Monday, May 3, 2010

ഏതഹിംസയെക്കുറിച്ചാണു സര്‍ നിങ്ങള്‍ സംസാരിക്കുന്നത്?

irome1സുബിന്‍

"മണിപ്പൂരിലെ പട്ടാളനിയമം പിന്‍വലിക്കപ്പെടാതെ ഞാന്‍ എന്റെ മുടി കെട്ടില്ല, എണ്ണതേക്കില്ല, മുടീ ചീകില്ല, കണ്ണാടിനോക്കില്ല, ചെരിപ്പിടില്ല, ഒരിറ്റു ജലപാനമില്ല ഈ ഒമ്പത്‌ വര്‍ഷവുമവള്‍ സ്വന്തം പല്ല് തേച്ച്‌ കുലുക്കുഴിഞ്ഞിട്ടില്ല. ഒരിറ്റു വെള്ളമെങ്ങാനും ഇറങ്ങിപ്പോയാലോ? പഞ്ഞികൊണ്ടു പല്ലും മോണയും തുടയ്‌ക്കുകമാത്രം" ഇത് മണിപ്പൂരുകാരിയായ ഇറോം ചാനു ശര്‍മിളയുടെ പോരാട്ടജീവിതം. 2000 നവംബര്‍ അഞ്ചു മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുകയാണ് ശര്‍മിള.

കഴിഞ്ഞ ഒമ്പതുവര്‍ഷത്തിലേറെയായി നിരാഹാരസമരം വിജയകരമായി നടത്തുന്ന ശര്‍മ്മിളയെ മണിപ്പൂരിലെ ഭരണകൂടം എതിര്‍ക്കുന്ന രീതിയാണ് രസകരം. "ആത്മഹത്യാശ്രമം" എന്ന കുറ്റം ചുമത്തിയാണ് ശര്‍മ്മിളയെ അവര്‍ ജയിലിലടക്കുന്നത്. ഈ കുറ്റത്തിന് പരമാവധി ശിക്ഷ ഒരു വര്‍ഷമാണ്. അതുകൊണ്ട് ഓരോ വര്‍ഷം കഴിയുമ്പോഴും ശര്‍മ്മിള ജയില്‍മോചിതയാവും.

അടുത്ത ദിവസംതന്നെ ആത്മഹത്യക്ക് ശ്രമിച്ചു എന്ന കുറ്റത്തിന് വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടക്കും. ഇതിനിടക്ക് ഒരിക്കല്‍ പോലും അവര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. മൂക്കിലൂടെ നല്‍കുന്ന ആഹാരരൂപങ്ങളിലൂടെയാണ് ശര്‍മിളയുടെ ജീവന്‍ നിലനില്‍ക്കുന്നത്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയതെന്ന് വിശ്വസിക്കുന്ന നമ്മുടെ മാതൃരാജ്യത്ത് നടക്കുന്നതാണിത്.



സിവിക് ചന്ദ്രന്‍റെ മംഗളത്തിലെ കോളത്തിലാണ് ഇറോം ചാനു ശര്‍മ്മിള വിഷയമായിരിക്കുന്നത് > കോളത്തിലേക്ക്

"ഇന്ത്യയിലെ 20 സംസ്‌ഥാനങ്ങളിലെ 223 ജില്ലകള്‍ 'നക്‌സല്‍ബാധിത' പ്രദേശങ്ങളാണ്‌. സായുധ പരിശീലനം നേടിയ ഇരുപതിനായിരത്തോളം ഒളിപ്പോരാളികളാണ്‌ ഈ പ്രസ്‌ഥാനത്തിനുള്ളത്‌- ഭരണകൂടം സമ്മതിക്കുന്നു. സായുധ ഗറില്ലാ വിപ്ലവത്തിന്റെ ചോരയിറ്റുവീഴുന്ന മാവോയിസ്‌റ്റ് പാതകള്‍ മാത്രമല്ല ഇന്ത്യയിലുള്ളത്‌.

ഭരണകൂടത്തിന്റെ എത്ര പ്രകോപനങ്ങളുണ്ടായാലും ആയുധമെടുക്കുകയില്ല എന്നു ശഠിക്കുന്ന, ഹിംസ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ത്തന്നെ അത്‌ അപരനെതിരായിരിക്കില്ല, തങ്ങള്‍ക്കുതന്നെ എതിരായിരിക്കുമെന്നു ശഠിക്കുന്ന നൂറു കണക്കിനു ജനകീയ പ്രക്ഷോഭങ്ങളുണ്ട് നമ്മുടെ നാട്ടില്‍ ‌"

"എ.കെ. ആന്റണിയോ, ഒരു സ്‌ത്രീ ആയിട്ടും സോണിയാഗാന്ധിയോ ഇതുവരെ ഇറോം ശര്‍മിളയ്‌ക്കൊന്നു ഫോണ്‍ ചെയ്‌തു സംസാരിക്കുക എങ്കിലും ചെയ്‌തിട്ടില്ല. എന്ത്‌ അഹിംസയെ, ഏതഹിംസയെക്കുറിച്ചാണു സര്‍, നിങ്ങള്‍ സംസാരിക്കുന്നത്‌? രണ്ടു വര്‍ഷമായി ഒക്‌ടോബര്‍ രണ്ട്‌ ഗാന്ധിജിയുടെ ജന്മദിനം ഐക്യരാഷ്‌ട്രസംഘടനയുടെ നേതൃത്വത്തില്‍ ലോക അഹിംസാ ദിനമായാചരിച്ചു വരുന്നു.

irome2നമുക്കിടയിലെ ഒരു പെണ്‍കുട്ടി ഇതാ ഒമ്പതു വര്‍ഷമായി... തീവ്രവാദത്തെ, നക്‌സലിസത്തെ, അതിന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന നിലയില്‍ നേരിടണമെങ്കില്‍ എന്തുകൊണ്ടു തീവ്രവാദം എന്ന ചോദ്യം രാഷ്‌ട്രീയമായി അഭിമുഖീകരിക്കണം"

"എഴുപതുകളിലെ ബംഗാളില്‍, 'നക്‌സല്‍ബാരി'യുടെ ദിവസങ്ങളില്‍ കൊല്‍ക്കത്തയിലെ എല്ലാ വീടുകള്‍ക്കും പതിനാറിനും ഇരുപത്തഞ്ചിനുമിടയില്‍ പ്രായമുള്ള ഓരോരുത്തരെയെങ്കിലും നഷ്‌ടപ്പെട്ടു. മഹാശ്വേതാദേവി ചോദിക്കുന്നു: എന്തേ നമ്മുടെ മക്കള്‍? എന്താണു നമുക്കവരെ മനസിലാക്കാന്‍ കഴിയാതെ പോകുന്നത്‌? എന്തൊരു തരം അച്‌ഛനമ്മമാരാണ്‌ നമ്മള്‍?"

സിവിക് ചന്ദ്രന്‍റെ കോളത്തില്‍ (നാനാര്‍ത്ഥങ്ങള്‍ -ഇറോം ശര്‍മിളയെ എ.കെ. ആന്റണിക്കറിയില്ല അതിനാല്‍... ) വായിച്ചതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായത്.

ബര്‍ദന് കത്തെഴുതിയ ബിനോയ് വിശദീകരിക്കണം

വന്‍കിടവ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടു സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദനു കത്തെഴുതിയ വനംമന്ത്രി ബിനോയ് വിശ്വത്തോടു വെളിയം ഭാര്‍ഗവന്‍ വിശദീകരണം തേടി. തീര്‍ച്ചയായും വെളിയത്തിന് അതിനുളള അര്‍ഹതയുണ്ട്.

ഒരുവര്‍ഷം മുമ്പ് എഐടിയുസി സമ്മേളനത്തില്‍ സെസിനെതിരെ ആഞ്ഞടിച്ച അതേ വെളിയം തന്നെയാണ് പിറ്റേന്ന് വെളിവു നഷ്ടപ്പെട്ടവനെപ്പോലെ എന്തെതിര്‍പ്പ് ഏതെതിര്‍പ്പ് എന്ന് പുലമ്പിയത്. ബിനോയ് വിശ്വത്തിന്‍റെ കത്തിലെഴുതിയിരിക്കുന്നതിനെ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത് ഇപ്രകാരമാണ്.

"ബര്‍ദന്‍ തന്നെ നടത്തിയ സി. അച്യുതമേനോന്‍ സ്മാരക പ്രഭാഷണത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചാണു ബിനോയിയുടെ കത്ത്. കൃഷിഭൂമി ഒരു കാരണവശാലും വ്യവസായങ്ങള്‍ക്കും മറ്റു വികസന പദ്ധതികള്‍ക്കും വേണ്ടി വിനിയോഗിക്കരുതെന്നു ബര്‍ദന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കര്‍ഷകരുടെ താല്‍പര്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പദ്ധതികള്‍ക്ക് അതിവേഗ അനുമതി സംവിധാനം നടപ്പാക്കുന്ന കാര്യം സിപിഐയിലും ഇടതു മുന്നണിയിലും ചര്‍ച്ച ചെയ്യുന്ന ഈ സമയത്തു സ്വന്തം സഖാക്കള്‍ക്കു പോലും തന്റെ അഭിപ്രായത്തോടു യോജിപ്പുണ്ടാവണമെന്നില്ലെന്നും ബിനോയ് കത്തില്‍ പറയുന്നു"-മനോരമ

"വന്‍കിട സ്വകാര്യ സംരംഭങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ഉന്നതതലങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് അനുഭവപ്പെടുന്നത്. സ്ഥലദൗര്‍ലഭ്യം ഏറെയുളള കേരളത്തില്‍ പാടശേഖരങ്ങളിലും പരിസ്ഥിതി പ്രാധാന്യമുളള സ്ഥലങ്ങളിലുമാണ് സ്വകാര്യ സംരംഭകര്‍ നോട്ടമിട്ടിട്ടുളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

കൊച്ചി വളന്തക്കാട് ദ്വീപില്‍ 5000 കോടി മുതല്‍മുടക്കില്‍ നിലവില്‍ വരുന്ന ശോഭ ഹൈടെക്ക് സിറ്റിയെ കുറിച്ച് കത്തില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. കൊച്ചിയുടെ ശ്വാസകോശമായ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചാല്‍ അത് പാരിസ്ഥിതിക ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്നും വേണ്ട ഉപദേശം തരണമെന്നും ബര്‍ദാനോട് വനം മന്ത്രി അദ്യര്‍ത്ഥിക്കുന്നു. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനും മറ്റു മന്ത്രിമാര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്"-മാധ്യമം

No comments: