Monday, April 19, 2010

അമേരിക്കക്കാരനെക്കൊണ്ട് പത്തു മിനിറ്റില്‍ 68 പട്ടിയെ തീറ്റിച്ച ദേശാഭിമാനി (ജൂലൈ എട്ട് 2009)


മേരിക്കക്കാരനെക്കൊണ്ട് പത്തുമിനിറ്റില്‍ 68 പട്ടിയെ തീറ്റിക്കാന്‍ ആര്‍ക്കാണ് കഴിയുക. ഒസാമ ബിന്‍ ലാദനു പോലും കഴിയാത്ത കാര്യം നിസാരമായി നമ്മുടെ ദേശാഭിമാനി സാധിച്ചെടുത്തു. വായിക്കുക ജൂലൈ 6ന് നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.

“10 മിനിറ്റില്‍ 68 പട്ടിയെ തിന്ന് ലോകറെക്കോഡ്

ന്യൂയോര്‍ക്ക്: പത്തു മിനിറ്റിനുളളില്‍ 68 നായകളെ തിന്ന് അമേരിക്കക്കാരന്‍ ലോകറെക്കോഡ് സ്ഥാപിച്ചു. അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ഷിക മത്സരത്തിലാണ് ജോയ് ചെസ്റ്റ്നട്ട് എന്ന 25കാരന്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്.
ഇരുപതിനായിരം ഡോളര്‍ സമ്മാനത്തുകയുളള പട്ടി തീറ്റ മത്സരം ന്യൂയോര്‍ക്കിലെ കോണി ദ്വീപിലാണ് നടന്നത്. ചെസ്റ്റ്നട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇത്. കഴിഞ്ഞ വര്‍ഷം 66 പട്ടികളെ അകത്താക്കിയാണ് കിരീടം ചൂടിയത്. അറുപത്തിനാലരപ്പട്ടികളുടെ മാംസം ഭക്ഷിച്ച് ജപ്പാന്‍കാരന്‍ ടകേരു രണ്ടാം സ്ഥാനത്ത് എത്തി…”

ദേശാഭിമാനിയില്‍ ജൂലൈ 6ന് വന്ന വാര്‍ത്തയാണിത്. സ്വന്തം രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി 68 പട്ടികളെ 10 മിനിറ്റുകൊണ്ട് തിന്ന ഭീകരനാരാ? ഒരു അമേരിക്കക്കാരന്‍. സഖാവു പത്രക്കാരന്‍റെ ചോര തിളച്ചതും വാര്‍ത്ത ഒന്നാം പേജില്‍ വിത്ത് ഫോട്ടോ പ്രത്യക്ഷപ്പെട്ടതും സ്വാഭാവികം മാത്രം.

എന്നാ അമേരിക്കക്കാരന്‍ -പട്ടി-തീറ്റ തുടങ്ങിയ വാക്കുകള്‍ അടുത്തടുത്തു കണ്ടപ്പോള്‍ കാട്ടിയ ആവേശം കുറച്ചു കൂടിപ്പോയി. ഹോട്ട്‍‍ഡോഗ്സ് എന്നതിനര്‍ത്ഥം ചൂടുളളപട്ടിയെന്നല്ല ഭക്ഷണപദാര്‍ത്ഥത്തിന്‍റെ പേരാണ് എന്ന നേര് കുറച്ചു വൈകിയാണ് ദേശാഭിമാനി അറിഞ്ഞത്. അപ്പോഴേക്കും അച്ചടിച്ച പത്രം എത്തേണ്ടിടത്തെല്ലാം എത്തി.

കുറച്ചു നേരംവൈകിയാണെങ്കിലും നേര് അറിയിക്കാമെന്നു കരുതിയതു തന്നെ ദേശാഭിമാനിയാതുകൊണ്ടാണ്‍. ഒന്നാം പേജില്‍ വരുത്തിയ തെറ്റിനെ പിറ്റേന്ന് (ജൂലൈ 7ന്) ഏഴാം പേജില്‍ തിരുത്തി. എങ്ങനെയാണ് ഹോട്ട് ഡോഗ്സ് പാകം ചെയ്യുക. എവിടെയൊക്കെയാണ് ഇതിന് ജനപ്രീതിയുളളത്. എന്താണ് ഇതിന് പട്ടിയുമായുളള ബന്ധം എന്നതുവരെ ദേശാഭിമാനി നിര്‍വ്യാജം ഖേദിച്ചു കൊണ്ട് വിശദീകരിക്കുന്നു.

തിരുത്ത് പിറ്റേന്നത്തെ പത്രത്തില്‍ മാത്രമല്ല ഇ-പേപ്പറിലും വരുത്തിയിട്ടുണ്ട്. വളരെ നല്ലത്. ഇ-പേപ്പറില്‍ തിരുത്ത് വരുത്തിയതുകൊണ്ട് പേപ്പറിലെ തെറ്റ് മായില്ലല്ലോ? അറിയാതെ ആശങ്കപ്പെട്ടു പോകുന്നു ദേശാഭിമാനി ഒരറ്റത്തു നിന്ന് തെറ്റു തിരുത്തി തുടങ്ങിയോ?

കൂടുതല്‍ വായിക്കാന്‍ >>

No comments: