ഈ ദുരന്തത്തിനു മുന്നില്‍ വാക്കുകള്‍ നിശബ്ദമാവുന്നു, മരണം വാചാലവുംThursday, April 29, 2010
ഈ ഇറ്റലിക്കാരന്‍ ഇന്ത്യയുടെ മരുമകനോ? (സെപ്തംബര്‍ 30) 2009
ക്വത്‌റോച്ചിയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലെ പണം ബൊഫോഴ്‌സ് കോഴയാണെന്നു സ്ഥിരീകരിക്കാനായില്ലെന്ന് സി ബി ഐ ബ്രിട്ടീഷ് അധികൃതരെ അറിയിച്ചതിനെ തുടന്ന് 2006 ജനവരി ഏഴിനാണ് അയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്. ആ നീക്കത്തെ എതിര്‍ത്ത് സുപ്രീംകോടതിയെ സമീപിച്ച അജയ് അഗര്‍വാള്‍ ഒട്ടാവിയോ ക്വത്റോച്ചിയെ രാജ്യത്തിന്‍റെ മരുമകനെന്ന രീതിയിലാണ് യുപിഎ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ആ കുറ്റപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് ബോഫോഴ്സ് കേസിലെ ഒന്ന്- രണ്ട് യുപിഎ സര്‍ക്കാരുടെ നിലപാടുകള്‍. അതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബോഫോഴ്സ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്.
ക്വത്റോച്ചിക്കെതിരായ പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിലുളള ബഞ്ച് മുമ്പാകെ രണ്ടു കാരണങ്ങളാണ് നിരത്തിയത്.
1. ക്വത്ത്‌റോച്ചിയെ ഇന്ത്യയില്‍ എത്തിക്കാന്‍ സി.ബി.ഐ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
2. ബോഫോഴ്‌സ് വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുളള ഒരുകേസും നിലവിലില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.
സര്‍ക്കാരിന്‍റെ വിശദമായ വാദം ഡിസംബര്‍ 11ന് മാത്രമേ പരിഗണിക്കൂ എന്നും യുപിഎയുടെ ഈ രാഷ്‍ട്രീയ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനിടയുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സ്വീഡിഷ് കമ്പനിയായ ബോഫോഴ്സില്‍ നിന്ന് 400 പീരങ്കി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1500 കോടിയുടെ കരാര്‍ . ഈ കരാര്‍ ലഭിക്കുന്നതിനായി 64 കോടി കോഴയായി നല്‍കിയെന്നും. ഇതില്‍ 21കോടിയും കരാറിന്‍റെ ദല്ലാളായി പ്രവര്‍ത്തിച്ചിരുന്ന ക്വട്ട്റോച്ചിക്ക് ലഭിച്ചെന്നുമായിരുന്നു കേസ്.(ദേശാഭിമാനി)
- ഏപ്രില്‍ 16, 1987- കരാര്‍ നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബൊഫോഴ്‌സ് കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
- ജനവരി 22, 1990-ബൊഫോഴ്‌സ് കേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തെങ്കിലും ആദ്യ കുറ്റ പത്രം സമര്‍പ്പിക്കുന്നത് 1999 ഒക്ടോബര്‍ 22ന്.
- ഒട്ടാവിയോ ക്വത്‌റോച്ചി, ബൊഫോഴ്‌സ് കമ്പനി ഏജന്റ് വിന്‍ ഛദ്ദ, ബൊഫോഴ്‌സ് കമ്പനി മേധാവിയായിരുന്ന മാര്‍ട്ടിന്‍ അര്‍ബോ, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നഗര്‍ എന്നിവരായിരുന്നു പ്രതികള്‍. ഒപ്പം ‘വിചാരണ ചെയ്യാന്‍ പറ്റാത്ത പ്രതി‘യായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയും.
- ക്വത്‌റോച്ചിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ പണം ബൊഫോഴ്‌സ് കോഴയാണെന്നു സ്ഥിരീകരിക്കാനായില്ലെന്ന് സി.ബി.ഐ. ബ്രിട്ടീഷ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് 2006 ജനവരി ഏഴിന് ക്വത്‌റോച്ചിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്.
- 2007 ഫിബ്രവരി ആറിന് - ക്വത്‌റോച്ചി അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും അയാളെ ഇന്ത്യയിലെത്തിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല
- ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിന് മൂന്നാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ 2008 ഏപ്രില്‍ 28ന് പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയില്‍ നിന്ന്(ഇന്‍റര്‍പോളിന്‍റെ റെഡ്കോര്‍ണര്‍ പട്ടിക) ക്വത്റോച്ചിയുടെ പേര് നീക്കം ചെയ്യാന്‍ സിബിഐ ഇന്‍ര്‍പോളിനോട് ആവശ്യപ്പെടുന്നത്.
- ഇപ്പോഴിതാ രണ്ടാം യുപിഎ സര്‍ക്കാര്‍ ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു.
ഇത്രയേറെ ആനുകൂല്യങ്ങള്‍ ഒരു കുറ്റാരോപിതന് അനുവദിക്കുമ്പോള്‍ അജയ് അഗര്‍വാളിന്‍റേതുപോലെ ഒട്ടോവിയോ ക്വത്റോച്ചി നമ്മുടെ രാജ്യത്തിന്‍റെ മരുമകനാണോ എന്ന സംശയം തോന്നാതിരിക്കുന്നാല്‍ അവിടെയാണ് തെറ്റ്.
കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ ഹൈക്കമാണ്ടര്‍ സോണിയ ഗാന്ധിയുടെ കുടുംബ സുഹൃത്താണെന്നത് ക്വത്റോച്ചിയെ രക്ഷിക്കാന്‍ സഹായിച്ചിരിക്കാം. എന്നാല്‍ അതിനേക്കാളും രാജീവ് ഗാന്ധി പ്രതിയാണ് എന്നതായിരിക്കണം ക്വത്റോച്ചിയെ രക്ഷിച്ചത്.
പോള്‍ ‘വധം’: പ്രതികള്‍ പ്രഭാവര്‍മ്മ, പിഎം മനോജ്, എന്‍ മാധവന്‍കുട്ടി (സെപ്റ്റംബര്‍ 26) 2009
സെപ്തംബര്‍ 24നാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ സെബാസ്റ്റ്യന്‍ പോളിന് ചരമക്കുറിപ്പെഴുതുന്നത്. സെബാസ്റ്റ്യന്‍ പോളിനേയും മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്‍റേയും പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ഇത്തരത്തില്‍ ഒരു ചരമക്കുറിപ്പ് വരുന്നുണ്ട് എന്നതിന്‍റെ സൂചന സെപ്തംബര്‍ 21ന് തന്നെ ശതമന്യു(പിഎം മനോജ്) ഉളളതുപറഞ്ഞാല്‍ എന്ന കോളത്തിലൂടെ നല്‍കിയിരുന്നു.“ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്യന്‍ പോള്‍, രാംകുമാര്‍, ബാര്‍പീ ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്”വിശുദ്ധ മാധ്യമപശുക്കള്‍
ഇതിനുശേഷം സെപ്തംബര്‍ 24ന് സത്യം അറിയാനുളള സ്വാതന്ത്ര്യം ആര് സംരക്ഷിക്കും എന്ന തലക്കെട്ടില്‍ പ്രഭാവര്‍മ്മയും ഇതോ മാധ്യമധര്‍മ്മം എന്ന തലക്കെട്ടില്‍ പേരില്ലാ ലേഖകനും ദേശാഭിമാനിയില്‍ എഴുതുന്നത്.
ഇതോടെ സെബാസ്റ്റ്യന്‍ പോള്‍ പരസ്യമായി മാധ്യമങ്ങളിലൂടെ സിപിഐഎമ്മിന്‍റെ പലനിലപാടുകളോടുമുളള വിയോജിപ്പ് പരസ്യമാക്കുകയായിരുന്നു.
സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനത്തിലെ വിവാദ പരാമര്‍ശങ്ങള്‍
- മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു വിരട്ടുകയെങ്കിലും വേണമെന്ന് നാടുവാഴികള്‍ സ്ഥിരമായി പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ആവശ്യമാണോ?
- പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും പിണറായി വിട്ടുവീഴ്ചയ്ക്കില്ല. സിന്‍ഡിക്കേറ്റ് മുതല്‍ ദിവ്യദൃഷ്ടി വരെ മാധ്യമപദാവലിയിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു.
- സോവിയറ്റ് വിപ്ലവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്ത്വത്തിന്റെ കേരളത്തിലെ ആവിഷ്‌കാരമാണ് ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും.
- പത്രത്തെ പത്രം കൊണ്ടും ചാനലിനെ ചാനല്‍ കൊണ്ടും പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എല്ലായ്‌പോഴും കഴിയില്ല.
സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം -> സത്യാന്വേഷണം തുടരട്ടെ - മാതൃഭൂമി
പിണറായിക്ക് വെര്‍ട്ടിഗോ? (സെപ്തംബര്‍ 24) 2009
1958ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ പേരാണ് ‘വെര്‍ട്ടിഗോ’. ഭാര്യയെ അകാരണമായി സംശയിക്കുന്ന ഒരു റിട്ടയേഡ് പോലീസ് ഡിറ്റക്ടീവിന്‍റെ കഥയാണിത്. അകാരണമായ ഭയമാണ് (അക്രോഫോബിയ) ഹിച്കോക്കിന്‍റെ സിനിമയിലെ യഥാര്‍ത്ഥ നായകന്‍. ഹിച്ച്കോക്കിന്‍റെ സിനിമയുടെ അതേ പേരുളള രോഗമാണ് പിണറായിക്കെന്നാണ് മലയാള മനോരമ സൂചന നല്‍കിയിരിക്കുന്നത്. ഈ രോഗം മൂലമാണത്രേ പിണറായി കോടതിയില്‍ ഹാജരാകാഞ്ഞത്. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്‍റെ ഏറ്റക്കുറച്ചില്‍ മൂലം ശരീരത്തിന്‍റെ സമനില തെറ്റുന്ന രോഗമാണ് വെര്‍ട്ടിഗോ.
ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ താഴേക്ക് വീണു പോകുമോ എന്ന അകാരണമായ ഭയമാണ് വെര്‍ട്ടിഗോയുടെ പ്രധാന ലക്ഷണം. ചുരുക്കത്തില്‍ ശരീരത്തിന്‍റെ തുലനനില തെറ്റിക്കുന്ന രോഗം.
തെറ്റിദ്ധരിക്കരുത്, പിണറായിക്ക് അക്രോഫോബിയയാണെന്നല്ല പറഞ്ഞു വരുന്നത്. പിണറായിയുടെ ഭയത്തിനുപിന്നില്‍ കൃത്യമായ കാരണമുണ്ട്. കോടതിയില്‍ പോയി മാധ്യമപ്രവര്‍ത്തകരെകണ്ട് നിലതെറ്റാന്‍ പിണറായിക്ക് മനസില്ല. അതുതന്നെ കാരണം.
അതേസമയം കോടതി നിര്‍ദ്ദേശിച്ച അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നടത്തുന്നത് അപക്വമാണെന്നാണ് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുളളത്.
വീരനും മാതൃഭൂമിയും യുഡിഎഫില്‍ ഒപ്പിട്ടു (സെപ്തംബര്‍ 23) 2009
വീരന്‍പക്ഷം യുഡിഎഫില്‍ ഒപ്പിട്ടു കയറിയതിനുശേഷം ആദ്യ വെടി പൊട്ടിച്ചത്കോണ്‍ഗ്രസ് നേതാവായ കെകെ രാമചന്ദ്രന്‍ മാസ്റ്ററാണ് . വീരേന്ദ്രകുമാര്‍ ജനതാദളിന് ഹോംഗ്രൗണ്ടായ വയനാട്ടില്‍ പോലും 2000 മുതല്‍ 3000 വോട്ടുകള്‍ മാത്രമേ ഉളളൂ എന്നാണ് അദ്ദേഹം ഉന്നയിച്ച ചെറുതല്ലാത്ത ആരോപണം.(2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ് കുമാര്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ 1841വോട്ടുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു എന്നത് വേറെ കാര്യം)
ജനതാദളിന് പഴയ വീര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് അതില്‍തന്നെ കോണ്‍ഗ്രസുകാര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് വല്ലാതെ ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്? പറയാന്‍ 127 വര്‍ഷത്തെ പാരമ്പര്യമുണ്ടെങ്കിലും നാലാള്‍ വായിക്കുന്ന ഒരു പാര്‍ട്ടി പത്രമെന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സ്വപ്നത്തില്‍ പോലുമില്ല.
കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പത്രമായില്ലെങ്കിലും മനോരമയെപ്പോലെ എല്ലാം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രമാക്കി മാതൃഭൂമിയെ മാറ്റാന്‍ കഴിഞ്ഞാല്‍ . ഹൊ ആലോചിക്കുമ്പൊഴേ എല്ലാ കോണ്‍ഗ്രസുകാരനും രോമാഞ്ചം വരേണ്ടതാണ്. ജനതാദളിലെ വീരേന്ദ്രകുമാര്‍ പക്ഷത്തിന്‍റെ വോട്ടു കണ്ടിട്ടല്ല 94,44,000 വായനക്കാരുളള മാതൃഭൂമിയെ കണ്ടിട്ടാണ് കോണ്‍ഗ്രസുകാര്‍ ഇത്ര വെളുക്കെ ചിരിക്കുന്നത്. നാലാള്‍ വായിക്കുന്ന മാതൃഭൂമി തന്നെയാണ് വീരേന്ദ്രകുമാറിന്‍റെ തുറുപ്പുചീട്ടും.
പിന്നെ, പി പി തങ്കച്ചന്‍ പറയുന്നത്ര സുഖകരമൊന്നുമായിരിക്കില്ല ജനതാദളിന്‍റെ യുഡിഎഫിലെ ഭാവി. ഇടതു മുന്നണിയില്‍ 2001വരെ 12 നിയമസഭാ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയാണ് ജനതാദള്‍ യു. ഇപ്പോള്‍ മെലിഞ്ഞെങ്കിലും പത്ത് സീറ്റില്‍ കുറയാതെ ജനതാദളിന് ആവശ്യപ്പെടാം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ വിജയിച്ചത് വടകര, പെരിങ്ങളം, കല്‍പറ്റ, തിരുവല്ല, അങ്കമാലി സീറ്റുകളിലായിരുന്നു. ചിറ്റൂര്‍ , തിരുവല്ല, കോവളം, മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ പരാജയപ്പെട്ടു.ഈ സീറ്റുകള്‍ നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ക്കായി ജനതാദള്‍ വിലപേശുമോ എന്നാണ് യുഡിഎഫിലെ ചെറുകക്ഷികളുടെ ആശങ്ക.
തിരുവല്ല സീറ്റ് യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതാണ്. അങ്കമാലി സീറ്റില്‍ കഴിഞ്ഞതവണ മല്‍സരിച്ചത് കോണ്‍ഗ്രസിന്റെ പി ജെ ജോയിയുമാണ്. മലപ്പുറം ലീഗിന്റെ സീറ്റും. കോവളം കോണ്‍ഗ്രസിന്റേതും.
തെക്കന്‍ മേഖലയില്‍ ജനതാദള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ അത് ദോഷം ചെയ്യുക ജേക്കബ്, പിള്ള, ജെ എസ് എസ്, ആര്‍ എസ് പി പാര്‍ട്ടികളെയാകും. അതുകൊണ്ടുതന്നെ യുഡിഎഫിലെ എല്ലാ ഘടകക്ഷികളും ജനതാദളിന്‍റെ മുന്നണി പ്രവേശത്തില്‍ അത്ര തൃപ്‍തരല്ല.
രാഹുലിന്‍റെ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മന്ത്രി ബാലന്‍ (സെപ്തംബര്‍ 22) 2009

പലകുറി ആവര്‍ത്തിച്ചിട്ടുളള ഒരു വാഗ്ധാനമാണ് ദേശാഭിമാനിയുടെ പ്രധാന വാര്‍ത്ത > ആദിവാസി ഭൂമിവിതരണം നവംബര്‍ ഒന്നുമുതല്‍. അതിലും വലിയസംഭവമാണ് വാര്‍ത്തക്കുളളിലെ ഫോട്ടോ. മന്ത്രി ബാലന്‍ ആദിവാസി കുടിലില്‍ നിന്നും ഭക്ഷണം കഴിക്കുന്നു.
രാഹുല്‍ ഗാന്ധിയും എകെ ബാലനുമെല്ലാം അവരുടെ മനസിന്‍റെ വലിപ്പം കൊണ്ടു മാത്രമാണ് ആദിവാസികളെയും മറ്റ് അവശവിഭാഗങ്ങളെയും സന്ദര്‍ശിക്കുന്നതും, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും, ഒപ്പം ഉറങ്ങുന്നതും. കുപ്പിയിലും അളവിലുമെല്ലാം വ്യത്യസ്ഥതയുണ്ടാകാം, എന്നാലും എകെ ബാലനിലേയും രാഹുല്‍ ഗാന്ധിയിലേയും വീഞ്ഞിന് ഒരേ മണം ഒരേ ഗുണം ഒരേ ലക്ഷ്യം.
രാഹുല്‍ അമേത്തിയില്‍ ഒരു ശിവകുമാരിയുടെ കുടിലിലുറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അവിടേക്ക് മാധ്യമപടയോട്ടമാണ് ഉണ്ടായത്. എന്നാല്‍ ബാലന്‍ കുടിലിലുറങ്ങിയപ്പോള്‍ അതിന്‍റെ വാര്‍ത്താ മൂല്യം മനസിലാക്കാന്‍ ദേശാഭിമാനി ഒഴികെയുളള മലയാള മാധ്യമങ്ങള്‍ക്കായില്ല.
ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത് ഒരു പ്രശ്നമല്ല അഞ്ചുലക്ഷത്തില്‍ താഴെ കോപ്പിയും മുപ്പതിനായിരത്തില്‍ താഴെ വായനക്കാരുമുളള ദേശാഭിമാനി ഒന്നാം പേജില്‍ പ്രധാനവാര്‍ത്തയാക്കിയിട്ടുണ്ട്. അതു പോരേ.
രാഹുല്‍ ഗാന്ധി വന്നു പോയതിനെക്കുറിച്ച്അന്ന് ശിവകുമാരി പറഞ്ഞതിങ്ങനെ. “അവര്‍ പെട്ടെന്നാണ് കുടിലിലേക്ക് കയറിവന്നത്. എന്നാ അതിനു മുമ്പ് തന്നെ ട്രസ്റ്റിന്‍റെ(രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്) ആളുകള്‍ വന്ന് കിടക്കയും തലയണയുമെല്ലാം കൊണ്ടുവെച്ചിരുന്നു. അവര്‍ പോയതിനുശേഷം ഒരു വണ്ടി വന്നു. കിടക്കയും തലയണയുമെല്ലാം കൊണ്ടു പോവുകയും ചെയ്തു”.
അങ്ങനെയാണ് ശിവകുമാരി വീണ്ടും ശിവകുമാരിയായത്. ശിവകുമാരിയെക്കുറിച്ചുളള പഴയ വാര്‍ത്ത ഇവിടെ നിന്നും വായിക്കാം>> നമ്മുടെ മന്ത്രിക്ക് ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അത്ര ടാലന്‍റായിട്ടില്ല.
യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17) 2009
പെട്ടെന്നൊരു ദിവസം ഖദര്‍ ഷര്‍ട്ടിട്ട് ചാക്കു നൂലു കെട്ടിമുറുക്കിയ മുണ്ടും ചുറ്റി രാഷ്‍ട്രീയക്കാരനായതിന്‍റെ എല്ലാ പോരായ്മകളും ശശി തരൂരിനുണ്ട്. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ ‘കന്നുകാലിക്ലാസ്’ പ്രയോഗം. ”ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ” എന്ന് ഒരാള്‍ ട്വിറ്ററിലൂടെ ചോദിച്ചതിന് ശശി തരൂര്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ”തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍” എന്നായിരുന്നു ട്വിറ്ററിലൂടെ തരൂരിന്‍റെ മറുപടി. പിന്നീട് അത് വിവാദമായപ്പോള്‍ ട്വിറ്ററില്‍ നിന്നേ നീക്കം ചെയ്തു.
മൂന്നു മാസത്തോളം നീണ്ട ശശിതരൂരിന്‍റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം ധനമന്ത്രി പ്രണബ്മുഖര്‍ജി നാണംകെട്ട് വാര്‍ത്താ സമ്മേളനം വിളിച്ചാണ് അവസാനിപ്പിച്ചത്. കേരളഹൗസില്‍ ജിം ഇല്ല, സ്വകാര്യത ഇല്ല എന്നെല്ലാമായിരുന്നു പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുന്നതിനായി തരൂര്‍ പറഞ്ഞിരുന്ന ഒഴികഴിവുകള്‍. ഒപ്പം നികുതിദായകന്‍റെ ചിലവിലല്ല ബില്ല് കൊടുക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ആ ശശിതരൂര്‍ എത്രകാലം നക്ഷത്രഹോട്ടലിനെ വിട്ട് ഇന്ത്യന്‍ നാവിക സേനയുടെ ഗസ്റ്റ്ഹൗസിലെ മെത്തയില്‍ കെടക്കുമെന്ന് കണ്ടറിയണം. സംഭവം മനോരമ മാത്രം പറ്റെ തമാശയാക്കികളഞ്ഞു. രാഷ്‍ട്രീയവുമായി പുലബന്ധമില്ലാത്ത തരൂരുകാരനെ പിടിച്ച് വിദേശകാര്യ സഹമന്ത്രിയാക്കി പ്രതിഷ്ഠിച്ച കോണ്‍ഗ്രസാണിപ്പൊള്‍ ശശിയായത്.








