Monday, May 3, 2010

പിതൃശൂന്യ പ്രാദേശികവാര്‍ത്തകള്‍ (നവംബര്‍ 28) 2009

mm3സുബിന്‍

ന്ധ്യംകരണ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച 23 സ്ത്രീകളെ ശസ്ത്രക്രിയാ ഉപകരണമില്ലെന്ന കാരണത്താല്‍ ആറുമണിക്കൂര്‍ മയക്കിക്കിടത്തിയതാണ് മലയാള മനോരമയിലെ പ്രധാനവാര്‍ത്ത. വാര്‍ത്തയുടെ മൂല്യമറിഞ്ഞ് നല്‍കാനുളള മനോരമയുടെ മിടുക്ക് അഭിനന്ദിക്കേണ്ടതാണ്. അതേ സമയം എത്രവലിയ വാര്‍ത്തയായാലും നല്‍കിയത് പ്രാദേശിക ലേഖകനാണെങ്കില്‍ ഒരു കാരണവശാലും പേര് നല്‍കില്ലെന്ന മോശം നിലപാടിന്‍റെ ഉദാഹരണം കൂടിയാണ് ഈ വാര്‍ത്ത. 'സ്വന്തം ലേഖകന്‍' എന്ന സ്ഥിരം പേരാണ് മനോരമ ഈ പ്രാദേശിക ലേഖകനും ചാര്‍ത്തി നല്‍കിയിരിക്കുന്നത്.

മെട്രോ മനോരമയില്‍ സിറ്റിസന്‍ ജേര്‍ണലിസ്റ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ വാര്‍ത്താരൂപത്തിലാക്കി അവരുടെ അഡ്രസും വേണ്ടിവന്നാല്‍(നാലുകോപ്പി കൂടുതല്‍ ചിലവാകുമെങ്കില്‍) ഫോട്ടോയും നല്‍കാന്‍ മടിക്കാത്ത പത്രമാണ് മനോരമ. പ്രാദേശിക ലേഖകരുടെ പ്രാധാന്യമുളള വാര്‍ത്തകള്‍ക്കെങ്കിലും ലേഖകന്‍റെ പേര് നല്‍കി അവരെ അവഗണിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.

ശസ്ത്രക്രിയക്കുവേണ്ടി മയക്കിക്കിടത്തിയതിനുശേഷമാണ് ശസ്ത്രക്രിയക്കുളള ഉപകരണങ്ങളില്ലെന്ന് കണ്ടെത്തിയത് എന്നത് തികഞ്ഞ അനാസ്ഥയുടെ ഉദാഹരണമാണ്. അധികൃതര്‍ തമ്മിലുളള ആശയവിനിമയത്തിലെ തകരാറാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് ഡിഎംഒയുടെ വിശദീകരണം.

No comments: