Monday, May 3, 2010

വാര്‍ത്തകളില്‍ ‘ത്രേ’ നിറക്കുന്ന പത്രങ്ങള്‍ (ഡിസംബര്‍ 6) 2009

pathramസുബിന്‍

തീവ്രവാദി വാര്‍ത്തകള്‍ കൊടുമ്പിരികൊണ്ടതിനുശേഷം മലയാള പത്രങ്ങളില്‍ നിറയെ ‘ത്രേ’യാണ്. ഇനി ‘ത്രേ’ ഉപയോഗിച്ചു മടുത്താല്‍ സൂചന, അറിവായത്, അറിയാന്‍ കഴിഞ്ഞത്, കരുതപ്പെടുന്നു, ഒരു ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞത് തുടങ്ങി ഉറപ്പില്ലാത്ത കുറച്ച് വാചകങ്ങളുണ്ടല്ലോ. അതുകൊണ്ട് തൃപ്തിപ്പെടാം. വായനക്കാര്‍ക്ക് അറിയാന്‍ ഏറെ താത്പര്യമുളള വിഷയമാണ് മലയാളിയുടെ തീവ്രവാദിബന്ധം. വാര്‍ത്തകളില്‍ ഈ വിഷയം നിറയുമ്പോള്‍ പരമാവധി വിവരങ്ങള്‍ ചേര്‍ക്കാന്‍ പത്രങ്ങള്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ് ഈ ‘ത്രേ’ യുടെ തളളിക്കയറ്റം. തെറ്റായ വാര്‍ത്തകളില്‍ നിന്നും രക്ഷപ്പെടാനുളള മുന്‍കൂര്‍ ജാമ്യം കൂടിയാണ് ഉറപ്പില്ലാതെ അവസാനിപ്പിക്കുന്ന ഇത്തരം വാചകങ്ങള്‍.
ഇന്നത്തെ പത്രങ്ങളിലെ ഉറപ്പില്ലാത്ത ചില ‘ത്രേ’ പ്രയോഗങ്ങള്‍.

  • നസീര്‍ ഉള്‍പ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങള്‍ക്ക് പാകിസ്താനില്‍ പലപ്പോഴായി പരിശീലനം ലഭിച്ചിരുന്നുവത്രെ.

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലപ്പുറം ചെട്ടിപ്പടി കോയസ്സന്‍കാനകത്ത് അബ്ദുല്‍ റഹീം എന്ന അഫ്താബും കൂട്ടത്തിലുണ്ടായിരുന്നത്രേ.

  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ യുവാക്കളുടെ വന്‍ശൃംഖല രൂപപ്പെടുത്താന്‍ സാധിച്ചെന്നും നസീര്‍ അവകാശപ്പെട്ടത്രേ.

  • ലഷ്കറെ തയിബയിലേക്കു കേരളത്തിനു പുറമേ, ബാംഗൂരില്‍നിന്നും ഹൈദരാബാദില്‍നിന്നും യുവാക്കളെ ചേര്‍ത്തിരുന്നതായി അറസ്റ്റിലായ ലഷ്കര്‍ ദക്ഷിണമേഖലാ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ കര്‍ണാടക പൊലീസിനോടു സമ്മതിച്ചതായി വിവരം.

  • 2008 ഫിബ്രവരിയില്‍ ഹൂബ്ലിയില്‍ പിടിയിലായ 'സിമി' പ്രവര്‍ത്തകന്‍ യഹ്യ കമ്മക്കുട്ടിയുമായും ബഷീറിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.


17 വര്‍ഷം മുമ്പത്തെ വാര്‍ത്ത എങ്ങനെ എക്സ്ക്ലുസീവാകും?

kk11ലിബര്‍ഹാന്‍ കമ്മിഷന്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് 'ക്ലീന്‍ചിറ്റ്' നല്‍കിയത് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) യുടെ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്നു നടിച്ചാണെന്ന് അറിവായെന്നത് എക്സ്ക്ലുസീവ് സീലടിച്ച് കേരളകൗമുദി നല്‍കി. കേരളകൗമുദിക്ക് ഈ വിവരം കിട്ടിയത് 17 വര്‍ഷം മുന്‍പത്തെ കേരളകൗമുദിയില്‍ നിന്നു തന്നെയാണ് എന്നതാണ് കൗതുകകരം.

കൗമുദി വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ "ബാബ്റി മസ്ജിദ് തകര്‍ക്കുമെന്ന് 1992 ഡിസംബര്‍ 1-ന് ഐ.ബി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോളെയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു". ഈ സംഭവം 1992 ഡിസംബര്‍ ഒന്നിന് കേരളകൗമുദി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ നിന്നും യുപിയുടെ അതിര്‍ത്തിയിലെത്താന്‍ റോഡുമാര്‍ഗ്ഗത്തില്‍ മുപ്പതുമിനിറ്റില്‍ താഴെ മാത്രം സമയമേ വേണ്ടൂ. ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും കര്‍സേവകര്‍ അയോധ്യയിലേക്ക് പ്രവഹിച്ചപ്പോഴും രാജ്യം സംഘര്‍ഷത്താല്‍ അസ്വസ്ഥാമായപ്പോഴും നമ്മുടെ പ്രധാനമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ല എന്നത് അപമാനകരംതന്നെയാണ്.

പതിനേഴ് വര്‍ഷം മുമ്പ് മാത്രമല്ല ഇന്നും പ്രാധാന്യമുളള വാര്‍ത്തയാണ് ഇത്. അതുകൊണ്ടുതന്നെ ആ വാര്‍ത്ത പുന:പ്രസിദ്ധീകരിക്കുന്നതും നല്ലകാര്യം തന്നെ. എന്നാല്‍ ഇതെങ്ങനെ കെ എസ് ശരത്‍‍ലാലിന്‍റെ പേരോട് കൂടിയ എക്ലുസീവ് വാര്‍ത്തയാവും ?

കുത്തകകള്‍ക്കുവേണ്ടിയല്ലാതെ പിന്തെന്തിനാണ് ഈ സര്‍ക്കാര്‍വക ഫെസ്റ്റിവല്‍ (ഡിസംബര്‍ 3) 2009

grandkerala-imageസുബിന്‍

ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണോ, അതോ കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ? എന്ന പ്രസക്തമായ ചോദ്യം സിവിക് ചന്ദ്രന്‍ മംഗളത്തില്‍ ചോദിച്ചിരിക്കുന്നു. മലയാളികള്‍ നട്ടുനനച്ച് വളര്‍ത്തിയ വിളകള്‍ക്ക് വിപണിനഷ്ടപ്പെടുമെന്ന പ്രചാരണമാണല്ലോ ആസിയാന്‍ കരാറിനോടുളള എതിര്‍പ്പിന് അടിത്തറ.

ആസിയാന്‍ കരാറിനെതിരെ കാസര്‍ഗോഡു മുതല്‍ രാജ്ഭവന്‍ വരെ ചങ്ങലകോര്‍ത്തവരാണ് ഇപ്പോള്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് കുഴലൂത്തു നടത്തുന്നത്. അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളാണ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളില്‍ എത്രയെണ്ണത്തിന് തൊഴിലാളികളോട് കൂറുണ്ടാകുമെന്ന് ‌കണ്ടറിയേണ്ടതാണ്.

സ്വര്‍ണ്ണം, തുണി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , ഷോപ്പിംഗ് മാളുകളിലെ അടിപൊളി വില്‍പ്പന തുടങ്ങിയവയല്ലാതെ മറ്റൊന്നും ഈ ഫെസ്റ്റിവലിലും ഗ്രാന്‍റാവാന്‍ പോകുന്നില്ല. പണ്ട് ഇടതു യുവജനസംഘടനകള്‍ ഓടി നടന്ന് തല്ലിപ്പൊട്ടിച്ച റിലയന്‍സിന്‍റ സ്വന്തം 'ബിഗ് ബസാറാ'ണ് സര്‍ക്കാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാള്‍ . സിവിക്കിന്‍റെ കോളത്തിലേക്ക്>>

" നമ്മുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക്‌ മുമ്പത്തേക്കാള്‍ വിപണി കണ്ടെത്താന്‍ കഴിയും. ഗ്രാമീണ പരിസ്‌ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്ന്‌ ലോകമെങ്ങും പ്രിയമുണ്ട്‌. നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ക്ക്‌, മൂല്യ വര്‍ധനയിലൂടെ വിപണി കീഴടക്കാന്‍ കഴിയും."

"ലോക വാണിജ്യ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താനുള്ള ഈ സര്‍ക്കാര്‍ വ്യാമോഹത്തിന്റെ ഫലമായി പത്ത്‌ നാടന്‍ ചന്തകളെങ്കിലും പുനരുദ്ധീകരിക്കപ്പെടുമോ? കേരളത്തിലെ കൊല്ലന്മാര്‍ അവരുടെ സ്വന്തം ആലകളില്‍ ഉണ്ടാക്കുന്ന ആയിരം കത്തികളെങ്കിലും വിറ്റു പോകുമോ? ഓണച്ചന്തയിലെന്നപോലെ അച്ചാര്‍ ‍, കൊണ്ടാട്ടം, അച്ചപ്പം, ചൂല്‌, കയില്‌, കൊട്ട, കലം, തഴപ്പായ തുടങ്ങി നാട്ടുകാരുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു പോകാനുള്ള സാധ്യതകള്‍ ഈ മാമാങ്കത്തിനിടയിലുണ്ടോ?"-ഒന്നരമാസം അടിച്ചു പൊളിക്കാം

shopping


പിതൃശൂന്യ പ്രാദേശികവാര്‍ത്തകള്‍ (നവംബര്‍ 28) 2009

mm3സുബിന്‍

ന്ധ്യംകരണ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച 23 സ്ത്രീകളെ ശസ്ത്രക്രിയാ ഉപകരണമില്ലെന്ന കാരണത്താല്‍ ആറുമണിക്കൂര്‍ മയക്കിക്കിടത്തിയതാണ് മലയാള മനോരമയിലെ പ്രധാനവാര്‍ത്ത. വാര്‍ത്തയുടെ മൂല്യമറിഞ്ഞ് നല്‍കാനുളള മനോരമയുടെ മിടുക്ക് അഭിനന്ദിക്കേണ്ടതാണ്. അതേ സമയം എത്രവലിയ വാര്‍ത്തയായാലും നല്‍കിയത് പ്രാദേശിക ലേഖകനാണെങ്കില്‍ ഒരു കാരണവശാലും പേര് നല്‍കില്ലെന്ന മോശം നിലപാടിന്‍റെ ഉദാഹരണം കൂടിയാണ് ഈ വാര്‍ത്ത. 'സ്വന്തം ലേഖകന്‍' എന്ന സ്ഥിരം പേരാണ് മനോരമ ഈ പ്രാദേശിക ലേഖകനും ചാര്‍ത്തി നല്‍കിയിരിക്കുന്നത്.

മെട്രോ മനോരമയില്‍ സിറ്റിസന്‍ ജേര്‍ണലിസ്റ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ വാര്‍ത്താരൂപത്തിലാക്കി അവരുടെ അഡ്രസും വേണ്ടിവന്നാല്‍(നാലുകോപ്പി കൂടുതല്‍ ചിലവാകുമെങ്കില്‍) ഫോട്ടോയും നല്‍കാന്‍ മടിക്കാത്ത പത്രമാണ് മനോരമ. പ്രാദേശിക ലേഖകരുടെ പ്രാധാന്യമുളള വാര്‍ത്തകള്‍ക്കെങ്കിലും ലേഖകന്‍റെ പേര് നല്‍കി അവരെ അവഗണിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.

ശസ്ത്രക്രിയക്കുവേണ്ടി മയക്കിക്കിടത്തിയതിനുശേഷമാണ് ശസ്ത്രക്രിയക്കുളള ഉപകരണങ്ങളില്ലെന്ന് കണ്ടെത്തിയത് എന്നത് തികഞ്ഞ അനാസ്ഥയുടെ ഉദാഹരണമാണ്. അധികൃതര്‍ തമ്മിലുളള ആശയവിനിമയത്തിലെ തകരാറാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് ഡിഎംഒയുടെ വിശദീകരണം.

മാതൃഭൂമിയില്‍ 'തര്‍ക്കമന്ദിരം' വീണ്ടും ബാബറി മസ്ജിദായി (നവംബര്‍ 27) 2009

untitled-41സുബിന്‍

ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നെഴുതിയത് മാതൃഭൂമി ഇന്ന് വീണ്ടും തിരുത്തി. ഡി ശ്രീജിത്തിന്‍റെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുളള ലേഖനത്തില്‍ ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരം എന്നാണ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് അത് വീണ്ടും ബാബറി മസ്ജിദ് എന്നാക്കിമാറ്റി. അതേസമയം കഴിഞ്ഞ ദിവസം തര്‍ക്കമന്ദിരമെന്ന് എഴുതിയത് എന്തെങ്കിലും തരത്തിലുളള പിഴവുകള്‍ മൂലമാണോ എന്നതിനെക്കുറിച്ച് ഒരുതരത്തിലുളള വിശദീകരണവും പത്രം നല്‍കിയിട്ടില്ല. ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്ന് വിശേഷിപ്പിക്കുന്നത് തങ്ങളുടെ പണി കൂടുതല്‍ എളുപ്പമാക്കുമെന്ന സംഘ്പരിവാര്‍ അജണ്ടയെക്കുറിച്ച് ധാരണയില്ലാത്തവരാകില്ല മാതൃഭൂമിയുടെ എഡിറ്റ്പേജ് നോക്കുന്നവര്‍ എന്നുതന്നെ കരുതുന്നു‍.
ആര്‍.എസ്.എസ്. അതിന്റെ രൂപവത്കരണകാലം മുതല്‍ ഹിന്ദുരാഷ്ട്രമെന്ന ആശയമുയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ വിഭാഗമായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നത് -ലിബര്‍ഹാന്‍

ഒറ്റനോട്ടത്തില്‍‌ ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നാമെങ്കിലും, വിഷയം മതവര്‍ഗ്ഗീയതയായതിനാല്‍ ഇതിലും ചെറിയ കാര്യങ്ങളിലും നമ്മള്‍ നിത്യ ജാഗ്രത്താവണം.സ്കൂളിലേക്ക് നടന്നുപോകുന്ന ഹിന്ദു പെണ്‍ക്കുട്ടിക്കില്ലാത്ത സ്കോളര്‍ഷിപ്പ് കാറില്‍ വരുന്ന മുസ്ലീം പെണ്‍കുട്ടിക്കുണ്ടെന്ന് പറഞ്ഞാണ് നമ്മുടെ നാട്ടിലും ഇത്തരക്കാര്‍ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകുന്നത്. ഒറ്റനോട്ടത്തില്‍ നിര്‍ദ്ദോഷമെന്ന് തോന്നുന്ന ഇത്തരം പ്രയോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മതാടിസ്ഥാനത്തിലുളള വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ്.
തര്‍ക്കമന്ദിരമെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മലയാള പത്രങ്ങളില്‍ വന്നതിലേക്കുവെച്ച് ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടാണ് ഡി ശ്രീജിത്തിന്‍റേത്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും രാഷ്ട്രീയവും റിപ്പോര്‍ട്ടിന്‍റെ ചില ഭാഗങ്ങളിലേക്ക് >>

"അയോധ്യാപ്രക്ഷോഭത്തെക്കുറിച്ചുള്ള അതിശയോക്തികലര്‍ന്ന പ്രചാരണം മാറ്റിനിര്‍ത്തിയാല്‍ സാധാരണജനങ്ങളുടെ -ഇടത്തരം ഹിന്ദുക്കളില്‍ നിന്നുപോലും- പിന്തുണയോ പൂര്‍ണമനസ്സോടെയുള്ള സഹകരണമോ ഇതിനു ലഭിച്ചിരുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍"

പുറത്തുനിന്ന് അയോധ്യയിലെത്തിയ കാര്‍സേവകര്‍ക്കും അവരുടെ നേതാക്കള്‍ക്കും താമസവും മറ്റു സൗകര്യങ്ങളും ഇവര്‍ മുന്‍കൂട്ടി ഒരുക്കിയിരുന്നു. ടെന്റുകളില്‍ താമസിപ്പിച്ചതും ഭക്ഷണം വിതരണം ചെയ്തതും അങ്ങനെയായിരുന്നു. 1992 ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ ഈ സൗകര്യങ്ങള്‍ നല്കുകയും ദിവസവുമുള്ള പൊതുയോഗങ്ങള്‍ വഴി കാര്‍സേവകരുടെ ആവേശം കെടാതെ സൂക്ഷിക്കുകയും ചെയ്തു.

ഇതിനെല്ലാമുള്ള പണം വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുടെയും പേരില്‍ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്നുകൊണ്ടിരുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്രോതസ്സുകളില്‍നിന്നു മാത്രമല്ല, കൃത്യമായ ബാങ്ക് അക്കൗണ്ടുകളിലൂടെയും വന്‍തുകകളുടെ വിനിമയം നടന്നു"

"ഒരുചെറിയ വിഭാഗം കാര്‍സേവകരാണ് തകര്‍ക്കല്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ അകത്തേക്കു കയറിയാല്‍ പ്രശ്‌നമാകും എന്നിരിക്കെ, കുറച്ചു പേര്‍ അകത്ത് കയറിയതും മകുടത്തിനു താഴെനിന്ന പണപ്പെട്ടിയും മറ്റിടങ്ങളിലെ പ്രതിമകളും മാറ്റിയതും അതിവേഗത്തില്‍ താത്കാലിക ക്ഷേത്രം അവിടെ പണിതതും അതികൃത്യമായ മുന്‍കൂര്‍ പദ്ധതിയുടെ പരിണാമമാണ് അവിടെ കണ്ടത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു"

ലിബര്‍ഹാനെ വെറുതേവിടൂ, തെറ്റുകാരെ ക്രൂശിക്കൂ (നവംബര്‍ 24) 2009

ie-24സുബിന്‍

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെകുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസിലെ മനീഷ് ചിമ്പര്‍ കഴിഞ്ഞ ദിവസമാണ് ചോര്‍ത്തി എക്സ്ക്ലുസീവാക്കിയത്. മലയാള പത്രങ്ങള്‍ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തെ എറ്റവും പ്രാധാന്യത്തില്‍ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ലിബര്‍ഹാന്‍റേയോ പി ചിദംബരത്തിന്‍റേയോ കയ്യില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചോര്‍ത്തിയത് ഞമ്മളല്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. അതേസമയം ബിജെപി ലിബര്‍ഹാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് അഭിപ്രായം പറഞ്ഞത്. കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യം ബിജെപിക്ക് ഉണ്ടാവാന്‍ സാധ്യതയില്ല.

സ്വാഭാവികമായും മുസ്ലിം സംഘടനകളെ അനുകൂലിച്ചും ആര്‍എസ്എസിനേയും പരിവാരങ്ങളേയും ആക്രമിച്ചുമാണ് മാധ്യമം മുഖപ്രസംഗം എഴുതിയിരിക്കുന്നത് ലിബര്‍ഹാന്‍ കണ്ടെത്തിയത് പണ്ടേ അറിഞ്ഞ സത്യം .


1992 ഡിസംബര്‍ ആറിനുശേഷം നടന്ന കലാപങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങളും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളുമാണ് ഇരകളായത് (ന്യൂനപക്ഷങ്ങള്‍ ). ഇന്ത്യയില്‍ ആര്‍എസ്എസിനും പരിവാരങ്ങള്‍ക്കുമായിരുന്നു കൂട്ടക്കൊലയുടെ ചുമതലയെങ്കില്‍ ബംഗ്ലാദേശില്‍ അത് ജമാഅത്തുകളാണ് ഏറ്റെടുത്തത്.

വാജ്പേയിയുടെ നേര്‍മുഖം തുറന്നുകാണിക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ നല്ലവശമെന്നും കോണ്‍ഗ്രസിനെ കുറ്റവിമുക്തമാക്കുന്നതാണ് ചീത്തവശമെന്നും കാണിച്ച് എംസിഎ നാസര്‍ എഡിറ്റ് പേജില്‍ എഴുതിയിരിക്കുന്നു.


കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് എംസിഎ നാസര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങള്‍ ഇവയാണ്-"1949ല്‍ പള്ളിയില്‍ വിഗ്രഹം ഒളിച്ചു പ്രതിഷ്ഠിച്ച കാലത്ത് നെഹ്റുവാണ് കേന്ദ്രത്തില്‍ പ്രധാനമന്ത്രി. 1986ല്‍ പള്ളി പൂജ നടത്താന്‍ തുറന്നുകൊടുത്തപ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ശിലാന്യാസം നടത്താന്‍ അനുമതി കൊടുത്തതും അദ്ദേഹം. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുമ്പോള്‍ നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയാണ് കേന്ദ്രത്തില്‍. സംസ്ഥാന ഗവര്‍ണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തിക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാറിന് അധികാരമുള്ളൂ എന്നു പറഞ്ഞ് കുറ്റമുക്തി നല്‍കാനാണ് ലിബര്‍ഹാന്‍ ശ്രമിക്കുന്നത്" അയോധ്യാ രാഷ്ട്രീയവും ലിബര്‍ഹാന്‍ കമീഷനും


ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യം




മാധ്യമം ബോധപൂര്‍വ്വം മറക്കുന്ന ചില വസ്തുതളുണ്ട്. അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദിന്‍റെ താഴികക്കുടങ്ങള്‍ തകര്‍ത്തപ്പോള്‍ അതുയര്‍ത്തിയ വര്‍ഗ്ഗീയ വിഷത്തിന്‍റെ അസ്വസ്ഥത ഇന്ത്യയുടെ നാലതിരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1992 ഡിസംബര്‍ ആറിനുശേഷം നടന്ന കലാപങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങളാണ് ഇരകളായതെങ്കില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഈ ഗതി ഹിന്ദുക്കള്‍ക്കായിരുന്നു. ന്യൂനപക്ഷങ്ങള്‍‍ക്കായിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ സത്യം. ഇന്ത്യയില്‍ ആര്‍എസ്എസിനും പരിവാരങ്ങള്‍ക്കുമായിരുന്നു കൂട്ടക്കൊലയുടെ ചുമതലയെങ്കില്‍ ബംഗ്ലാദേശില്‍ അത് ജമാഅത്തുകളാണ് ഏറ്റെടുത്തത്.


450വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന ബാബറി പളളി തകര്‍ക്കുന്നതിനെ ശുദ്ധീകരിക്കല്‍ (കര്‍സേവ) എന്ന പേരിട്ടുവിളിക്കുന്നതും നിങ്ങള്‍ പളളി തകര്‍ത്തെങ്കില്‍ ഞങ്ങള്‍ അമ്പലം തകര്‍ക്കുമെന്നു പറയുന്നതും ഒരുപോലെ എതിര്‍ക്കപ്പെടണം. മനുഷ്യത്ത്വം നശിച്ച ഇത്തരം ഹൃദയങ്ങളെയാണ് വിലക്കേണ്ടത്.


ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ദിവസത്തെ എക്സ്പ്രസ്


ie-x


ചോര്‍ന്ന വിവരങ്ങള്‍ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍തന്നെ അത് ഞെട്ടിപ്പിക്കുന്നതല്ല എന്നാണ് ദേശാഭിമാനിയും മാധ്യമവും വാര്‍ത്തകളില്‍ സൂചിപ്പിച്ചിരിക്കുന്നത് . കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ചോരാനുളള സാധ്യതകളെ ഇങ്ങനെ നിരത്തുന്നു.


"പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ ഇരുസഭയും പ്രക്ഷുബ്ധമാണ്. കരിമ്പുവില നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പേരില്‍ ആദ്യ രണ്ടു ദിവസം സഭ സ്തംഭിച്ചു. ആദ്യ ദിവസംതന്നെ ഉത്തരേന്ത്യയിലെ കരിമ്പുകര്‍ഷകര്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞിരുന്നു. പ്രതിരോധത്തിലായ സര്‍ക്കാരിന് ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പുനല്‍കേണ്ടിവന്നു. രാജ്യമെങ്ങും കുതിച്ചുകയറുന്ന വിലക്കയറ്റമാണ് കേന്ദ്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിഷയം. ഇക്കാര്യത്തിലും പ്രതിപക്ഷം കൂട്ടായി ആക്രമിക്കുമെന്ന് സര്‍ക്കാരിന് തീര്‍ച്ചയായിരുന്നു.


ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഓഹരിവില്‍പ്പന, സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള ബില്ലുകള്‍, മന്ത്രി എ രാജയുടെ സ്പെക്ട്രം അഴിമതി, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി അമേരിക്കയിലെത്തി ഒപ്പിടാന്‍പോകുന്ന ഭീകരത തടയാനുള്ള കരാറിലെയും ആണവ സഹകരണ കരാറിലെയും ദുരൂഹത, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോടികള്‍ വെട്ടിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളുമായ മധുകോഡയ്ക്ക് കോഗ്രസ് നേതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയരുമെന്ന് വന്നതോടെയാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോഗ്രസ് തീരുമാനിച്ചത്"-ജനവിരുദ്ധത മറയ്ക്കാന്‍ രാഷ്ട്രീയനാടകം-ദേശാഭിമാനി

ബാല്‍ താക്കറെ എന്ന 'ആട്' കടുവയായ കഥ(നവംബര്‍ 17) 2009

16സുബിന്‍

മറാത്തി പോലെ ഇംഗ്ലീഷ് വഴങ്ങാത്തതുകൊണ്ടാണ് ബാല്‍താക്കറെ മറാത്തി ഭാഷയില്‍ 'മാര്‍മിക്' എന്ന കാര്‍ട്ടൂണ്‍ മാസിക തുടങ്ങുന്നത്. ആദ്യലക്കങ്ങളില്‍ നിര്‍ദ്ദോഷകരമായ ലേഖനങ്ങളും വരകളും കൊണ്ടാണ് മാര്‍മിക് നിറഞ്ഞിരുന്നത്. യാദൃശ്ചികമായി ആരോ അയച്ച ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതോടെ പോട്ടിത്തെറികള്‍ തുടങ്ങി.

ബൊംബെയിലെ മുന്തിയ വ്യവസായസ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നത് തെക്കേ ഇന്ത്യയില്‍ നിന്നു കുടിയേറിയവരാണെന്നായിരുന്നു ലേഖനത്തിന്‍റെ സാരം. തുടര്‍ ലക്കങ്ങളില്‍ വന്ന പരമ്പര പ്രകമ്പനം കൊളളിക്കുന്നതായിരുന്നു. ലാര്‍സണ്‍ ട്രൂബോ, റിച്ചാര്‍ഡ്സണ്‍ ക്രൂഡാസ്, ഗ്ലാക്സോ, ഫൈസര്‍ എന്നിങ്ങനെയുളള വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായ തെക്കേഇന്ത്യക്കാരുടെ പേരുവിവരങ്ങളും ശമ്പളസ്കെയിലുകളും കുടുംബവിവരങ്ങളും എല്ലാം രേഖപ്പെടുത്തിക്കൊണ്ടുളള ലിസ്റ്റുകള്‍ 'മാര്‍മിക്കി'ല്‍ പ്രത്യക്ഷപ്പെട്ടു. സ്ഥലവാസികള്‍ക്ക് ലഭിക്കേണ്ട ജോലികളാണ് അന്യസംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നതെന്നു പറയാനും മാര്‍മിക്ക് മടിച്ചില്ല.
‘മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്കും കശ്മീര്‍ കശ്മീരുകാര്‍ക്കുമെങ്കില്‍ ഇന്ത്യക്കാരന്റെ ഇന്ത്യയെവിടെ?

'മാര്‍മിക്ക്' അഴിച്ചുവിട്ട സേനാനികള്‍ ട്രേഡ് യൂണിയന്‍ ശല്യക്കാരെ അടിച്ചമര്‍ത്താന്‍ പറ്റിയ ആയുധമാണെന്നു മനസിലാക്കിയ വ്യവസായികള്‍ താക്കറെക്ക് പിന്തുണ നല്‍കി. അങ്ങനെ അങ്ങനെ ബാല്‍താക്കറെ എന്ന ആട് കടുവയായി മാറി. ശിവസേനക്ക് സ്വന്തമായി സാമ്ന എന്ന മുഖപത്രമുണ്ടായി. അതിലൂടെ കടുവ ഇടക്കിടക്ക് പ്രാദേശികഗര്‍ജ്ജനം നടത്തി. തിരഞ്ഞെടുപ്പുകളായിരുന്നു ഗര്‍ജ്ജനങ്ങള്‍ക്കു പിന്നിലെ പ്രധാന ചോദന.

കാലം മാറി, ഇപ്പോള്‍ കടുവ ആടിലേക്ക് തിരിച്ചുളള പ്രയാണത്തിലാണെന്ന് ധരിച്ചിരിക്കുമ്പോഴാണ് ഒരു മുരള്‍ച്ച വരുന്നത്. അതിങ്ങനെ, ''സച്ചിന്‍ ക്രിക്കറ്റ് പിച്ചില്‍ ശ്രദ്ധവെച്ചാല്‍ മതി. രാഷ്ട്രീയം കളിക്കേണ്ട. വര്‍ഷങ്ങളെടുത്ത് ക്രിക്കറ്റില്‍ നിന്ന് നേടിയ ആദരവ് രാഷ്ട്രീയ പിച്ചില്‍ കളയരുത്. 105 മറാത്തികള്‍ ജീവന്‍ ബലിനല്‍കി മുംബൈയെ മഹാരാഷ്ട്രയോട് ചേര്‍ക്കുമ്പോള്‍ സച്ചിന്‍ ജനിച്ചിട്ടില്ല.

'താങ്കള്‍ രാജാവിനെ പോലെ കളിക്കുകയും ധനികനായി തീരുകയും ചെയ്തു. അതിലാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, ഒരു വാര്‍ത്താസമ്മേളനത്തില്‍ താങ്കള്‍ പറഞ്ഞത് മറാത്തി എന്നതിനെക്കാള്‍ ഇന്ത്യക്കാരന്‍ എന്നതിലാണ് അഭിമാനിക്കുന്നതെന്നാണ്. ഇത് മറാത്തികളെ വേദനിപ്പിച്ചു. എന്തായിരുന്നു ഇതിന്റെ ആവശ്യം. താങ്കള്‍ മറാത്തികളുടെ മനസ്സില്‍ നിന്ന് റണ്ണൗട്ടായിരിക്കുന്നു''-സാമ്നയുടെ മുഖപ്രസംഗത്തിലായിരുന്നു ബാല്‍ താക്കറെയുടെ ഈ എഴുത്ത്.

സച്ചിന്‍ അഭിമുഖത്തില്‍ പറഞ്ഞത് ''ഞാന്‍ ഇന്ത്യക്കാരനാണ്. മുംബൈ ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ട് മുംബൈ ഓരോ ഇന്ത്യക്കാരന്‍റേതാണ്. ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു " ഇതാണത്രേ ബാല്‍ താക്കറെയെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് സാമ്നയുടെ ഒന്നാം പേജില്‍ താക്കറെ പേരുവെച്ച് എഴുതിയത്.

രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും ഈ പ്രാദേശികതാ വാദത്തിനെതിരെ പ്രതികരണങ്ങളുണ്ടായെങ്കിലും ശശി തരൂരിന്‍റെ ട്വീറ്റ് മികച്ചു നില്‍ക്കുന്നു. 'മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്കും കശ്മീര്‍ കശ്മീരുകാര്‍ക്കുമെങ്കില്‍ ഇന്ത്യക്കാരന്റെ ഇന്ത്യയെവിടെ? പ്രാദേശിക വിഭാഗീയതകള്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനു ഭീഷണിയാണ്' നല്ലൊരു ട്വീറ്റ് വന്നപ്പോള്‍ ആര്‍ക്കും വേണ്ട. അപ്പോഴും തരൂര്‍ ആരായി?

* വിവരങ്ങള്‍ക്കും തലക്കെട്ടിനും ടിജെഎസ് ജോര്‍ജ്ജിന്‍റെ 'ഘോഷയാത്ര' എന്ന പുസ്തകത്തോട് കടപ്പാട്

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് 'ദൈവം' (നവംബര്‍ 14) 2009

sachin1സുബിന്‍

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് 'ദൈവം' 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെ ഗ്യാലറിയില്‍ ഏതോ സച്ചിന്‍ ആരാധകന്‍ ഉയര്‍ത്തിയ ബാനറിലായിരുന്നത്രേ ഈ വാചകങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ കളിയെഴുത്തുകാരില്‍ പ്രധാനിയായ കെ വിശ്വനാഥാണ് സമാനമായ വാക്കുകള്‍ ഉപയോഗിച്ച് സച്ചിനെക്കുറിച്ച് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്‍‍ട്രതലത്തില്‍ കളിതുടങ്ങിയിട്ട് നവംബര്‍ 15ന് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന അവസരമാണ് അദ്ദേഹത്തെ ഒരിക്കല്‍ കൂടി ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. സച്ചിന്‍ സമാനതകളില്ലാത്ത പ്രതിഭാസമാണെന്നതില്‍ കാര്യമായ തര്‍ക്കങ്ങളുണ്ടാവില്ല.

ടെസ്റ്റിലും ഏകദിനത്തിലുമായി അടിച്ചുകൂട്ടിയത് മുപ്പതിനായിരത്തോളം റണ്‍സ്. ഇതില്‍ 87 സെഞ്ച്വറികളും 144 അര്‍ദ്ധസെഞ്ച്വറികളും. ഫസ്റ്റ്ക്ലാസ് കളികൂടി കണക്കിലെടുത്താല്‍ റണ്‍സ് അമ്പതിനായിരം കടക്കും. മാതൃഭൂമിയും മലയാള മനോരമയും പ്രത്യേകം പേജുകള്‍ തന്നെ ക്രിക്കറ്റിലെ ദൈവത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.

തികഞ്ഞ ആരാധനയോടെയാണ് കെ വിശ്വനാഥ് മാതൃഭൂമിയില്‍ സച്ചിനെക്കുറിച്ചെഴുതിയിരിക്കുന്നത്. അത്യുന്നതങ്ങളില്‍ സച്ചിന് സ്തുതി. അടിയുറച്ച സച്ചിന്‍ വിശ്വാസിയായ വിശ്വനാഥ് സച്ചിനെ നിര്‍വ്വചിക്കുന്നതിങ്ങനെ "ഗവാസ്ക്കറുടെ അടിയുറച്ച പ്രതിരോധ തന്ത്രങ്ങള്‍ അതേപടി സച്ചിനിലുണ്ട്. ഈ പ്രതിരോധ തന്ത്രങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് തീര്‍ത്തും അക്രമോത്സുകമായ ഷോട്ടുകള്‍ കളിക്കുന്നു എന്നതാണ് സച്ചിന്‍റെ പ്രസക്തി"

സച്ചിന്‍റെ പഴയ ഫോട്ടോകള്‍ അദ്ദേഹത്തിനു തന്നെ കാണിച്ചു കൊടുത്താല്‍ എന്തായിരിക്കും പറയുക! സച്ചിന്‍ പറയാന്‍ സാധ്യതയുളള വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മലയാള മനോരമ ആല്‍ബം തയ്യാറാക്കിയിരിക്കുന്നു. വ്യത്യസ്ഥവും ലളിതവുമായിട്ടുണ്ട് സച്ചിന്‍ ആല്‍ബം . ക്രിക്കറ്റിനെയും സച്ചിനേയും വായിക്കാന്‍ താത്പര്യമുളളവര്‍ക്ക് വേണ്ടതെല്ലാം മനോരമയും മാതൃഭൂമിയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. മറ്റ് പത്രങ്ങള്‍ ഇവയുടെ ഏഴയലത്തുപോലും എത്തിയിട്ടില്ല. ആ ക്ഷീണം നാളെ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

mathrubhumi-14-1..................................................................................................................................


manorama-1