Thursday, April 29, 2010

പിണറായിക്ക് വെര്‍ട്ടിഗോ? (സെപ്തംബര്‍ 24) 2009

1958ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ പേരാണ് ‘വെര്‍ട്ടിഗോ’. ഭാര്യയെ അകാരണമായി സംശയിക്കുന്ന ഒരു റിട്ടയേഡ് പോലീസ് ഡിറ്റക്ടീവിന്‍റെ കഥയാണിത്. അകാരണമായ ഭയമാണ് (അക്രോഫോബിയ) ഹിച്കോക്കിന്‍റെ സിനിമയിലെ യഥാര്‍ത്ഥ നായകന്‍.

ഹിച്ച്കോക്കിന്‍റെ സിനിമയുടെ അതേ പേരുളള രോഗമാണ് പിണറായിക്കെന്നാണ് മലയാള മനോരമ സൂചന നല്‍കിയിരിക്കുന്നത്. ഈ രോഗം മൂലമാണത്രേ പിണറായി കോടതിയില്‍ ഹാജരാകാഞ്ഞത്. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്‍റെ ഏറ്റക്കുറച്ചില്‍ മൂലം ശരീരത്തിന്‍റെ സമനില തെറ്റുന്ന രോഗമാണ് വെര്‍ട്ടിഗോ.

ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ താഴേക്ക് വീണു പോകുമോ എന്ന അകാരണമായ ഭയമാണ് വെര്‍ട്ടിഗോയുടെ പ്രധാന ലക്ഷണം. ചുരുക്കത്തില്‍ ശരീരത്തിന്‍റെ തുലനനില തെറ്റിക്കുന്ന രോഗം.

തെറ്റിദ്ധരിക്കരുത്, പിണറായിക്ക് അക്രോഫോബിയയാണെന്നല്ല പറഞ്ഞു വരുന്നത്. പിണറായിയുടെ ഭയത്തിനുപിന്നില്‍ കൃത്യമായ കാരണമുണ്ട്. കോടതിയില്‍ പോയി മാധ്യമപ്രവര്‍ത്തകരെകണ്ട് നിലതെറ്റാന്‍ പിണറായിക്ക് മനസില്ല. അതുതന്നെ കാരണം.

അതേസമയം കോടതി നിര്‍ദ്ദേശിച്ച അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നടത്തുന്നത് അപക്വമാണെന്നാണ് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുളളത്.

No comments: