Showing posts with label യുഡിഎഫ്. Show all posts
Showing posts with label യുഡിഎഫ്. Show all posts

Thursday, April 29, 2010

വീരനും മാതൃഭൂമിയും യുഡിഎഫില്‍ ഒപ്പിട്ടു (സെപ്തംബര്‍ 23) 2009

രുപത്തേഴു വര്‍ഷം നീണ്ട ഇടതു മുന്നണി ബന്ധം അവസാനിപ്പിച്ച് ജനതാദള്‍ വീരന്‍ പക്ഷം വലതുമുന്നണിയില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. “കെ.എം. മാണിക്കും എം.വി. രാഘവനും അടുത്തുള്ള കസേരയില്‍ അവര്‍ എം.പി. വീരേന്ദ്രകുമാറിനെ ആനയിച്ചിരുത്തി. തുടര്‍ന്ന്‌ യു.ഡി.എഫിന്റെ ഭാഗമാകുന്ന ചരിത്രരേഖയില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒപ്പുവച്ചപ്പോള്‍ ഹാളില്‍ വീണ്ടും കരഘോഷമുയര്‍ന്നു” ഇങ്ങനെയൊക്കെയാണ് മാതൃഭൂമി സംഭവത്തെ വിശദീകരിച്ചിരിക്കുന്നത്.

വീരന്‍പക്ഷം യുഡിഎഫില്‍ ഒപ്പിട്ടു കയറിയതിനുശേഷം ആദ്യ വെടി പൊട്ടിച്ചത്കോണ്‍ഗ്രസ് നേതാവായ കെകെ രാമചന്ദ്രന്‍ മാസ്റ്ററാണ് . വീരേന്ദ്രകുമാര്‍ ജനതാദളിന് ഹോംഗ്രൗണ്ടായ വയനാട്ടില്‍ പോലും 2000 മുതല്‍ 3000 വോട്ടുകള്‍ മാത്രമേ ഉളളൂ എന്നാണ് അദ്ദേഹം ഉന്നയിച്ച ചെറുതല്ലാത്ത ആരോപണം.(2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ് കുമാര്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ 1841വോട്ടുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു എന്നത് വേറെ കാര്യം)

ജനതാദളിന് പഴയ വീര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് അതില്‍തന്നെ കോണ്‍ഗ്രസുകാര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് വല്ലാതെ ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്? പറയാന്‍ 127 വര്‍ഷത്തെ പാരമ്പര്യമുണ്ടെങ്കിലും നാലാള്‍ വായിക്കുന്ന ഒരു പാര്‍ട്ടി പത്രമെന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സ്വപ്നത്തില്‍ പോലുമില്ല.

കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പത്രമായില്ലെങ്കിലും മനോരമയെപ്പോലെ എല്ലാം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രമാക്കി മാതൃഭൂമിയെ മാറ്റാന്‍ കഴിഞ്ഞാല്‍ . ഹൊ ആലോചിക്കുമ്പൊഴേ എല്ലാ കോണ്‍ഗ്രസുകാരനും രോമാഞ്ചം വരേണ്ടതാണ്. ജനതാദളിലെ വീരേന്ദ്രകുമാര്‍ പക്ഷത്തിന്‍റെ വോട്ടു കണ്ടിട്ടല്ല 94,44,000 വായനക്കാരുളള മാതൃഭൂമിയെ കണ്ടിട്ടാണ് കോണ്‍ഗ്രസുകാര്‍ ഇത്ര വെളുക്കെ ചിരിക്കുന്നത്. നാലാള്‍ വായിക്കുന്ന മാതൃഭൂമി തന്നെയാണ് വീരേന്ദ്രകുമാറിന്‍റെ തുറുപ്പുചീട്ടും.

പിന്നെ, പി പി തങ്കച്ചന്‍ പറയുന്നത്ര സുഖകരമൊന്നുമായിരിക്കില്ല ജനതാദളിന്‍റെ യുഡിഎഫിലെ ഭാവി. ഇടതു മുന്നണിയില്‍ 2001വരെ 12 നിയമസഭാ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയാണ് ജനതാദള്‍ യു. ഇപ്പോള്‍ മെലിഞ്ഞെങ്കിലും പത്ത് സീറ്റില്‍ കുറയാതെ ജനതാദളിന് ആവശ്യപ്പെടാം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ വിജയിച്ചത് വടകര, പെരിങ്ങളം, കല്‍പറ്റ, തിരുവല്ല, അങ്കമാലി സീറ്റുകളിലായിരുന്നു. ചിറ്റൂര്‍ ‍, തിരുവല്ല, കോവളം, മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ പരാജയപ്പെട്ടു.ഈ സീറ്റുകള്‍ നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ക്കായി ജനതാദള്‍ വിലപേശുമോ എന്നാണ് യുഡിഎഫിലെ ചെറുകക്ഷികളുടെ ആശങ്ക.

തിരുവല്ല സീറ്റ് യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതാണ്. അങ്കമാലി സീറ്റില്‍ കഴിഞ്ഞതവണ മല്‍സരിച്ചത് കോണ്‍ഗ്രസിന്റെ പി ജെ ജോയിയുമാണ്. മലപ്പുറം ലീഗിന്റെ സീറ്റും. കോവളം കോണ്‍ഗ്രസിന്റേതും.

തെക്കന്‍ മേഖലയില്‍ ജനതാദള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ അത് ദോഷം ചെയ്യുക ജേക്കബ്, പിള്ള, ജെ എസ് എസ്, ആര്‍ എസ് പി പാര്‍ട്ടികളെയാകും. അതുകൊണ്ടുതന്നെ യുഡിഎഫിലെ എല്ലാ ഘടകക്ഷികളും ജനതാദളിന്‍റെ മുന്നണി പ്രവേശത്തില്‍ അത്ര തൃ‍‍പ്‍‍തരല്ല.