Monday, May 3, 2010

മാതൃഭൂമിയില്‍ 'തര്‍ക്കമന്ദിരം' വീണ്ടും ബാബറി മസ്ജിദായി (നവംബര്‍ 27) 2009

untitled-41സുബിന്‍

ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നെഴുതിയത് മാതൃഭൂമി ഇന്ന് വീണ്ടും തിരുത്തി. ഡി ശ്രീജിത്തിന്‍റെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുളള ലേഖനത്തില്‍ ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരം എന്നാണ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് അത് വീണ്ടും ബാബറി മസ്ജിദ് എന്നാക്കിമാറ്റി. അതേസമയം കഴിഞ്ഞ ദിവസം തര്‍ക്കമന്ദിരമെന്ന് എഴുതിയത് എന്തെങ്കിലും തരത്തിലുളള പിഴവുകള്‍ മൂലമാണോ എന്നതിനെക്കുറിച്ച് ഒരുതരത്തിലുളള വിശദീകരണവും പത്രം നല്‍കിയിട്ടില്ല. ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്ന് വിശേഷിപ്പിക്കുന്നത് തങ്ങളുടെ പണി കൂടുതല്‍ എളുപ്പമാക്കുമെന്ന സംഘ്പരിവാര്‍ അജണ്ടയെക്കുറിച്ച് ധാരണയില്ലാത്തവരാകില്ല മാതൃഭൂമിയുടെ എഡിറ്റ്പേജ് നോക്കുന്നവര്‍ എന്നുതന്നെ കരുതുന്നു‍.
ആര്‍.എസ്.എസ്. അതിന്റെ രൂപവത്കരണകാലം മുതല്‍ ഹിന്ദുരാഷ്ട്രമെന്ന ആശയമുയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ വിഭാഗമായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നത് -ലിബര്‍ഹാന്‍

ഒറ്റനോട്ടത്തില്‍‌ ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നാമെങ്കിലും, വിഷയം മതവര്‍ഗ്ഗീയതയായതിനാല്‍ ഇതിലും ചെറിയ കാര്യങ്ങളിലും നമ്മള്‍ നിത്യ ജാഗ്രത്താവണം.സ്കൂളിലേക്ക് നടന്നുപോകുന്ന ഹിന്ദു പെണ്‍ക്കുട്ടിക്കില്ലാത്ത സ്കോളര്‍ഷിപ്പ് കാറില്‍ വരുന്ന മുസ്ലീം പെണ്‍കുട്ടിക്കുണ്ടെന്ന് പറഞ്ഞാണ് നമ്മുടെ നാട്ടിലും ഇത്തരക്കാര്‍ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകുന്നത്. ഒറ്റനോട്ടത്തില്‍ നിര്‍ദ്ദോഷമെന്ന് തോന്നുന്ന ഇത്തരം പ്രയോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മതാടിസ്ഥാനത്തിലുളള വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ്.
തര്‍ക്കമന്ദിരമെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മലയാള പത്രങ്ങളില്‍ വന്നതിലേക്കുവെച്ച് ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടാണ് ഡി ശ്രീജിത്തിന്‍റേത്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും രാഷ്ട്രീയവും റിപ്പോര്‍ട്ടിന്‍റെ ചില ഭാഗങ്ങളിലേക്ക് >>

"അയോധ്യാപ്രക്ഷോഭത്തെക്കുറിച്ചുള്ള അതിശയോക്തികലര്‍ന്ന പ്രചാരണം മാറ്റിനിര്‍ത്തിയാല്‍ സാധാരണജനങ്ങളുടെ -ഇടത്തരം ഹിന്ദുക്കളില്‍ നിന്നുപോലും- പിന്തുണയോ പൂര്‍ണമനസ്സോടെയുള്ള സഹകരണമോ ഇതിനു ലഭിച്ചിരുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍"

പുറത്തുനിന്ന് അയോധ്യയിലെത്തിയ കാര്‍സേവകര്‍ക്കും അവരുടെ നേതാക്കള്‍ക്കും താമസവും മറ്റു സൗകര്യങ്ങളും ഇവര്‍ മുന്‍കൂട്ടി ഒരുക്കിയിരുന്നു. ടെന്റുകളില്‍ താമസിപ്പിച്ചതും ഭക്ഷണം വിതരണം ചെയ്തതും അങ്ങനെയായിരുന്നു. 1992 ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ ഈ സൗകര്യങ്ങള്‍ നല്കുകയും ദിവസവുമുള്ള പൊതുയോഗങ്ങള്‍ വഴി കാര്‍സേവകരുടെ ആവേശം കെടാതെ സൂക്ഷിക്കുകയും ചെയ്തു.

ഇതിനെല്ലാമുള്ള പണം വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുടെയും പേരില്‍ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്നുകൊണ്ടിരുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്രോതസ്സുകളില്‍നിന്നു മാത്രമല്ല, കൃത്യമായ ബാങ്ക് അക്കൗണ്ടുകളിലൂടെയും വന്‍തുകകളുടെ വിനിമയം നടന്നു"

"ഒരുചെറിയ വിഭാഗം കാര്‍സേവകരാണ് തകര്‍ക്കല്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ അകത്തേക്കു കയറിയാല്‍ പ്രശ്‌നമാകും എന്നിരിക്കെ, കുറച്ചു പേര്‍ അകത്ത് കയറിയതും മകുടത്തിനു താഴെനിന്ന പണപ്പെട്ടിയും മറ്റിടങ്ങളിലെ പ്രതിമകളും മാറ്റിയതും അതിവേഗത്തില്‍ താത്കാലിക ക്ഷേത്രം അവിടെ പണിതതും അതികൃത്യമായ മുന്‍കൂര്‍ പദ്ധതിയുടെ പരിണാമമാണ് അവിടെ കണ്ടത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു"

No comments: