Monday, May 3, 2010

മാധ്യമവിചാരം മാധ്യമത്തില്‍ പുനരവതരിച്ചു (ഒക്ടോബര്‍ 16)

sebastyan-pole-mസുബിന്‍

സെബാസ്റ്റ്യന്‍പോളിന്‍റെ മാധ്യമവിചാരണ മാധ്യമം പത്രത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നപേരില്‍ ‍പുനരവതരിച്ചു. എഴുത്തുകാരന്‍ സെബാസ്റ്റ്യന്‍പോളും വിഷയം മാധ്യമങ്ങളുമായതിനാല്‍ ഇന്നുമുതല്‍ തുടങ്ങുന്ന പ്രതിവാരകോളത്തിന്‍റെ പരസ്യത്തില്‍ 'മാധ്യമവിചാരം' എന്ന വാക്ക് ചേര്‍ത്തിട്ടുണ്ട്. ഒമ്പതുവര്‍ഷത്തോളം അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ കൈരളിയില്‍ അവതരിപ്പിച്ചിരുന്ന പരിപാടിയായ മാധ്യമവിചാരത്തെക്കുറിച്ച് വായനക്കാരന് വിചാരം വരുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന ബോധപൂര്‍വ്വമായ കൂട്ടിച്ചേര്‍ക്കല്‍.

ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന കോളത്തിന്‍റെ പരസ്യവാചകം ഇതാണ്." വാര്‍ത്താമാധ്യമങ്ങള്‍ . കണ്ണും കാതും കൂര്‍പ്പിച്ച് സമൂഹത്തിനുനേരെ പിടിച്ച കണ്ണാടികള്‍ . അവ തിരിച്ചു പിടിച്ചാല്‍ ... നിശിതമായൊരു മാധ്യമവിചാരം " മാധ്യമങ്ങള്‍ക്ക് ഒരു സദാചാരസംഹിത വേണോ എന്നതാണ് ശൂരതയോടെ ആരംഭിച്ചിരിക്കുന്ന കോളത്തിലെ ആദ്യ ലക്കത്തെ വിഷയം.

മാന്യമല്ലാത്തതോ സത്യമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകളുടെ പേരില്‍ പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥ ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന പോള്‍ ഒരു സദാചാരസംഹിത മാധ്യമങ്ങള്‍ക്ക് വേണമെന്നുതന്നെയാണ് കോളത്തില്‍ പറയുന്നത്. മലയാളത്തിലെഴുതുന്ന പത്രക്കാര്‍ക്ക് കാര്യമായി പരിചയമില്ലാത്ത ബിസിനസ് ജേര്‍ണലിസത്തിന്‍റെ ജീര്‍ണതകളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

ഒരു വാചകം ഫോര്‍ത്ത് എസ്റ്റേറ്റിലെ ആദ്യ ലക്കത്തില്‍ ആകര്‍ഷണീയമായി തോന്നി. "പോരായ്മകള്‍ വെളിപ്പെടുത്തുന്നവര്‍ സ്വന്തം പോരായ്മകള്‍ പരസ്യമാക്കാറില്ല". സ്വന്തം പോരായ്മകളെക്കുറിച്ച് ഉരിയാടാതെ മറ്റുളളവരുടെ പോരായമകളെക്കുറിച്ച് വര്‍ണ്ണിക്കുന്നതിന്‍റെ ഒരു സുഖം മാധ്യമപ്രവര്‍ത്തകര്‍ എല്ലാക്കാലത്തും അനുഭവിച്ചുപോന്നിട്ടുണ്ട്.

No comments: