മനുഷ്യന് വെല്ലുവിളിയായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മുപ്പതിലേറെ പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വൈറസുകളെല്ലാം താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ പ്രായമായവരേയോ കുഞ്ഞുങ്ങളേയോ ആണ് ബാധിച്ചിരുന്നത്. അതുപോലെത്തന്നെയാണ് പന്നിപ്പനിയെന്നു കരുതാന്‍ വരട്ടെ. മെക്‌സിക്കോയില്‍ എന്‍1എച്ച്1 പനിമൂര്‍ച്ഛിച്ച് മാരക ന്യുമോണിയ ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. മനുഷ്യ ചരിത്രത്തിലെ തന്നെ മഹാമാരിയായിട്ടാണ് 1918-19 കാലത്ത് പ്രത്യക്ഷപ്പെട്ട സ്പാനിഷ് ഫ്ലൂ അറിയപ്പെടുന്നത്. അന്ന് ’സ്പാനിഷ് ഫ്ലൂ’ വന്ന് മരിച്ച 500 ലക്ഷത്തിലധികം പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു. ഈ വൈറസിന് പന്നിപ്പനിവൈറസുമായി സാമ്യമുണ്ടെന്നാണ് ശാസ്ത്രലോകം സമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ ജാഗ്രതൈ !
പന്നിപ്പനി?
പന്നികളില്‍ കാണപ്പെടുന്ന ഒരു സാധാരണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് N1H1. ആദ്യപന്നിപ്പനി റിപ്പോര്‍ട്ടു ചെയ്ത ഏപ്രില്‍ പകുതിക്ക് മാസങ്ങള്‍ക്കുമുമ്പുതന്നെ അത് മനുഷ്യനിലേക്കു പടര്‍ന്നിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്‍ട്രസംഘമാണ് ഈ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ സംക്രമിക്കാനുള്ള കഴിവാണ് ഈ വൈറസിനെ അപകടകാരിയാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ജൂലൈ 30 വരെ 1,77,699 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിട്ടുണ്ട്. ഇതില്‍ 1126പേരാണ് മരിച്ചത്. പന്നിപ്പനി വൈറസിന്‍റെ വ്യാപനം കുറഞ്ഞതിനാല്‍ ആഗസ്ത് ആറിനുശേഷം ലോകാരോഗ്യ സംഘടന ആഗസ്ത് ആറിനുശേഷം ലോകവ്യാപകമായ കണക്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടുതല്‍ അറിയാന്‍>>
പന്നിപനി ലക്ഷണങ്ങള്‍
സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണുക. ശക്തമായ പനി, ചുമ, കഫക്കെട്ട്, തൊണ്ടവീക്കം, ശരീരവേദന, തലവേദന, കുളിര്, ക്ഷീണം എന്നിവയൊക്കെ ഉണ്ടാകാം. ചില രോഗികളില്‍ ശര്‍ദിയും വയറിളക്കവും പ്രത്യക്ഷപ്പെടാം. രോഗം മൂര്‍ച്ഛിക്കുന്നതോടെ ശ്വാസതടസ്സമുണ്ടാവുകയും അത് ന്യുമോണിയയായി മാറി ചിലപ്പോള്‍ രോഗി മരിച്ചേക്കാം.
ചികിത്സ
മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകര്‍ച്ചവ്യാധിയെന്ന നിലയില്‍ അധികമാര്‍ക്കും പന്നിപ്പനിക്കെതിരെ പ്രതിരോധശേഷിയില്ല എന്നതാണ് വാസ്തവം. രോഗം ഭേദമാക്കാന്‍ കഴിയുന്ന മരുന്നും ലഭ്യമല്ല. എന്നാല്‍ , വൈറസുകള്‍ക്കെതിരെ പ്രയോഗിക്കുന്ന ചില മരുന്നുകള്‍ ( ടാമിഫ്ലു, റെലെന്‍സ എന്നിവ) പന്നിപ്പനിയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും രോഗം മാരകമാകാതെ നോക്കാനും സഹായിക്കുമെന്ന്, യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി ഡി സി) ശുപാര്‍ശ ചെയ്യുന്നു.
മുന്‍കരുതലുകള്‍
രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്. വായുവിലൂടെ പകരുന്ന വൈറസായതിനാല്‍ , സര്‍ജിക്കല്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ , ഏഴ് ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം.

No comments:
Post a Comment