Monday, May 3, 2010

വാര്‍ത്തകളില്‍ ‘ത്രേ’ നിറക്കുന്ന പത്രങ്ങള്‍ (ഡിസംബര്‍ 6) 2009

pathramസുബിന്‍

തീവ്രവാദി വാര്‍ത്തകള്‍ കൊടുമ്പിരികൊണ്ടതിനുശേഷം മലയാള പത്രങ്ങളില്‍ നിറയെ ‘ത്രേ’യാണ്. ഇനി ‘ത്രേ’ ഉപയോഗിച്ചു മടുത്താല്‍ സൂചന, അറിവായത്, അറിയാന്‍ കഴിഞ്ഞത്, കരുതപ്പെടുന്നു, ഒരു ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞത് തുടങ്ങി ഉറപ്പില്ലാത്ത കുറച്ച് വാചകങ്ങളുണ്ടല്ലോ. അതുകൊണ്ട് തൃപ്തിപ്പെടാം. വായനക്കാര്‍ക്ക് അറിയാന്‍ ഏറെ താത്പര്യമുളള വിഷയമാണ് മലയാളിയുടെ തീവ്രവാദിബന്ധം. വാര്‍ത്തകളില്‍ ഈ വിഷയം നിറയുമ്പോള്‍ പരമാവധി വിവരങ്ങള്‍ ചേര്‍ക്കാന്‍ പത്രങ്ങള്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ് ഈ ‘ത്രേ’ യുടെ തളളിക്കയറ്റം. തെറ്റായ വാര്‍ത്തകളില്‍ നിന്നും രക്ഷപ്പെടാനുളള മുന്‍കൂര്‍ ജാമ്യം കൂടിയാണ് ഉറപ്പില്ലാതെ അവസാനിപ്പിക്കുന്ന ഇത്തരം വാചകങ്ങള്‍.
ഇന്നത്തെ പത്രങ്ങളിലെ ഉറപ്പില്ലാത്ത ചില ‘ത്രേ’ പ്രയോഗങ്ങള്‍.

  • നസീര്‍ ഉള്‍പ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങള്‍ക്ക് പാകിസ്താനില്‍ പലപ്പോഴായി പരിശീലനം ലഭിച്ചിരുന്നുവത്രെ.

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലപ്പുറം ചെട്ടിപ്പടി കോയസ്സന്‍കാനകത്ത് അബ്ദുല്‍ റഹീം എന്ന അഫ്താബും കൂട്ടത്തിലുണ്ടായിരുന്നത്രേ.

  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ യുവാക്കളുടെ വന്‍ശൃംഖല രൂപപ്പെടുത്താന്‍ സാധിച്ചെന്നും നസീര്‍ അവകാശപ്പെട്ടത്രേ.

  • ലഷ്കറെ തയിബയിലേക്കു കേരളത്തിനു പുറമേ, ബാംഗൂരില്‍നിന്നും ഹൈദരാബാദില്‍നിന്നും യുവാക്കളെ ചേര്‍ത്തിരുന്നതായി അറസ്റ്റിലായ ലഷ്കര്‍ ദക്ഷിണമേഖലാ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ കര്‍ണാടക പൊലീസിനോടു സമ്മതിച്ചതായി വിവരം.

  • 2008 ഫിബ്രവരിയില്‍ ഹൂബ്ലിയില്‍ പിടിയിലായ 'സിമി' പ്രവര്‍ത്തകന്‍ യഹ്യ കമ്മക്കുട്ടിയുമായും ബഷീറിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.


17 വര്‍ഷം മുമ്പത്തെ വാര്‍ത്ത എങ്ങനെ എക്സ്ക്ലുസീവാകും?

kk11ലിബര്‍ഹാന്‍ കമ്മിഷന്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് 'ക്ലീന്‍ചിറ്റ്' നല്‍കിയത് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) യുടെ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്നു നടിച്ചാണെന്ന് അറിവായെന്നത് എക്സ്ക്ലുസീവ് സീലടിച്ച് കേരളകൗമുദി നല്‍കി. കേരളകൗമുദിക്ക് ഈ വിവരം കിട്ടിയത് 17 വര്‍ഷം മുന്‍പത്തെ കേരളകൗമുദിയില്‍ നിന്നു തന്നെയാണ് എന്നതാണ് കൗതുകകരം.

കൗമുദി വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ "ബാബ്റി മസ്ജിദ് തകര്‍ക്കുമെന്ന് 1992 ഡിസംബര്‍ 1-ന് ഐ.ബി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോളെയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു". ഈ സംഭവം 1992 ഡിസംബര്‍ ഒന്നിന് കേരളകൗമുദി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ നിന്നും യുപിയുടെ അതിര്‍ത്തിയിലെത്താന്‍ റോഡുമാര്‍ഗ്ഗത്തില്‍ മുപ്പതുമിനിറ്റില്‍ താഴെ മാത്രം സമയമേ വേണ്ടൂ. ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും കര്‍സേവകര്‍ അയോധ്യയിലേക്ക് പ്രവഹിച്ചപ്പോഴും രാജ്യം സംഘര്‍ഷത്താല്‍ അസ്വസ്ഥാമായപ്പോഴും നമ്മുടെ പ്രധാനമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ല എന്നത് അപമാനകരംതന്നെയാണ്.

പതിനേഴ് വര്‍ഷം മുമ്പ് മാത്രമല്ല ഇന്നും പ്രാധാന്യമുളള വാര്‍ത്തയാണ് ഇത്. അതുകൊണ്ടുതന്നെ ആ വാര്‍ത്ത പുന:പ്രസിദ്ധീകരിക്കുന്നതും നല്ലകാര്യം തന്നെ. എന്നാല്‍ ഇതെങ്ങനെ കെ എസ് ശരത്‍‍ലാലിന്‍റെ പേരോട് കൂടിയ എക്ലുസീവ് വാര്‍ത്തയാവും ?

No comments: