
ഒരുമാതിരി ‘കെ മുരളീധരനെപ്പോലെ പെരുമാറരുത്’ എന്ന് മലയാളി പറഞ്ഞു തുടങ്ങിയാല്‍ കുറ്റം പറയാനാവില്ല. ആ രീതിയിലാണ് കരുണാകര പുത്രന്‍റെ വേലത്തരങ്ങള്‍ . അല്ലെങ്കിലും ലൂബ്രിക്കന്‍റ് ഓയില്‍ ഏജന്‍സിയുടെ കച്ചവടത്തിനായി കോഴിക്കോടെത്തിയ ഒരു ഗള്‍ഫ് റിട്ടേണ്‍ഡ് പ്രവാസിയായ മുരളീധരനില്‍ നിന്നും ഇതിലപ്പുറം നമ്മള്‍ പ്രതീക്ഷിക്കുന്നതേ പാപമാണ്.
പുതിയ ചില മുരളീധരമൊഴികള്‍ നോക്കാം- “ആര്‍ക്കും മറുപടി പറയാന്‍ താനില്ല, പ്രകോപിപ്പിക്കാമെന്നും കരുതേണ്ട. ഒരു പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയില്‍ ചിലതൊക്കെ പറയേണ്ടി വരും. അതൊക്കെ രാഷ്‍ട്രീയത്തില്‍ പതിവുള്ള കാര്യമാണ്. പലരും തന്നെ ബന്ധപ്പെട്ടു കോണ്‍ഗ്രസിലേക്കു മടങ്ങണമെന്നു പറഞ്ഞിട്ടുണ്ട്. തനിക്കു സ്ഥാനമാനങ്ങളൊന്നും വേണ്ട. പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണു പോരാടിയിട്ടുള്ളത്”
രാജനെന്ന പേരേ കേട്ടിട്ടില്ലെന്ന് ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനില്‍ തുളുമ്പിയ അതേ നിഷ്കളങ്കത
കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തുമെന്ന് അലറിവിളിച്ച് നടന്ന ‘സിംഗ’മായിരുന്നു കുറേക്കാലം മുരളീധരന്‍. കുളിപ്പിച്ചു കിടത്താമെന്ന വെല്ലുവിളി പാലിക്കാനുളള അവസാനവട്ട ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ട്. അതുകൊണ്ടാകാം ഒരൊറ്റ പ്രമുഖ കോണ്‍ഗ്രസ് നേതാവുപോലും(കരുണാകരനൊഴികെ) മുരളീധരനുവേണ്ടി പരസ്യമായിതുവരെ മൊഴിയാത്തത്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കെ മുരളീധരനെ മാത്രം ഉദ്ദേശിച്ച് തോണ്ടിയെറിഞ്ഞതിനെ വലിച്ചുകയറ്റരുത് എന്ന് മുഖപ്രസംഗമെഴുതിയത്. വീക്ഷണത്തിന്‍റെ എഡിറ്റോറിയല്‍ അവസാനിക്കുന്നത് ഇങ്ങനെ “സുഗന്ധവാഹിയായ കാറ്റിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ എന്നും തുറന്നിടാം. ദുര്‍ഗന്ധം വഹിക്കുന്ന കാറ്റ് വീശുമ്പോള്‍ വാതിലുകള്‍ മാത്രമല്ല; ജനവാതിലുകളും കൊട്ടിയടച്ചേ മതിയാവൂ.”
എന്നിട്ടും മുരളി പറയുന്നു, പലരും തന്നെ ബന്ധപ്പെട്ടു കോണ്‍ഗ്രസിലേക്കു മടങ്ങണമെന്നു പറഞ്ഞിട്ടുണ്ടെന്ന്. ഒരു തരം പിതൃസഹജമായ നിഷ്കളങ്കത. കേരള പോലീസ് ഉരുട്ടിക്കൊന്ന മകനെ തിരഞ്ഞ് ഒരുപാട് കാലം കോടതികയറിയിറങ്ങിയ ഒരു ഈച്ചരവാര്യരുണ്ടായിരുന്നു. രാജനെന്ന പേരേ കേട്ടിട്ടില്ലെന്ന് ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനില്‍ തുളുമ്പിയ അതേ നിഷ്കളങ്കത.
കേരളത്തില്‍ സേവാദളിനെ 1988 കാലങ്ങളില്‍ പുനര്‍ജനിപ്പിച്ചതും സംസ്ഥാന ചെയര്‍മാന്‍ സ്ഥാനമുണ്ടാക്കി അതില്‍ ഗള്‍ഫ് റിട്ടേണ്‍ഡ് മുരളിയെ പിടിച്ചിരുത്തിയതും കരുണാകരനാണ്. തുടര്‍ന്ന് കാലാകാലങ്ങളില്‍ എംപി, കെപിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ കസേരകള്‍ക്കു പുറമേ വല്ലാണ്ട് വാശിപിടിച്ചപ്പോള്‍ ഡിഐസി എന്ന സ്വന്തം പാര്‍ട്ടിവരെ മോന് ഉണ്ടാക്കിക്കൊടുത്തയാളാണ് കരുണാകരന്‍. അപ്പോഴൊന്നും മോന്‍ ഇത്ര വളരുമെന്ന് കരുണാകരന്‍ പോലും പ്രതീക്ഷിച്ചു കാണില്ല.
No comments:
Post a Comment