Monday, May 3, 2010

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കു മനസില്ല (ഒക്ടോബര്‍ 23)

newsanalysis23സുബിന്‍

കോണ്‍ഗ്രസിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മറ്റുളള പാര്‍ട്ടികള്‍. ഈയൊരു ലക്ഷ്യത്തിനായി പോരാടുമ്പോള്‍ ഇടതു വലതു മുന്നണി വ്യത്യാസങ്ങളില്ല. മഹാരാഷ്‍‍ട്രയിലും അരുണാചല്‍ പ്രദേശിലും തിളക്കത്തിലും ഹരിയാണയില്‍ അത്ര തിളക്കമില്ലാതെയും കോണ്‍ഗ്രസ് ജയിച്ചതല്ലെന്നും മറ്റു പാര്‍ട്ടികള്‍ ഒറ്റക്കും കൂട്ടായും അവരെ ബലമായി വിജയിപ്പിച്ചതാണെന്നുമാണ് കേള്‍വി. കോണ്‍ഗ്രസിനെ ജയിപ്പിക്കാനുളള മറ്റു പാര്‍ട്ടികളുടെ കഴിവിനെ പത്രങ്ങള്‍ വാര്‍ത്തയിലോ ലേഖനത്തിലോ നല്‍കിയിട്ടുമുണ്ട്.

ഈ പോക്കുപോയാല്‍ കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ എതിരാളികള്‍ അവരെ ജയിപ്പിക്കാതെ വിടുമെന്നു തോന്നുന്നില്ല. അതിനുളള പണിയില്‍ ദേശാഭിമാനി ഇന്നും ഒരു കുറവും വരുത്തിയിട്ടില്ല. 'അരിയെത്ര? പയറഞ്ഞാഴി' എന്ന മട്ടിലുളള ദേശാഭിമാനിയുടെ മുഖംപ്രസംഗത്തിന്‍റെ തലക്കെട്ടുതന്നെ ഇങ്ങനെ 'ബിജെപിക്ക് തിരിച്ചടി കോണ്‍ഗ്രസിനും'. ഈ തിരഞ്ഞെടുപ്പ് തോല്‍വിയോടെ ദേശാഭിമാനിക്ക് വ്യക്തമായ മൂന്നുകാര്യങ്ങള്‍ മുഖപ്രസംഗത്തിലെഴുതിയിട്ടുണ്ട്

ഒന്ന്: ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി തുടര്‍ന്നും ലഭിച്ചിരിക്കുന്നു.

രണ്ട്: കോഗ്രസിന് ഒട്ടും മുന്നേറാനായിട്ടില്ലെന്നു മാത്രമല്ല, അതിന്റെ ജനപിന്തുണ ഇടിഞ്ഞിരിക്കയുമാണ്.

മൂന്ന്: കോഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയശക്തിയുടെ ഐക്യപ്പെടല്‍ അനിവാര്യമായിരിക്കുന്നു.

ഒരു സന്ദേശം നല്‍കിയാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം അവസാനിക്കുന്നത്. "ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികളുടെ ഏകോപനവും വര്‍ഗീയവിപത്തും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ജനവിരുദ്ധമുഖവും തുറന്നുകാട്ടിയുള്ള ജനമുന്നേറ്റവുമാണ് രാജ്യത്തെ രക്ഷിക്കാനുള്ള വഴി എന്നത് വീണ്ടും വീണ്ടും സ്പഷ്ടമാവുകയാണ്. അത്തരമൊരു മുന്നേറ്റത്തിന് നായകത്വം വഹിക്കാനാകുന്നത് ഇടതുപക്ഷത്തിനാണ്. ഈ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റേത്"

എന്തും എത്രയും എങ്ങനെയും എഴുതുന്ന കലാരൂപത്തിന്‍റെ പേരാണ് മുഖപ്രസംഗം. ഒരാഴ്ച്ചയോ മാസമോ വര്‍ഷമോ കഴിഞ്ഞാലും ചീഞ്ഞുപോവില്ല. ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പത്തോ നൂറോ കൊല്ലങ്ങള്‍ക്കു ശേഷവും ഇതേ മുഖപ്രസംഗം ദേശാഭിമാനിയില്‍ തന്നെ പ്രസിദ്ധീകരിക്കാം.

കേരളകൗമുദി ഒഴികെയുളള പത്രങ്ങളെല്ലാം ഇതേ വിഷയത്തിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നതും. കോണ്‍ഗ്രസിനോട് ഏറ്റവും വിനീതവിധേയരായി എഴുതിയിരിക്കുന്നത് മാതൃഭൂമിയും മലയാള മനോരമയുമാണ്. മാധ്യമമാകട്ടെ കോണ്‍ഗ്രസിന്‍റെ വിജയത്തെ തീവ്രഹിന്ദുത്വത്തിനേറ്റ തിരിച്ചടിയായാണ് വ്യാഖാനിച്ചിരിക്കുന്നത്.

മുഖപ്രസംഗങ്ങള്‍

വാര്‍ത്തയിലെ മികച്ച തലക്കെട്ട്- 'മൂന്നിടവും മൂവര്‍ണം' മാധ്യമം

ജയത്തിലും തോല്‍വി കണ്ടെത്തിയ തലക്കെട്ട്- 'ഹരിയാനയില്‍ തിരിച്ചടി മഹാരാഷ്‍‍ട്ര, അരുണാചല്‍ വീണ്ടും കോണ്‍ഗ്രസിന്'- ദേശാഭിമാനി

വീക്ഷണമാണോ എന്ന് ധരിച്ചുപോയാല്‍ കുറ്റം പറയാനാവാത്ത വിധത്തിലാണ് മാതൃഭൂമി തലക്കെട്ടില്‍ നിറങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. പുത്തനച്ചി പുരപ്പുറം തൂത്തില്ലെങ്കിലേ അത്ഭുതമുളളൂ.

_8

വോട്ടര്‍പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളെക്കുറിച്ച് ദേശാഭിമാനിയും മലയാള മനോരമയും പ്രത്യേക വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ദേശാഭിമാനി എറണാകുളത്തും മലയാള മനോരമ കണ്ണൂരുമാണ് ക്രമക്കേട് ആരോപിച്ചിരിക്കുന്നത്.

No comments: