Thursday, April 29, 2010

ജിന്ന കേറിയെന്ന പേരില്‍ ജസ്വന്തിനെ പുറത്താക്കി (ആഗസ്ത് 20) 2009

സ്വന്ത് സിംഗിനെ ബിജെപി പുറത്താക്കി. അദ്ദേഹത്തിന്‍റെ ആഗസ്ത് 17ന് പുറത്തിറക്കിയ ‘ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തില്‍ ജിന്നയെ പ്രകീര്‍ത്തിച്ചും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇകഴ്ത്തിയുമുളള പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതാണ് പെട്ടെന്നുളള പുറത്താക്കലിന്‍റെ കാരണമായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടിയത്.

സിംലയില്‍ നടക്കുന്ന ബിജെപി ചിന്തന്‍ ബൈഠകിന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു തീരുമാനം. ബിജെപിക്ക് തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി വിശകലനം ചെയ്യുന്നതിനാണ് ചിന്തന്‍ ബൈഠക് വിളിച്ചിരിക്കുന്നത്.

ബിജെപി 1980ല്‍ പിറന്നതു മുതല്‍ ബിജെപിയുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ജസ്വന്ത്. എന്നാല്‍ അടല്‍ ബിഹാരി വാജ്പേയിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധമാണ് പാര്‍ട്ടിയിലുണ്ടായ വളര്‍ച്ചക്കു പിന്നിലെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എബി വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം.

*****

‘ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തിലെ വിവാദപരമായ പരാമര്‍ശങ്ങള്‍

“ജിന്ന നേടിയെടുത്തതല്ല, പാകിസ്‌താന്‍. അദ്ദേഹം മഹാനായ ഇന്ത്യക്കാരനായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭായി പട്ടേലും ബ്രിട്ടീഷ്‌ സഹായത്തോടെ പാകിസ്‌താനെ ജിന്നയുടെ കൈകളിലെത്തിക്കുകയായിരുന്നു…

ജിന്നയുടെ രാഷ്‌ട്രീയതത്വം പാകിസ്‌താനെ മുസ്ലിം രാഷ്‌ട്രമാക്കുക എന്നതായിരുന്നില്ല. മറിച്ച്‌, ജനാധിപത്യ മതേതര രാഷ്‌ട്രമെന്നതായിരുന്നു. ജിന്നയുടെ കാലശേഷം പാകിസ്‌താന്‍ അതില്‍നിന്നു വ്യതിചലിച്ചു. മുസ്ലിം രാഷ്‌ട്രമെന്നു പാകിസ്‌താനെ വിളിക്കുന്നത്‌ അസംബന്ധമാണ്”

തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ബിജെപിയില്‍ കര്‍ശന അച്ചടക്കം ഉറപ്പു വരുത്തണമെന്ന് ആര്‍ എസ് എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അച്ചടക്കം ഉറപ്പു വരുത്തുന്നതിനാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് വസുന്ധര രാജ സിന്ധ്യയെയാണ്. കാരണം ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് രാജസ്ഥാനിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതിനെ എതിര്‍ക്കുകയും തന്നോടൊപ്പമുളള 54 എംഎല്‍എമാരെ ഈ തീരുമാനത്തിനെതിരായി അണിനിരത്തുകയുമാണ് സിന്ധ്യ ചെയ്തത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 79 എംഎല്‍എമാരാണുള്ളത്.

ജസ്വന്ത് സിംഗിനെ പുറത്താക്കിയ അതേ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡാണ് വസുന്ധരക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വന്‍ പിന്തുണയുളള വസുന്ധരക്കെതിരെ തത്ക്കാലം നടപടി വേണ്ടെന്നാണ് പൊതുവികാരം. ബിജെപിയുടെ നേതൃനിരയില്‍ നിന്നും വാജ്പേയി പിന്മാറിയതോടെ ദുര്‍ബലനാണ് ജസ്വന്ത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെയുളള നടപടി താരതമ്യേന എളുപ്പമാണ്. അച്ചടക്കത്തിന്‍റെ പേരില്‍ പറയാനൊരു കടുത്ത നടപടിയുമായി.

*****

വിവാദങ്ങള്‍ക്ക് പുതിയ ആളല്ല ജസ്വന്ത് സിംഗ്

  • 1999 കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജസ്വന്ത് സിങ് തടവിലായിരുന്ന മൂന്നു ജെയ്ഷെ ഭീകരരുമായി പോയി. മുബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ മുഖ്യ പ്രതിയെന്ന് ആരോപിക്കുന്ന മൗലാനാ മഹ്സൂദ് അസര്‍ , അഹമ്മദ് ഒമര്‍ സെയ്ദ്, മുഷ്താഖ് സര്‍ദ്ദാര്‍ എന്നിവരായിരുന്നു അന്ന് മോചിപ്പിക്കപ്പെട്ട ഭീകരര്‍ . അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍കെ അദ്വാനി തന്‍റെ അറിവോടെയല്ല ജസ്വന്ത് സിംഗ് കാണ്ഡഹാറിലേക്ക് പോയതെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
  • 2006 ജൂലൈയില്‍ പുറത്തിറങ്ങിയ ജസ്വന്തിന്റെ ‘എ കാള്‍ ടു ഓണര്‍ ഇന്‍ സര്‍വീസ് ഓഫ് എമര്‍ജന്‍സി ഇന്ത്യ’ എന്ന പുസ്തകവും വിവാദമായി. പി വി നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ഒരു അമേരിക്കന്‍ ചാരന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നതായി പുസ്തകത്തില്‍ പറഞ്ഞു. ഏറെ കോളിളക്കമുണ്ടാക്കിയെങ്കിലും ആരാണ് രഹസ്യം ചോര്‍ത്തിയ ഉദ്യോഗസ്ഥനെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
  • കഴിഞ്ഞ വര്‍ഷം ജസ്വന്ത് സിംഗിന്‍റെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥികള്‍ക്ക് ലഹരി(കറുപ്പ്) വിളമ്പിയെന്ന ആരോപണമുയര്‍ന്നു. എന്നാല്‍ ‍, അദ്ദേഹം ആരോപണം നിഷേധിക്കുകയായിരുന്നു.
  • 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി ഡാവാ ഷെര്‍പ്പായെ മറികടന്നാണ് ജസ്വന്ത് ഡാര്‍ജിലിങ്ങില്‍ നിന്ന് മത്സരിച്ചതെന്ന് ആരോപണമുയര്‍ന്നു. ബി ജെ പി പോഷക സംഘടനയായ ഗോര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതാവായിരുന്നു ഷെര്‍പ്പാ. അവസാനം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.
  • കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ജസ്വന്ത് സിംഗ് കത്തെഴുതി. തിരഞ്ഞെടുപ്പിന്‍റെ ചുക്കാന്‍ പിടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജെയ്റ്റ്ലിയെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാക്കിയതായിരുന്നു ജസ്വന്ത് സിംഗിനെ ചൊടിപ്പിച്ചത്.

No comments: