Showing posts with label പത്രങ്ങള്‍. Show all posts
Showing posts with label പത്രങ്ങള്‍. Show all posts

Monday, May 3, 2010

വാര്‍ത്തയെന്ന് നടിക്കുന്ന ചില നിലപാടുകള്‍ (ഡിസംബര്‍ 19) 2009

deshabhimaniസുബിന്‍

ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായുടെ തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മന്ത്രിസഭാ തീരുമാനം മറികടന്ന് മുന്‍മന്ത്രി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദേശാഭിമാനി ഈ വാര്‍ത്തക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെ -ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാവിരുദ്ധം. ആരാണ് അങ്ങനെ പറഞ്ഞത്. ഈ വിഷയത്തില്‍ സുപ്രീംകോടതി യാതൊരു തീരുമാനവുമെടുത്തിട്ടില്ല. പിന്നെന്തിനാണ് ഇത്തരം വിഡ്ഢിത്തരങ്ങള്‍ക്ക് മുതിരുന്നത്. തീര്‍ച്ചയായും സിപിഐഎമ്മിന് വിഷയത്തില്‍ താത്പര്യങ്ങളും നിലപാടും കാണും. അതുപറയാനല്ലേ നിലപാട് പേജ്. നിലപാടുകളെ കുത്തിനിറച്ച് തലക്കെട്ടുപോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കുന്നതിനെ വാര്‍ത്തയെന്ന് വിളിക്കാനാവില്ല.

ഇന്ന് വാര്‍ത്തകളില്‍ തങ്ങളുടെ നിലപാട് കൃത്യമായി പ്രതിഫലിപ്പിച്ചിട്ടുളള മറ്റുരണ്ട് പത്രങ്ങളാണ് മാധ്യമവും ദീപികയും. ഈ പത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വാര്‍ത്തകള്‍ .

ചുമതലാബോധമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വര്‍ഗ്ഗീയച്ചുവയുളള മിന്നലാട്ടങ്ങള്‍ക്കുനേരെ മിണ്ടാതിരിക്കരുത്.

കറക്കിക്കുത്താനറിഞ്ഞാല്‍ ഡോക്ടറും എഞ്ചിനീയറുമാകാം (ഡിസംബര്‍ 8) 2009

karakkiസുബിന്‍

വിവേചനബുദ്ധിയാണ് മാധ്യമപ്രവര്‍ത്തകന്‍റെ പ്രാഥമിക യോഗ്യത. ഈ വിവേചനബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അനീഷ് ജേക്കബ് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഏത് മാധ്യമപ്രവര്‍ത്തകനും ചെയ്യാവുന്ന ശ്രദ്ധേയമായ ഒരു വാര്‍ത്ത. മാതൃഭൂമി ഈ വാര്‍ത്തക്ക് അര്‍ഹിക്കുന്നപ്രാധാന്യം നല്‍കിയിട്ടുണ്ടോ എന്നത് സംശയമാണ്. മാതൃഭൂമി ഒന്നാംപേജില്‍ നില്‍കിയിരിക്കുന്ന പി പി തങ്കച്ചന്‍റെ വാര്‍ത്താസമ്മേളനം വായിക്കുന്നതിനേക്കാളും എളുപ്പത്തില്‍ വായിക്കാവുന്ന വാര്‍ത്തയാണിത്. കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് പകുതിയായി കുറച്ചത് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് വേണ്ടിയാണെന്നതാണ് വാര്‍ത്ത. നെഗറ്റീവ് മാര്‍ക്ക് പകുതിയാക്കിയതോടെ ഒന്നും പഠിക്കാതെ പോയാലും 48 മാര്‍ക്ക് ലഭിക്കും.

അതിന്‍റെ വഴി ഇങ്ങനെ

  • എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു പേപ്പറിന്‌ 120 ചോദ്യമാണുള്ളത്‌. ഓരോ ചോദ്യത്തിനും അഞ്ച് (a.b.c.d.e) ഓപ്ഷനുകളാണ് ഉണ്ടാവുക. ശരിയുത്തരത്തിന് 4 മാര്‍ക്കും തെറ്റിന് നെഗറ്റീവ് അരമാര്‍ക്കുമാണ് നല്‍കുക(നേരത്തെ ഇത് -1 ആയിരുന്നു)

  • ഓരോ ഓപ്ഷനും 24 ശരിയുത്തരം വീതം കണക്കാക്കിയാണ് (24*5=120) ചോദ്യപ്പേപ്പര്‍ തയ്യാറാക്കുക. അതായത് 120 ചോദ്യങ്ങള്‍ക്കും a എന്നെഴുതിയാല്‍ നിങ്ങളുടെ 24 ചോദ്യങ്ങള്‍ ശരിയാവും.

  • 24ഉത്തരങ്ങള്‍ ശരിയായ നിങ്ങള്‍ക്ക് 96 (24*4) മാര്‍ക്ക് ലഭിക്കും. ഇനി തെറ്റുളള 96 (96*-.5=48)ഉത്തരങ്ങളുടെ മാര്‍ക്ക് കുറച്ചാല്‍ 96-48=48 മാര്‍ക്ക് കിട്ടും.


തെറ്റാതെ ഏതെങ്കിലും ഒരു ഓപ്ഷനില്‍ ടിക്കു ചെയ്യാന്‍ കഴിവുളളവരായിരിക്കുമോ നാളത്തെ നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും?

വാര്‍ത്തയിലേക്ക് >>കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

വാര്‍ത്തകളില്‍ ‘ത്രേ’ നിറക്കുന്ന പത്രങ്ങള്‍ (ഡിസംബര്‍ 6) 2009

pathramസുബിന്‍

തീവ്രവാദി വാര്‍ത്തകള്‍ കൊടുമ്പിരികൊണ്ടതിനുശേഷം മലയാള പത്രങ്ങളില്‍ നിറയെ ‘ത്രേ’യാണ്. ഇനി ‘ത്രേ’ ഉപയോഗിച്ചു മടുത്താല്‍ സൂചന, അറിവായത്, അറിയാന്‍ കഴിഞ്ഞത്, കരുതപ്പെടുന്നു, ഒരു ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞത് തുടങ്ങി ഉറപ്പില്ലാത്ത കുറച്ച് വാചകങ്ങളുണ്ടല്ലോ. അതുകൊണ്ട് തൃപ്തിപ്പെടാം. വായനക്കാര്‍ക്ക് അറിയാന്‍ ഏറെ താത്പര്യമുളള വിഷയമാണ് മലയാളിയുടെ തീവ്രവാദിബന്ധം. വാര്‍ത്തകളില്‍ ഈ വിഷയം നിറയുമ്പോള്‍ പരമാവധി വിവരങ്ങള്‍ ചേര്‍ക്കാന്‍ പത്രങ്ങള്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ് ഈ ‘ത്രേ’ യുടെ തളളിക്കയറ്റം. തെറ്റായ വാര്‍ത്തകളില്‍ നിന്നും രക്ഷപ്പെടാനുളള മുന്‍കൂര്‍ ജാമ്യം കൂടിയാണ് ഉറപ്പില്ലാതെ അവസാനിപ്പിക്കുന്ന ഇത്തരം വാചകങ്ങള്‍.
ഇന്നത്തെ പത്രങ്ങളിലെ ഉറപ്പില്ലാത്ത ചില ‘ത്രേ’ പ്രയോഗങ്ങള്‍.

  • നസീര്‍ ഉള്‍പ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങള്‍ക്ക് പാകിസ്താനില്‍ പലപ്പോഴായി പരിശീലനം ലഭിച്ചിരുന്നുവത്രെ.

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലപ്പുറം ചെട്ടിപ്പടി കോയസ്സന്‍കാനകത്ത് അബ്ദുല്‍ റഹീം എന്ന അഫ്താബും കൂട്ടത്തിലുണ്ടായിരുന്നത്രേ.

  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ യുവാക്കളുടെ വന്‍ശൃംഖല രൂപപ്പെടുത്താന്‍ സാധിച്ചെന്നും നസീര്‍ അവകാശപ്പെട്ടത്രേ.

  • ലഷ്കറെ തയിബയിലേക്കു കേരളത്തിനു പുറമേ, ബാംഗൂരില്‍നിന്നും ഹൈദരാബാദില്‍നിന്നും യുവാക്കളെ ചേര്‍ത്തിരുന്നതായി അറസ്റ്റിലായ ലഷ്കര്‍ ദക്ഷിണമേഖലാ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ കര്‍ണാടക പൊലീസിനോടു സമ്മതിച്ചതായി വിവരം.

  • 2008 ഫിബ്രവരിയില്‍ ഹൂബ്ലിയില്‍ പിടിയിലായ 'സിമി' പ്രവര്‍ത്തകന്‍ യഹ്യ കമ്മക്കുട്ടിയുമായും ബഷീറിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.


17 വര്‍ഷം മുമ്പത്തെ വാര്‍ത്ത എങ്ങനെ എക്സ്ക്ലുസീവാകും?

kk11ലിബര്‍ഹാന്‍ കമ്മിഷന്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് 'ക്ലീന്‍ചിറ്റ്' നല്‍കിയത് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) യുടെ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്നു നടിച്ചാണെന്ന് അറിവായെന്നത് എക്സ്ക്ലുസീവ് സീലടിച്ച് കേരളകൗമുദി നല്‍കി. കേരളകൗമുദിക്ക് ഈ വിവരം കിട്ടിയത് 17 വര്‍ഷം മുന്‍പത്തെ കേരളകൗമുദിയില്‍ നിന്നു തന്നെയാണ് എന്നതാണ് കൗതുകകരം.

കൗമുദി വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ "ബാബ്റി മസ്ജിദ് തകര്‍ക്കുമെന്ന് 1992 ഡിസംബര്‍ 1-ന് ഐ.ബി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോളെയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു". ഈ സംഭവം 1992 ഡിസംബര്‍ ഒന്നിന് കേരളകൗമുദി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ നിന്നും യുപിയുടെ അതിര്‍ത്തിയിലെത്താന്‍ റോഡുമാര്‍ഗ്ഗത്തില്‍ മുപ്പതുമിനിറ്റില്‍ താഴെ മാത്രം സമയമേ വേണ്ടൂ. ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും കര്‍സേവകര്‍ അയോധ്യയിലേക്ക് പ്രവഹിച്ചപ്പോഴും രാജ്യം സംഘര്‍ഷത്താല്‍ അസ്വസ്ഥാമായപ്പോഴും നമ്മുടെ പ്രധാനമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ല എന്നത് അപമാനകരംതന്നെയാണ്.

പതിനേഴ് വര്‍ഷം മുമ്പ് മാത്രമല്ല ഇന്നും പ്രാധാന്യമുളള വാര്‍ത്തയാണ് ഇത്. അതുകൊണ്ടുതന്നെ ആ വാര്‍ത്ത പുന:പ്രസിദ്ധീകരിക്കുന്നതും നല്ലകാര്യം തന്നെ. എന്നാല്‍ ഇതെങ്ങനെ കെ എസ് ശരത്‍‍ലാലിന്‍റെ പേരോട് കൂടിയ എക്ലുസീവ് വാര്‍ത്തയാവും ?