ന പോലീസ് മര്‍ദ്ദനങ്ങളാണ് ഏറ്റവും പുതിയ മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്‍റെ വിഷയം. പിണറായി വിജയന്‍റെ കാല് തല്ലിയൊടിച്ചതാര്? ഇതാണ് തലവാചകം.പോരേ പൂരം, തലയില്‍ മുണ്ടിട്ടാണെങ്കിലും സഖാക്കള്‍ പോലും വരിനിന്ന് ആഴ്ച്ചപതിപ്പ് വാങ്ങുമെന്ന് മനോരമക്കറിയാം.

സിപിഐഎമ്മിന്‍റെ എക്കാലത്തേയും വലിയ നാണക്കേട് കാലത്ത് നേതാവിനെക്കുറിച്ചുളള വീരാഥകള്‍ പാടാന്‍ ഏത് മനോരമ തയ്യാറായാലും കേള്‍ക്കാനിവിടെ ആളുണ്ടാകും. അത് കൃത്യമായി അറിയാവുന്നകുകൊണ്ടാണ് യോജിച്ചസമയത്ത് പിണറായി വിജയനെത്തന്നെ മോഡലാക്കിക്കൊണ്ട് ഇത്തരമൊരു കടുംകൈക്ക് മനോരമ തയ്യാറായത്. ഇതേ പരസ്യം കഴിഞ്ഞദിവസം മലയാള മനോരമ പത്രത്തിലുമുണ്ടായിരുന്നു. ഇന്ന് മറ്റൊരു പത്രത്തിലും മനോരമ പരസ്യം നല്‍കിയിട്ടുമില്ല.

പിണറായിയെ ആയാലും ഉണ്ണിത്താനെ ആയാലും എങ്ങനെയാണ് വില്‍ക്കേണ്ടതെന്ന് അറിയാവുന്നൊരു കച്ചവട മനസുണ്ട് മനോരമക്ക്. ഇഎംഎസ് നമ്പൂതിരിപ്പാട് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഏറ്റവും കൂടുതല്‍ എഴുതിയ പത്രമാണ് മനോരമ. അദ്ദേഹം മരിച്ചപ്പോള്‍ ഇഎംഎസിന്‍റെ വിപുലമായ ഫോട്ടോ പ്രദര്‍ശനം ആദ്യം നടത്തിയത് മലയാള മനോരമയാണ്. ഇക്കാര്യത്തില്‍ വിപ്ലവപത്രം പോലും പുറകിലേ വരൂ. അച്ചായന്‍റെ കച്ചവടബുദ്ധിക്ക് നമോവാകം പറയുകയല്ലാതെ എന്തുചെയ്യാന്‍.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സിബിഐ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരായതും കോടതി പിണറായിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചതുമാണ് പ്രധാനവാര്‍ത്ത.

ആന്ധ്രക്ക് പ്രസവവേദന, തിവാരിക്ക് വീണവായന (ഡിസംബര്‍ 27) 2009

17സുബിന്‍

വിഭജിക്കണമെന്നും അരുതെന്നും പറഞ്ഞ് തെരുവുയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. ചൊവ്വാഴ്ച്ചക്കുളളില്‍ തെലുങ്കാനയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല ബന്ദ് തുടങ്ങുമെന്നാണ് ചന്ദ്രശേഖരറാവുവിന്‍റെ പുതിയ ഭീഷണി. 1973 മുതല്‍ ഉണ്ടെങ്കിലും ഇന്നലെ പെയ്ത തെലുങ്കാനയില്‍ തഴച്ചുവളര്‍ന്നതാണ് ടിആര്‍എസും ചന്ദ്രശേഖരറാവുവും. എന്നാല്‍ ഇവര്‍ ആന്ധ്രയെ കത്തിക്കാനുളള ശേഷി നേടിക്കഴിഞ്ഞു. അതിനിടക്കാണ് ആന്ധ ഗവര്‍ണ്ണറായ നാരായണ്‍ ദത്ത് തിവാരി ലൈംഗികവിവാദത്തില്‍ പെട്ടതും രാജിക്കത്ത് നല്‍കിയതും.

ക്രിസ്മസ് ദിനത്തില്‍ എണ്‍പത്താറ് തികഞ്ഞ എബി വാജ്പേയിയേക്കാള്‍ രണ്ട് മാസം പ്രായക്കൂടുതലുളളയാളാണ് തിവാരി. ഈ തിവാരി ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ മൂന്ന് സ്ത്രീകളുമായി കിടക്ക പങ്കിട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എബിഎന്‍ ആന്ധ്രജ്യോതി എന്ന ചാനലാണ് വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടക്കത്തില്‍ നിരപരാധിയെന്ന് വാദിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം രാജിവെക്കാന്‍ തിവാരി കാട്ടിയ തിടുക്കം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

നാലു തവണ യുപി മുഖ്യമന്ത്രിയുംഉത്തരാഖണ്ഡിന്‍റെ ആദ്യമുഖ്യമന്ത്രിയുമായ തിവാരി കേന്ദ്രത്തിലെ വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധന-വിദേശകാര്യവകുപ്പുകളടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ്. രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നരസിംഹറാവുവിനൊപ്പം പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചയാളായിരുന്നു തിവാരി.

മാധ്യമസദാചാരത്തിനായി നിരന്തരം നിലകൊളളുന്ന ദേശാഭിമാനി മഞ്ഞപ്പത്രമെന്ന് അവര്‍തന്നെ വിശേഷിപ്പിക്കാറുളള ക്രൈമിന്‍റെ ഭാഷയിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. പറയുന്നത് സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ പറയാന്‍ ഈ ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. ദേശാഭിമാനിക്ക് ഇക്കാര്യത്തിലും ഉറപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. "പെകുട്ടികളെ സ്ഥിരമായി രാജ്ഭവനില്‍ പാര്‍പ്പിച്ച തിവാരി അവരുടെ നടുവില്‍ ഇരുന്നാണ് പല ഔദ്യോഗിക കാര്യവും നിര്‍വഹിച്ചിരുന്നതെന്ന് രാധിക പറയുന്നു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ പെകുട്ടികളെ അടച്ചിട്ടശേഷമാണ് തിവാരി താഴെയെത്തി അതിഥികളെ സ്വീകരിക്കുക. സുഹൃത്തുക്കളായ എംപിമാരും കോഗ്രസ് നേതാക്കളും തിവാരിയുടെ ആതിഥേയത്വം സ്വീകരിച്ച് പെകുട്ടികളെ ചൂഷണം ചെയ്യാനായി രാജ്ഭവനില്‍ നിരന്തരം വന്നുപോയിരുന്നു. രാജ്ഭവനെ തിവാരി അക്ഷരാര്‍ഥത്തില്‍ വേശ്യാലയമാക്കി മാറ്റിയെന്ന് രാധിക ആരോപിക്കുന്നു"-ആന്ധ്ര എംപിമാര്‍ വിയര്‍ക്കുന്നു

മധുകോഡയുടെ പിന്‍ഗാമിയായി സോറന്‍

18ജാര്‍ഖണ്ഡില്‍ ഷിബു സോറനെ മുഖ്യമന്ത്രിയായി വാഴിക്കാന്‍ ബിജെപി തയ്യാറായി. അങ്ങനെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 42 എംഎല്‍എമാരുടെ പട്ടികയുമായി രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഗുരുജി ഗവര്‍ണ്ണറെ കണ്ടു. 2500 കോടിയുടെ കോഴപ്പണക്കേസില്‍ അകത്തായ മധുകോഡയുടെ ഭാര്യ ഗീതാ കോഡ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മധുകോഡക്ക് പറ്റിയ പിന്‍ഗാമിയാണ് ഷിബു സോറനെന്ന് പറയാതിരിക്കാനാവില്ല.

ജനാധിപത്യത്തിന്‍റെ ഗതികേട് (ഡിസംബര്‍ 24) 2009

mm8സുബിന്‍

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ ഗുരുജിയെ പിന്തുണക്കുന്ന ആര്‍ക്കും ജാര്‍ഖണ്ഡ് ഭരിക്കാമെന്ന രൂപത്തിലായി. അങ്ങനെ ഗുരുജിയെന്ന ഷിബു സോറന്‍ രാജാവായി. 81 അംഗങ്ങളുളള നിയമസഭയില്‍ 18 സീറ്റ് കിട്ടിയ ഷിബു സോറന്‍റെ ജെഎംഎം ഏറ്റവും വലിയ കക്ഷിയേക്കാള്‍ വലുതായി. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ ദുരവസ്ഥകളിലൊന്ന്. രാഷ്ട്രീയത്തില്‍ അനുകരിക്കാന്‍ പാടില്ലാത്ത നിരവധി മാതൃകകള്‍ സംഭാവനചെയ്തയാളാണ് ഷിബു സോറന്‍. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന് കൊലക്കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ നടപടി നേരിടുന്ന ആദ്യവ്യക്തിയായിരുന്നു അദ്ദേഹം.

സോറന്‍ ശിക്ഷിക്കപ്പെട്ട ശശിനാഥ് ഝാ കൊലകേസ് അതിലും നാറിയകേസാണ്. 1993ല്‍ നരസിംഹറാവു സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ എംപിമാരെ നല്‍കുന്നതിന് ഷിബു സോറനും ജെഎംഎമ്മിനും കോണ്‍ഗ്രസ് കോഴ നല്‍കിയിരുന്നു. ഝാ ഈ കോഴവിവരം അറയുന്നയാളായിരുന്നു. കോഴപ്പണത്തിലെ വിഹിതം ചോദിച്ചതിനാണത്രേ ഝായെ കൊന്നുകളഞ്ഞത്.

മുഖ്യമന്ത്രിയായതിനുശേഷം എംഎല്‍എയാവാന്‍ മത്സരിച്ച് തോറ്റും ചരിത്രം രചിച്ചയാളാണ് ഗുരുജി. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷിബു സോറന്‍ മത്സരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായതിനുശേഷം എംഎല്‍എ സ്ഥാനത്തേക്ക് വീണ്ടും അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ട്. കഷ്ടം വെക്കുകയല്ലാതെ എന്തുചെയ്യും.

നമ്മുടെ പത്രങ്ങളെല്ലാം പൊതുവെ മറവിപ്രിയരാണ്. ഗുജറാത്ത് കലാപത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മോഡി മോഡിയോടെ തിരിച്ചു വന്നതിനെക്കുറിച്ച് എഴുതിയവര്‍ ഷിബു സോറനേയും സുഖിപ്പിച്ചു തന്നെ എഴുതിയിരിക്കുന്നു.

മണല്‍വാരി നിധിയുണ്ടാക്കുന്നത് ആരുടെ ക്ഷേമത്തിന്? (ഡിസംബര്‍ 23)

math2സുബിന്‍

ലയാളിയെ കോടികളുടെ കണക്കുപറഞ്ഞ് ‍ഞെട്ടിപ്പിക്കാറുളള ധനമന്ത്രി ഡോ. തോമസ് ഐസക്ക് മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തി. ക്ഷേമപെന്‍ഷനുകള്‍ മണല്‍വാരിക്കൊണ്ട് വര്‍ദ്ധിപ്പിക്കാം. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- "അണക്കെട്ടുകളിലെ മണല്‍ വാരുന്നതിലൂടെ ഇത്തവണ 200 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇത് 600-700 കോടിയാക്കിയാല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കടം വാങ്ങാതെ നടപ്പാക്കാനാവൂ"തോമസ് ഐസക്ക്. അതായത് പരീക്ഷണാടിസ്ഥാനത്തില്‍ അരുവിക്കര ഡാമില്‍ തുടങ്ങിയ മണല്‍വാരല്‍ 32 ഡാമുകളിലേക്ക് വികസിച്ച് 600-700കോടി ലാഭം കിട്ടുമ്പോള്‍ ക്ഷേമപെന്‍ഷനുകളുടെ കാര്യം നമുക്ക് നോക്കാം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
ഒന്നുകില്‍ വാര്‍ത്തയെ മാതൃഭൂമി ബോധപൂര്‍വ്വം ഒന്നാമതാക്കിയതാണ്. അല്ലെങ്കില്‍ വാര്‍ത്തയുടെ വാലും തലയും പ്രാധാന്യവും മനസിലാക്കാനാകാത്തവരാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

വാര്‍ത്തയുടെ ഏറ്റവും അവസാനം കൊടുത്ത ഈ വിവരമാണ് മാതൃഭൂമി വാര്‍ത്തയാക്കേണ്ടിയിരുന്നത്. അല്ലാതെ ഒരുമാസത്തെ വാര്‍ധക്യപെന്‍ഷന്‍ അരിവാങ്ങാന്‍ പോലും തികയില്ലെന്ന വാചകകസര്‍ത്തല്ല. മാത്രമല്ല ധനമന്ത്രി യാതൊരു ഉറപ്പും നല്‍കാഞ്ഞിട്ടും ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മാതൃഭൂമി തലവാചകമാക്കിയിരിക്കുന്നത്.

എംപി വീരേന്ദ്രകുമാര്‍ യുഡിഎഫിലേക്ക് ചേക്കേറിയതിനുശേഷം എല്‍ഡിഎഫ് അനുകൂലം എന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന വാര്‍ത്ത ഏറ്റവും പ്രധാനമാകുന്നത് ആദ്യമാണ്. ദേശാഭിമാനിയില്‍ പോലും കാര്യമായ പ്രാധാന്യം കിട്ടാത്ത ധനകാര്യമന്ത്രിയുടെ പ്രസംഗത്തിന് മാതൃഭൂമിയില്‍ ഒന്നാം സ്ഥാനം ലഭിച്ചു! ഒന്നുകില്‍ വാര്‍ത്തയെ മാതൃഭൂമി ബോധപൂര്‍വ്വം ഒന്നാമതാക്കിയതാണ്. അല്ലെങ്കില്‍ വാര്‍ത്തയുടെ വാലും തലയും പ്രാധാന്യവും മനസിലാക്കാനാകാത്തവരാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതോ മണല്‍വാരലിന് അനുകൂലമായി ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ വേണ്ടികാട്ടുന്ന ബോധപൂര്‍വ്വമായ പൊടിക്കയ്യുകളാണോ ഇതൊക്കെ.

വാര്‍ത്തയെന്ന് നടിക്കുന്ന ചില നിലപാടുകള്‍ (ഡിസംബര്‍ 19) 2009

deshabhimaniസുബിന്‍

ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായുടെ തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മന്ത്രിസഭാ തീരുമാനം മറികടന്ന് മുന്‍മന്ത്രി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദേശാഭിമാനി ഈ വാര്‍ത്തക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെ -ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാവിരുദ്ധം. ആരാണ് അങ്ങനെ പറഞ്ഞത്. ഈ വിഷയത്തില്‍ സുപ്രീംകോടതി യാതൊരു തീരുമാനവുമെടുത്തിട്ടില്ല. പിന്നെന്തിനാണ് ഇത്തരം വിഡ്ഢിത്തരങ്ങള്‍ക്ക് മുതിരുന്നത്. തീര്‍ച്ചയായും സിപിഐഎമ്മിന് വിഷയത്തില്‍ താത്പര്യങ്ങളും നിലപാടും കാണും. അതുപറയാനല്ലേ നിലപാട് പേജ്. നിലപാടുകളെ കുത്തിനിറച്ച് തലക്കെട്ടുപോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കുന്നതിനെ വാര്‍ത്തയെന്ന് വിളിക്കാനാവില്ല.

ഇന്ന് വാര്‍ത്തകളില്‍ തങ്ങളുടെ നിലപാട് കൃത്യമായി പ്രതിഫലിപ്പിച്ചിട്ടുളള മറ്റുരണ്ട് പത്രങ്ങളാണ് മാധ്യമവും ദീപികയും. ഈ പത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വാര്‍ത്തകള്‍ .

ചുമതലാബോധമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വര്‍ഗ്ഗീയച്ചുവയുളള മിന്നലാട്ടങ്ങള്‍ക്കുനേരെ മിണ്ടാതിരിക്കരുത്.

കറക്കിക്കുത്താനറിഞ്ഞാല്‍ ഡോക്ടറും എഞ്ചിനീയറുമാകാം (ഡിസംബര്‍ 8) 2009

karakkiസുബിന്‍

വിവേചനബുദ്ധിയാണ് മാധ്യമപ്രവര്‍ത്തകന്‍റെ പ്രാഥമിക യോഗ്യത. ഈ വിവേചനബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അനീഷ് ജേക്കബ് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഏത് മാധ്യമപ്രവര്‍ത്തകനും ചെയ്യാവുന്ന ശ്രദ്ധേയമായ ഒരു വാര്‍ത്ത. മാതൃഭൂമി ഈ വാര്‍ത്തക്ക് അര്‍ഹിക്കുന്നപ്രാധാന്യം നല്‍കിയിട്ടുണ്ടോ എന്നത് സംശയമാണ്. മാതൃഭൂമി ഒന്നാംപേജില്‍ നില്‍കിയിരിക്കുന്ന പി പി തങ്കച്ചന്‍റെ വാര്‍ത്താസമ്മേളനം വായിക്കുന്നതിനേക്കാളും എളുപ്പത്തില്‍ വായിക്കാവുന്ന വാര്‍ത്തയാണിത്. കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് പകുതിയായി കുറച്ചത് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് വേണ്ടിയാണെന്നതാണ് വാര്‍ത്ത. നെഗറ്റീവ് മാര്‍ക്ക് പകുതിയാക്കിയതോടെ ഒന്നും പഠിക്കാതെ പോയാലും 48 മാര്‍ക്ക് ലഭിക്കും.

അതിന്‍റെ വഴി ഇങ്ങനെ

  • എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു പേപ്പറിന്‌ 120 ചോദ്യമാണുള്ളത്‌. ഓരോ ചോദ്യത്തിനും അഞ്ച് (a.b.c.d.e) ഓപ്ഷനുകളാണ് ഉണ്ടാവുക. ശരിയുത്തരത്തിന് 4 മാര്‍ക്കും തെറ്റിന് നെഗറ്റീവ് അരമാര്‍ക്കുമാണ് നല്‍കുക(നേരത്തെ ഇത് -1 ആയിരുന്നു)

  • ഓരോ ഓപ്ഷനും 24 ശരിയുത്തരം വീതം കണക്കാക്കിയാണ് (24*5=120) ചോദ്യപ്പേപ്പര്‍ തയ്യാറാക്കുക. അതായത് 120 ചോദ്യങ്ങള്‍ക്കും a എന്നെഴുതിയാല്‍ നിങ്ങളുടെ 24 ചോദ്യങ്ങള്‍ ശരിയാവും.

  • 24ഉത്തരങ്ങള്‍ ശരിയായ നിങ്ങള്‍ക്ക് 96 (24*4) മാര്‍ക്ക് ലഭിക്കും. ഇനി തെറ്റുളള 96 (96*-.5=48)ഉത്തരങ്ങളുടെ മാര്‍ക്ക് കുറച്ചാല്‍ 96-48=48 മാര്‍ക്ക് കിട്ടും.


തെറ്റാതെ ഏതെങ്കിലും ഒരു ഓപ്ഷനില്‍ ടിക്കു ചെയ്യാന്‍ കഴിവുളളവരായിരിക്കുമോ നാളത്തെ നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും?

വാര്‍ത്തയിലേക്ക് >>കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ