Monday, May 3, 2010

ബാല്‍ താക്കറെ എന്ന 'ആട്' കടുവയായ കഥ(നവംബര്‍ 17) 2009

16സുബിന്‍

മറാത്തി പോലെ ഇംഗ്ലീഷ് വഴങ്ങാത്തതുകൊണ്ടാണ് ബാല്‍താക്കറെ മറാത്തി ഭാഷയില്‍ 'മാര്‍മിക്' എന്ന കാര്‍ട്ടൂണ്‍ മാസിക തുടങ്ങുന്നത്. ആദ്യലക്കങ്ങളില്‍ നിര്‍ദ്ദോഷകരമായ ലേഖനങ്ങളും വരകളും കൊണ്ടാണ് മാര്‍മിക് നിറഞ്ഞിരുന്നത്. യാദൃശ്ചികമായി ആരോ അയച്ച ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതോടെ പോട്ടിത്തെറികള്‍ തുടങ്ങി.

ബൊംബെയിലെ മുന്തിയ വ്യവസായസ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നത് തെക്കേ ഇന്ത്യയില്‍ നിന്നു കുടിയേറിയവരാണെന്നായിരുന്നു ലേഖനത്തിന്‍റെ സാരം. തുടര്‍ ലക്കങ്ങളില്‍ വന്ന പരമ്പര പ്രകമ്പനം കൊളളിക്കുന്നതായിരുന്നു. ലാര്‍സണ്‍ ട്രൂബോ, റിച്ചാര്‍ഡ്സണ്‍ ക്രൂഡാസ്, ഗ്ലാക്സോ, ഫൈസര്‍ എന്നിങ്ങനെയുളള വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായ തെക്കേഇന്ത്യക്കാരുടെ പേരുവിവരങ്ങളും ശമ്പളസ്കെയിലുകളും കുടുംബവിവരങ്ങളും എല്ലാം രേഖപ്പെടുത്തിക്കൊണ്ടുളള ലിസ്റ്റുകള്‍ 'മാര്‍മിക്കി'ല്‍ പ്രത്യക്ഷപ്പെട്ടു. സ്ഥലവാസികള്‍ക്ക് ലഭിക്കേണ്ട ജോലികളാണ് അന്യസംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നതെന്നു പറയാനും മാര്‍മിക്ക് മടിച്ചില്ല.
‘മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്കും കശ്മീര്‍ കശ്മീരുകാര്‍ക്കുമെങ്കില്‍ ഇന്ത്യക്കാരന്റെ ഇന്ത്യയെവിടെ?

'മാര്‍മിക്ക്' അഴിച്ചുവിട്ട സേനാനികള്‍ ട്രേഡ് യൂണിയന്‍ ശല്യക്കാരെ അടിച്ചമര്‍ത്താന്‍ പറ്റിയ ആയുധമാണെന്നു മനസിലാക്കിയ വ്യവസായികള്‍ താക്കറെക്ക് പിന്തുണ നല്‍കി. അങ്ങനെ അങ്ങനെ ബാല്‍താക്കറെ എന്ന ആട് കടുവയായി മാറി. ശിവസേനക്ക് സ്വന്തമായി സാമ്ന എന്ന മുഖപത്രമുണ്ടായി. അതിലൂടെ കടുവ ഇടക്കിടക്ക് പ്രാദേശികഗര്‍ജ്ജനം നടത്തി. തിരഞ്ഞെടുപ്പുകളായിരുന്നു ഗര്‍ജ്ജനങ്ങള്‍ക്കു പിന്നിലെ പ്രധാന ചോദന.

കാലം മാറി, ഇപ്പോള്‍ കടുവ ആടിലേക്ക് തിരിച്ചുളള പ്രയാണത്തിലാണെന്ന് ധരിച്ചിരിക്കുമ്പോഴാണ് ഒരു മുരള്‍ച്ച വരുന്നത്. അതിങ്ങനെ, ''സച്ചിന്‍ ക്രിക്കറ്റ് പിച്ചില്‍ ശ്രദ്ധവെച്ചാല്‍ മതി. രാഷ്ട്രീയം കളിക്കേണ്ട. വര്‍ഷങ്ങളെടുത്ത് ക്രിക്കറ്റില്‍ നിന്ന് നേടിയ ആദരവ് രാഷ്ട്രീയ പിച്ചില്‍ കളയരുത്. 105 മറാത്തികള്‍ ജീവന്‍ ബലിനല്‍കി മുംബൈയെ മഹാരാഷ്ട്രയോട് ചേര്‍ക്കുമ്പോള്‍ സച്ചിന്‍ ജനിച്ചിട്ടില്ല.

'താങ്കള്‍ രാജാവിനെ പോലെ കളിക്കുകയും ധനികനായി തീരുകയും ചെയ്തു. അതിലാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, ഒരു വാര്‍ത്താസമ്മേളനത്തില്‍ താങ്കള്‍ പറഞ്ഞത് മറാത്തി എന്നതിനെക്കാള്‍ ഇന്ത്യക്കാരന്‍ എന്നതിലാണ് അഭിമാനിക്കുന്നതെന്നാണ്. ഇത് മറാത്തികളെ വേദനിപ്പിച്ചു. എന്തായിരുന്നു ഇതിന്റെ ആവശ്യം. താങ്കള്‍ മറാത്തികളുടെ മനസ്സില്‍ നിന്ന് റണ്ണൗട്ടായിരിക്കുന്നു''-സാമ്നയുടെ മുഖപ്രസംഗത്തിലായിരുന്നു ബാല്‍ താക്കറെയുടെ ഈ എഴുത്ത്.

സച്ചിന്‍ അഭിമുഖത്തില്‍ പറഞ്ഞത് ''ഞാന്‍ ഇന്ത്യക്കാരനാണ്. മുംബൈ ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ട് മുംബൈ ഓരോ ഇന്ത്യക്കാരന്‍റേതാണ്. ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു " ഇതാണത്രേ ബാല്‍ താക്കറെയെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് സാമ്നയുടെ ഒന്നാം പേജില്‍ താക്കറെ പേരുവെച്ച് എഴുതിയത്.

രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും ഈ പ്രാദേശികതാ വാദത്തിനെതിരെ പ്രതികരണങ്ങളുണ്ടായെങ്കിലും ശശി തരൂരിന്‍റെ ട്വീറ്റ് മികച്ചു നില്‍ക്കുന്നു. 'മഹാരാഷ്ട്ര മഹാരാഷ്ട്രക്കാര്‍ക്കും കശ്മീര്‍ കശ്മീരുകാര്‍ക്കുമെങ്കില്‍ ഇന്ത്യക്കാരന്റെ ഇന്ത്യയെവിടെ? പ്രാദേശിക വിഭാഗീയതകള്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനു ഭീഷണിയാണ്' നല്ലൊരു ട്വീറ്റ് വന്നപ്പോള്‍ ആര്‍ക്കും വേണ്ട. അപ്പോഴും തരൂര്‍ ആരായി?

* വിവരങ്ങള്‍ക്കും തലക്കെട്ടിനും ടിജെഎസ് ജോര്‍ജ്ജിന്‍റെ 'ഘോഷയാത്ര' എന്ന പുസ്തകത്തോട് കടപ്പാട്

No comments: